Monday, December 15, 2008

പനിക്കൂര്‍ക്ക

പനിയാണ്‌
തലയാകെ വറുതിയിലാണ്‌
ഉടല്‍ ചുഴികുത്തുമേതോ
സമുദ്രത്തിലാണ്‌
ഓര്‍മ്മ വികലമാമൊരു
രാത്രിമൂര്‍ച്‌ഛയിലാണ്‌.

മരുന്നുകള്‍ മാറുന്നു
വൈദ്യരും മാറുന്നു
വിരല്‍മുനയില്‍ നിന്നൂര്‍ന്ന
രക്തരേണുക്കളില്‍
കുറിയ മൗനങ്ങളും
കുടിലസ്വാര്‍ത്ഥങ്ങളും
വരിവച്ച്‌ നീങ്ങുന്നു.
നിദ്ര പിണങ്ങിയകന്നിരിക്കും
ഇഷ്ടകാമിനിയാവുന്നു...
പനിയിത്‌
മഹാമൗനമെല്ലാംതകര്‍ക്കുമൊരു
സ്ഫോടനമാവുന്നു.

ഇടവഴിയില്‍ നില്‍പ്പുണ്ട്‌
വായ്‌ത്തലച്ചിരികളായ്‌
ഇടയനെ പിന്‍പറ്റിയലയും
ബലിമൃഗക്കുരുതിമലര്‍.
പെരുവഴിയില്‍ നില്‍പ്പുണ്ട്‌
തിരുശൂലമുനകളില്‍
പിടയുന്ന സിന്ദൂരമുറിവുകള്
‍സ്വയം നീട്ടിയലറുന്ന
പച്ചമാംവിറകുകള്‍.

ഊഷ്‌മാവ്‌ താഴാതെ
ഉരുകിയുയരും ബോധം
ഒരു കരിവാവായി
മറയുന്നതിന്നു മുമ്പ്‌
എവിടെയെന്നച്‌ഛന്,
‍ഈ കൊടുവേനലിന്‍ നെരുകില്‍
ഒരുപിടി ഇല പിഴിഞ്ഞ്‌
അതിലെ ഭൂനിശ്വാസം
ഉയിരായ്‌ പകര്‍ന്നു തന്ന്
അനുനിമിഷം അരികിലിരിക്കാന്‍!
ഒരുപാട്‌ ചോദ്യങ്ങള്‍
ഒരു വാക്കില്‍നിറയുന്ന
പരിഹാരസൂക്തമായ്‌
ചൊല്ലി ചിരിക്കുവാന്‍.

അറിയുന്നതിപ്പൊഴോ...
പനിയുടെ വിറച്ചിലില്‍!
അച്ചന്‍...
പകരമായ്‌ മറ്റൊന്നുമില്ലാത്ത
പ്രകൃതിതന്‍ സിദ്ധൗഷധം.

***

4 comments:

മറ്റൊരാള്‍ | GG said...

പനിക്കൂര്‍ക്ക എനിയ്ക്കിഷ്ടമായി..!

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു!! ഒരുതരം കോരിത്തരിപ്പ് മാഷേ...
ശരിക്കും ആത്മാവിനൊരു റീചാര്‍ജ്ജ്!!!
ഇത്രയ്ക്ക് കത്തുന്ന പനിക്കവിതളുതിരുന്നുവെങ്കില്‍
ഒന്നു പനിച്ചാലും കുഴപ്പമില്ല...
പനി എനിക്കും പകരുന്നു..
കവിതയുടെ ജ്വരതാപം......

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സന്തോഷം രണ്‍ജിത്.
പനിക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ്, ഒരു കവിത വരുന്നുണ്ട്. അത് എഴുതി ഞങ്ങളെയൊക്കെ കാണിക്കൂ. വായിക്കട്ടെ.
സ്നേഹം...

saju john said...

കവിതയില്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്ന രണ്ട് ആണുങ്ങള്‍...

ഒന്ന്. ശിവപ്രസാദ്
രണ്ട്. രണ്‍ജിത്

ഭാവുകങ്ങള്‍