കണ്ടിട്ടുണ്ടോ?
തുറിച്ച കണ്ണുകളിലെ മരണഭീതി
തുണിക്കറുപ്പാല്‍ മൂടപ്പെടുന്നത്?
കുരുക്കുവൃത്തത്തിനകത്തെ ലോകം...
ഇളം പച്ച, മഞ്ഞ, കുങ്കുമം, ചുവപ്പ്...
ഒടുവില്‍ എല്ലാം ഇരുട്ടാകുന്നത്.
കേട്ടിട്ടുണ്ടോ?
സമയം സൂചിമുനയാകുമ്പോള്‍
കഴുത്തു മുറിയുന്ന നേര്‍ത്ത ശബ്ദം.
പാതിയില്‍ നിലച്ച സൈറണ്‍ പോലെ
കുരുതിമൃഗത്തിണ്റ്റെ നിലവിളി.
നുണഞ്ഞിട്ടുണ്ടോ?
കാട്ടരുവിയുടെ കണ്ണീര്‍പോലെ
പൊള്ളുന്ന ചോരയിലെ ഉപ്പ്.
കണ്‍കുഴിയില്‍ വിളഞ്ഞ ചിപ്പിയിലെ
കരിഞ്ഞ മാംസത്തിണ്റ്റെ കയ്പ്പ്.
മണത്തിട്ടുണ്ടോ?
വെടിമരുന്നിണ്റ്റെ കരിമ്പുകയില്‍
തീയലകള്‍ നിലയ്ക്കുമ്പോള്‍
എല്ലിന്‍കൂട് പോലും ശിഷ്ടമാക്കാത്ത
ചാവേറിണ്റ്റെ പ്രതീകാത്മക സ്വപ്നം.
തൊട്ടിട്ടുണ്ടോ?
പ്രണയത്തിണ്റ്റെ ഇതളുകളിലെ മഞ്ഞ്,
തിരസ്കാരത്തിണ്റ്റെ കൊടുമുള്ളുകള്‍,
അസ്തമിക്കുന്ന മൊഴികളിലെ സൂര്യന്‍,
ഇടറുന്ന ഒരുതുള്ളി ബാഷ്പം.
അറിഞ്ഞിട്ടുണ്ടോ?
ജീവവൃക്ഷത്തിണ്റ്റെ തായ്ത്തടിയില്‍
അധികാരത്തിണ്റ്റെ മഴുക്കേളികള്‍.
തലച്ചോറിണ്റ്റെ കോടിശിഖരങ്ങളി
ജനിതകവ്യാധിയുടെ മൃതികീടങ്ങള്‍.
ഇല്ല, ഒന്നും ഉണ്ടായിട്ടുണ്ടാവുകയില്ല!
അല്ലെങ്കില്‍...
ആരെങ്കിലും...
തുറന്നുപിടിച്ച ഹൃദയത്തിലെ ഈ കൊടുങ്കാറ്റ്
മുരളുന്നതെങ്കിലും അറിയാതിരിക്കുമോ?
സുഖാനുഭവങ്ങളുടെ മരവിപ്പില്ലാത്ത
ഇന്ദ്രിയങ്ങള്‍ തുറന്നുവെച്ചാല്‍
അപ്രിയസത്യങ്ങളുടെ കരിങ്കവിത
അണുമാത്രയില്‍ പുഷ്പിക്കും.
അതാണല്ലോ ആര്‍ക്കും അറിയാത്തത്!
***
2 comments:
yes aarum ariyathe poyathu ... good sivetta ... all the best
കേട്ടിട്ടുണ്ടോ?
സമയം സൂചിമുനയാകുമ്പോള്‍
കഴുത്തു മുറിയുന്ന നേര്‍ത്ത ശബ്ദം.
പാതിയില്‍ നിലച്ച സൈറണ്‍ പോലെ
കുരുതിമൃഗത്തിണ്റ്റെ നിലവിളി....
നല്ല വരികൾ സുഹ്രുത്തേ
Post a Comment