Sunday, August 30, 2009

ഓണക്കാഴ്ചകള്‍

തെക്കുപുറത്തെ ചുടലത്തെങ്ങിന്‍
നെറുകയിലാദ്യം പൊട്ടിവിടര്‍ന്നൊരു
പൂങ്കുല നറുചിരി തൂകുമ്പോള്‍
ഓര്‍ക്കുന്നു ഞാന്‍ മുത്തശ്ശിയെ.

ചക്കരമാവിന്‍ ചായും ചില്ലയില്‍
ഒത്തിരിയാമോദങ്ങള്‍ നിറയ്ക്കും
പൂത്തിരി നെയ്ത്തിരിയുഴിയുമ്പോള്‍
കൈനീട്ടുന്നു മുത്തശ്ശന്‍.

കാവില്‍ കളമെഴുതുന്നൊരുഷസ്സില്‍,
കാവടിയാടും മുകിലിന്‍ വില്ലില്‍,
ചിന്നും മഴയുടെ മുദ്രക്കൈയില്‍,
ചൈത്രസുഗന്ധം പൊഴിയുമ്പോള്‍
പാലമൃതുണ്ട ദിനങ്ങളില്‍ നിന്നൊരു
താരാട്ടായെന്‍ പെറ്റമ്മ.

പാറയുടയ്ക്കും വേര്‍പ്പില്‍ പേശികള്‍
നൊന്തുനുറുങ്ങുമൊരുച്ചക്കൊടുവെയില്‍,
എല്ലാക്കൈകളുമൊത്തുപിടിച്ചൊരു
മലയെ വരുതിയിലാക്കും കനവില്‍...
ഇരുളിന്‍ പൂച്ചകള്‍ പെറ്റുകിടക്കും
മിഴികളിലൊക്കെ വെളിച്ചം പകരാന്‍...
മുഷ്ടിബലത്തിന്‍ ചെന്തീക്കതിരാല്‍
ഉല്‍സവമേളം മണ്ണിലുണര്‍ത്താന്‍
സങ്കല്‍പ്പങ്ങള്‍ പകര്‍ന്നേ പോയൊരു
സ്വപ്നം പോലെന്‍ പൊന്നച്ഛന്‍.

തൂശനിലത്താളില്‍ പൗര്‍ണമി തന്‍
തുമ്പച്ചോറ് നിറയ്ക്കും രാവില്‍
പെട്ടെന്നെന്തേ കൂറ്റന്‍ വാവല്‍-
ച്ചിറകുകളാല്‍ ദുര്‍മൃത്യു പതുങ്ങീ
ചെറ്റും ദയയില്ലാത്തൊരു വിധിയായ്
കുഞ്ഞനിയന്റെ കൊലച്ചോറുണ്ടു?

പാടവരമ്പില്‍ കാറ്റിന്‍ കൈവിരല്‍
കൈതക്കൂമ്പ് തുറക്കുമ്പോള്‍
കണ്ണുകള്‍ പൊത്തിയടുത്തമരുന്നെന്‍
കണ്മണിയുടെ കവിള്‍ പൂക്കുമ്പോള്‍
കാണാക്കനവിന്‍ തോണിയിലാരേ
മോഹപ്പുഴയില്‍ നീന്തുന്നു?

എല്ലാരും ചേര്‍ന്നൊരുനാളെന്നില്‍
സന്‍ചിതസ്നേഹം പകരുമ്പോള്‍
നിലാവായ്, വെയിലായ്, താളപ്പൊയ്ത്തില്‍
നെഞ്ഞ്ചുരുകുന്നൊരു കണ്ണീര്‍ക്കനവായ്
പിന്‍വഴിയെല്ലാമലയാന്‍ വെമ്പു-
മൊരാത്മവിഷാദം പൊന്നോണം.

2 comments:

മറ്റൊരാള്‍ | GG said...

:)

വയനാടന്‍ said...

വിഷാദം മനസ്സിലാക്കുന്നു സുഹ്രുത്തേ.
എങ്കിലും നമുക്കീ ഓണം ആഗ്കോഷിക്കാം
ഓണാശംസകൾ