ഇരുള്‍ കിതയ്ക്കും വിഹാരമീ ജീവിതം.
അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
പുരാണദേവാലയ സ്തുതികളുണ്ടോ?
മനസ്സു തുറന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
മൊഴിമരങ്ങള്‍ വിളിക്കുന്നു
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പാട്ടുകള്‍ പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശി തന്‍ പഴങ്കഥകളും
വയലളന്നേ നടക്കുന്നു...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?
വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
ആള്‍ത്തിരക്കറിയുമെന്നാല്‍ അലിഞ്ഞതില്‍ മായുവാന്‍
കൊതിയെഴാത്തതാം ഏകാന്തമാനസം.
തകില് തെന്‍പാണ്ടിമേളം കൊഴുക്കുന്നു
മയില് പഞ്ചാരി തുള്ളിത്തകര്‍ക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായ് മൊത്തിക്കുടിക്കുന്നു.
നിറയുമേതോ വിഷക്കോപ്പ തന്നുനീ
വിരഹിയെന്നെയുപേക്ഷിച്ചു പോകയോ...
സഹനചന്ദ്രികേ നിന്നെത്തിരഞ്ഞു ഞാന്‍
മൃതിവനത്തിന്നതിര്‍ത്തി താണ്ടുന്നുവോ?
എവിടെയായിരുന്നാലും തടങ്കലില്‍
എരിയുമുള്ളം കുരുന്നിലക്കൂമ്പു പോല്‍.
അതിനു സാന്ത്വനമാര്‍ പകര്‍ന്നേകുമെ-
ന്നലയുവാന്‍മാത്രമെണ്റ്റെ തീര്‍ത്ഥാടനം.
ഇനി വിലാസം കുറിക്കുവാനി,ല്ലഹം
കപടനൃത്തച്ചുവടിളക്കുന്നൊരീനിമിഷവും കൂടി മായട്ടെ... !
ആരൊരാള്‍ കുതിരമേലെറിയെത്തുവാന്‍
ശിഷ്ടമീ കുരുടജന്‍മം തിരിച്ചെടുത്തീടുവാന്‍?
*****
2 comments:
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
------- വീട്ടുതടങ്കല്‍ (കവിത)
ആരെങ്കിലും എത്തുമായിരിക്കുമോ ആവോ???
തിരികെയെത്തുമ്പോള്‍ ഒരു കൂട് അവശേഷിക്കുമോ???
Post a Comment