കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്!
Monday, December 22, 2008
(കവിത): മണ്‍വാക്ക്
മെല്ലെ നടക്കണം...
മുറുകെ പിടിച്ചോളൂ.
പുറത്തിറങ്ങിയാല്‍ ടാക്സി കിട്ടാം...
പരിചിതര്‍ കാണാതിരുന്നാല്‍
അപകടമില്ലെന്ന് കരുതാം.
ലിഫ്റ്റിനുള്ളില്‍ എന്തൊരു ഗന്ധമാണ്!
അറവുകാരന്റെ പീടികയില്‍
മുറിഞ്ഞു തൂങ്ങിയ നട്ടുച്ചപോലെ.
(അവിടെയും ഇവിടെയുമായി
ചിതറിയ മാംസത്തുണ്ടുകള്‍
കഴുകിത്തുടയ്ക്കാനും വേണമല്ലോ
കുറെ സാവകാശം.)
എന്തിനായിരുന്നു കുഞ്ഞേ
വ്യഥിതയായി നീയിങ്ങനെ?
പപ്പ അറിയരുത്...
കൂട്ടുകാരും... നാട്ടുകാരും!
ഉള്ളില്‍വച്ചേ ഉടഞ്ഞുപോയ
ഒരു രഹസ്യവാക്കായി
ഇത് നമ്മില്‍ മാത്രം.
അവനല്ലേ...
ഓടിക്കിതച്ചെത്തുന്നത്?
മിണ്ടാന്‍ നില്‍ക്കണ്ട.
എല്ലാം ഇവിടെ ഒടുങ്ങണം.
ഒരു കരയില്‍മാത്രം തൊടുന്ന
പാലം ആര്‍ക്കുവേണ്ടി?
വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍
എവിടെപ്പോയിരുന്നു?
ചോരപുരണ്ട അയസ്കാന്തം
വിറയ്ക്കുന്ന കണ്ണുകളാല്‍
ഇങ്ങനെ നീയെന്നെ നോക്കരുത്.
ഉടലാകെ ഉരുകിപ്പോകുന്നു.
ലോഹമില്ലാത്ത പരിസരങ്ങളില്‍
ട്രാഫിക്ജാമിലായ യന്ത്രങ്ങള്‍
പരസ്പരം ഓര്‍മ്മിപ്പിക്കുന്നു:
'ഒരു പൂച്ചെണ്ട്
ആദ്യചുംബനം
ദീപ്തരതിയുടെ രാവ്
ഇലകൊഴിച്ച ഋതുവിന്
നിലാവിന്റെ പാരിതോഷികം.'
എതിര്‍ദിശയിലേക്കുള്ള ഇരമ്പലായി
ടാക്സി പാഞ്ഞതോടെ
അവനിലേക്ക് കരിമേഘങ്ങള്‍ പെയ്തു.
മണ്ണിലേക്ക് തളര്‍ന്നിരുന്നപ്പോള്‍
അന്നനാളത്തില്‍ കുരുങ്ങിപ്പോയ
തീരെ മൃദുവായ കുഞ്ഞുവിരലുകള്‍
വിടര്‍ന്ന മുള്‍ച്ചെണ്ടായി.
സമയത്തിന്റെ പട്ടികയില്‍
മറവി തിന്ന പ്രാണന്റെ വിതുമ്പല്‍.
ഒരു പൊട്ടിക്കരച്ചില്‍ പോലും
കനിയാത്ത മൗനത്താല്‍
വേനലിന്റെ തീനാവിലേക്ക്
ഉടഞ്ഞുപോകുന്ന മണ്‍വാക്ക്.
***
Subscribe to:
Post Comments (Atom)
6 comments:
ലിഫ്റ്റിനുള്ളില്‍ എന്തൊരു ഗന്ധമാണ്!
അറവുകാരന്റെ പീടികയില്‍
മുറിഞ്ഞു തൂങ്ങിയ നട്ടുച്ചപോലെ.
(അവിടെയും ഇവിടെയുമായി
ചിതറിയ മാംസത്തുണ്ടുകള്‍
കഴുകിത്തുടയ്ക്കാനും വേണമല്ലോ
കുറെ സാവകാശം.)
മറ്റൊരു കവിത: ‘മണ്‍വാക്ക്’
ഈ വരികളിലെ ചിന്തകള്‍ നന്നായി...
അങ്ങനെ ഞാന്‍ ചിന്തകനുമായി....?
നന്ദി, ശിവ.
“സമയത്തിന്റെ പട്ടികയില്‍
മറവി തിന്ന പ്രാണന്റെ വിതുമ്പല്‍.
ഒരു പൊട്ടിക്കരച്ചില്‍ പോലും
കനിയാത്ത മൗനത്താല്‍
വേനലിന്റെ തീനാവിലേക്ക്
ഉടഞ്ഞുപോകുന്ന മണ്‍വാക്ക്“
കവിത വായിച്ചപ്പോള്‍ ഹൃദയത്തില്‍ വല്ലാത്തനീറ്റല്.
പിറക്കാതെ പോയ ഒരു കുരുന്നു ജീവന്റെ തേങ്ങല്‍ കാതില്‍ മുഴങ്ങുന്നു.
കവിതയുടെ തീനാവിലേക്ക്
ഉടഞ്ഞുപോകുന്ന ഒരു വായന!!!!
വളരെയിഷ്ടമായി മാഷേ...
രാമചന്ദ്രന് വെട്ടിക്കാട്ട്,
രണ്‍ജിത് ചെമ്മാട്,
സ്നേഹത്തോടെ നന്ദി പറയുന്നു.
Post a Comment