Sunday, October 26, 2008

രൗദ്രം

The Struggle


വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍

കാതു പൊട്ടിക്കാതെ തമ്പ്രാ...

വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍

വാതുവച്ചീടാതെ തമ്പ്രാ...

വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില

കാല്‍ക്കല്‍ക്കിടന്നു പൊരിയുമ്പോള്‍.

മാടമ്പിയയങ്ങ്‌ വാണൊരാക്കാലത്തി-

ലാരും ചിലയ്ക്കാത്ത നാട്ടിലെങ്ങും

മാടനും മറുതയും പടിയിറങ്ങിപ്പോയ

കാവിലെക്കുരുതിയില്‍ നാവുകള്‍ പിടച്ചതും,

മച്ചിന്റെയുള്ളില്‍ തരുണസ്വപ്നങ്ങളും

കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും

ദിക്കില്‍ നിറഞ്ഞു കനലൂതിനിന്നതും

ബ്രഹ്മസ്വരൂപത്തെ രക്ഷസ്സു തീണ്ട്യതും,

ഭഗ്നബന്ധങ്ങളില്‍ ഭാഗപത്രങ്ങളില്‍

ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...

എങ്ങള്‍ മറന്നതില്ലൊന്നും,

മരിച്ചവര്‍മണ്ണില്‍ക്കലര്‍ന്ന്‌ പുനര്‍ജ്ജനിച്ചേടവേ.

ഗ്രീഷ്മങ്ങളേത്‌ മരുത്തിനും മണ്ണിനും

രോഷം പകര്‍ന്നുരുകുന്ന കാലം

താളും തകരയും ഉപ്പുചേര്‍ക്കാതെങ്ങള്‍

‍പാതി വേവിച്ചു കഴിച്ച നാളില്‍

തീതിന്നു പോയൊരാ പാവം കിടാങ്ങള്‍ തന്‍

‍ചാര്‍ത്തിലാരോ വെടിയുപ്പുതിര്‍ക്കവേ

എതിര്‍വായില്‍ അടിയങ്ങള്‍ മൊഴികൊണ്ട സത്യങ്ങള്‍

പിഴുതെടുത്തങ്ങുന്ന്‌ ചിരി മുഴക്കീടവേ...

ഏനും കിടാങ്ങളും തീനും കുടിയുമ-

റ്റേതേതു ദിക്കില്‍ നടന്നലഞ്ഞു? പിന്നെ...

മാനം ചുരന്ന നറുംകണ്ണുനീരില്‍

കരിക്കാടി സ്വപനവും കണ്ടുറങ്ങി.

നീരും നിലാവും നിറകതിര്‍സ്സൂര്യനും

ചേരുന്നൊരാ കാലമോര്‍ത്ത നേരം

ഓടിത്തളര്‍ന്നെങ്ങള്‍ വന്നെത്തിയീ കൊടൂം-

കാടിന്റെ മതിലകപ്പേച്ചറിയാന്‍.

പാടക്കിഴങ്ങും പനമ്പഴവും കാട്ടു-

ഞാവലിന്‍ കരളുപോലുള്ള കനികളും

തേനും നിറഞ്ഞ ഭ്രമണകാലത്തിന്റെ

തേരുരുട്ടാനിന്നു വന്നു ഞങ്ങള്‍.



Struggle-inside

അക്ഷരം കാറ്റാം ഗുരുവില്‍ നിന്നുല്‍ഭവിച്ച്‌

ഒറ്റ ക്ഷണത്തില്‍ പെരുമ്പറത്തോറ്റമായ്‌!

ആല്‍മരം, കാഞ്ഞിരം, ചൂതം, ഇലഞ്ഞിയും

കാവല്‍നിരയ്ക്കൊത്തു കൈകള്‍ കൊട്ടീടവേ...

താളിയോലയ്ക്കുള്ളിലാരൊ തളച്ചിട്ട

താഴുകള്‍ തുറന്നു വരവായ്‌ പ്രാണവിസ്മയം!

കാമം മനസ്സിലും കാളല്‍ ശിരസ്സിലും

കാളകൂടങ്ങളാല്‍ ഉടല്‍ മിന്നിനില്‍ക്കവേ

കരിവീട്ടിയില്‍ക്കടഞ്ഞെങ്ങള്‍ പണിഞ്ഞൊരീ

കനിവിന്റെ തോഴനാം കുതിരയെ കണ്ടിട്ട്‌

ഞെട്ടിത്തരിക്കാതെ തമ്പ്രാ..., മദം കൊണ്ട്‌

ചിന്നം വിളിക്കാതെ വഴിയൊഴിഞ്ഞീടുക!

