രാത്രി...
ആകാശക്കുപ്പായം തുന്നിക്കൂട്ടി
നഗ്നത മറയ്ക്കുന്ന വിരഹി.
സ്വപ്നം മറന്നുപോയ
വിധേയരുടെ വേനല്‍ക്കൂടാരത്തില്
പുറത്തേക്ക് പായും മിഴിയില്‍
അകക്കാമ്പിന്റെ ചൊല്‍ക്കാഴ്ചകളായ്
ഓര്‍മ്മത്താളുകളിലൂടെ ഞാന്‍.
അഴയില്‍ തൂങ്ങുന്നതെല്ലാം
മരിച്ചവരുടെകുപ്പായങ്ങള്‍.
അളവുകള്‍ ചിലത് - ഏറിയും കുറഞ്ഞും
നിറങ്ങള്‍ പലത് - കടുത്തും വിളര്‍ത്തും
ആകൃതിയൊഴിഞ്ഞ ശ്വസനാവേഗങ്ങള്‍
ആഴം തിരയുന്ന പുരാവൃത്തങ്ങള്‍.
ജന്മിയപ്പൂപ്പന്റെ ചാരുകസാലയില്‍
ജരാനരകളിലൊടുങ്ങിയ മാതുലവിപ്ലവം
ഏക്കേജി, എമ്മെന്‍, ഈയെമ്മസ്,
കേപ്പീയാര്‍, കുന്നിക്കല്‍, മജൂംദാര്‍!
കുളയട്ടയെപ്പോലെ ചീര്‍ത്തുതൂങ്ങിയ
ചൂണ്ടുവിരലിലെ നീളന്‍ അരിമ്പാറ
മൂത്താശാരിയുടെ ഉളിമുനയാല്‍
പല്ലിവാലായി വീണുപിടച്ച ഓപറേഷന്‍!
അനിയന്റെ സിവില്‍ സര്‍വ്വീസ് പഠനക്കുറിപ്പുകള്‍,
ഇരുചക്രശകടമായ് സാഹസാന്ത്യം.
ദൈവങ്ങളുടെ കുംഭഗോപുരങ്ങള്‍ക്കപ്പുറത്ത്
തലയറ്റലയും പിതൃപ്രാര്‍ത്ഥനകള്‍.
പെയ്തും തപിച്ചും,
പൂവിട്ടു കൊഴിഞ്ഞും കാലം.
ശൂന്യമായ വേദിയില്‍ ഒറ്റയാള്‍വേഷമായി
മിശ്രാഭിനയം നടത്തുന്ന കോമാളി നീ...
നീയെന്ന് വിദൂഷകവചനം.
മണങ്ങളിലൂടെ ...
വിയര്‍പ്പും ബീഡിയും വെറ്റിലപ്പാക്കും
അറ്റുതൂങ്ങിയ വിരലിന്റെ ചുവന്ന ചിരിയും
കുപ്പായങ്ങളിലേറി പുനര്‍ജ്ജനിയായി
ജാഥാംഗങ്ങളുടെ ആവേശമായി
ഇന്നും മായാതെ!
പാകമാകാത്ത കുപ്പായത്തിന്റെ
പൊട്ടിയടര്‍ന്ന സ്വര്‍ണ്ണക്കുടുക്കുകളില്‍
സ്നേഹവും സ്വാതന്ത്ര്യവും വായിച്ചെടുക്കുന്നു
രാത്രിയും ഞാനും നിങ്ങളും.
അതാ...
കുപ്പായങ്ങളുടെ ശൂന്യതയിലേക്ക്
അവര്‍ തിരികെ പ്രവേശിക്കുന്നതു കണ്ടില്ലേ?
000
2 comments:
'അതാ.. കുപ്പായങ്ങളുടെ ശൂന്യതയിലേക്ക് അവര്‍ തിരികെ പ്രവേശിക്കുന്നതു കണ്ടില്ലേ?'
കുപ്പായങ്ങള്‍ (കവിത)
നല്ല കവിത!
Post a Comment