കാറ്റിന്റെ ചൂളം കടമെടുത്തിന്നിവര്‍

കടലിന്റെ ശൗര്യം പരിചയാക്കുന്നിവര്‍

കാടിന്റെ ചാരത്തിലര്‍ഘ്യം പകര്‍ന്നിവര്‍

ആറിന്റെ ചാക്കാലമഴയില്‍ കുളിച്ചിവര്‍

മുകിലിന്റെ മൗനത്തില്‍ കണ്‍നിറയ്ക്കുന്നിവര്‍

യുദ്ധരക്തത്തില്‍ ഹൃദയം ദ്രവിച്ചവര്‍...

പകലിന്റെ വാതായനം തേടിയെത്തുന്നു

പലവുരു തോറ്റ പടപ്പാട്ടു പാടുന്നു.

ഇത്‌ രൗദ്രം..

ഇത്‌ രൗദ്ര,മിനിയെങ്ങള്‍ പിന്‍വാങ്ങിടാ!

ചിര-മുതുപുരാണങ്ങളാല്‍ കിന്നരം മീട്ടായ്ക.

***

(സമരം അവസാനിക്കുന്നില്ല. അതിന്റെ രൂപവും കാലവും മാത്രമേ മാറുന്നുള്ളു.)

7 comments:

വേണു venu said...

ഇത്‌ രൗദ്ര,മിനിയെങ്ങള്‍ പിന്‍വാങ്ങിടാ!

ചിര-മുതുപുരാണങ്ങളാല്‍ കിന്നരം മീട്ടായ്ക.
ഇതു രൌദ്രം തന്നെ.
ഇതിലെ പ്രതിബിംബങളുടെ വായ്ത്താരി ഞാന്‍ കേള്‍ക്കുന്നു.
രൂപവും കാലവും മാത്രമേ മാറുന്നുള്ളു.
“മച്ചിന്റെയുള്ളില്‍ തരുണസ്വപ്നങ്ങളും

കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും.
ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...”
മാഷേ....ഒത്തിരി ചോദ്യങ്ങള്‍ ഒളിപ്പിച്ചു വച്ചു കൊണ്ടു തന്നെ പറയട്ടെ, എനിക്കിഷ്ടമായി.:)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വേണു മാഷ്,
ഇത്ര വേഗം വായിച്ചോ? ‘മുത്തങ്ങ’ കാലത്തെ ഈ കവിതയ്ക്ക്‌ ഇപ്പോഴും പ്രസക്തിയുണ്ടെന്ന്‌ തോന്നി.
ഈ അഭിനന്ദനം സസന്തോഷം സ്വീകരിക്കുന്നു.

സുഖമല്ലേ?

പ്രയാസി said...

പ്രസാദേട്ടാ..
എവിടെയാ..!??

സുഖമല്ലെ!
എനിക്കു ദഹിക്കില്ലിത്. എന്നാലും വായിച്ചു..:)

ആശംസകള്‍

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എന്താ പ്രയാസീ, ഇന്നലെ കഴിച്ചത്‌ വയറൊഴിഞ്ഞില്ലേ? ബുദ്ധിമുട്ടാണെങ്കില്‍ ഇന്ന്‌ ഉപവസിച്ചോളൂ. നാളെ അതിരാവിലെ എഴുന്നേറ്റ് ബലഗുളശ്ശാദി എണ്ണ തലയില്‍ തേച്ച്‌ കുളിച്ചു വന്ന്‌ എടങ്ങഴിയരിയുടെ പൊടിയരിക്കഞ്ഞി പപ്പടം കൂ‍ട്ടി സേവിച്ചാല്‍ ശരിയായിക്കൊള്ളും.

(ഞാന്‍ ഇവിടെ - അജ്‌മാനിലുണ്ട്...)

Ranjith chemmad / ചെമ്മാടൻ said...

"വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍
കാതു പൊട്ടിക്കാതെ തമ്പ്രാ...
വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍
വാതുവച്ചീടാതെ തമ്പ്രാ... "

ഒരുപാടിഷ്ടമായി ഈ കവിത..

തുടക്കത്തിലെ പതം പറച്ചിലിലൂടെ,
പരിഭവങ്ങളിലൂടെ പരാതികളിലൂടെ,
രോഷത്തിന്റെ രൗദ്ര ഭാവങ്ങളിലൂടെ
താളാത്മകമായി ഉച്ചസ്ഥായിയിലെത്തുന്നു
കവിത.....
തുറപ്പിക്കേണ്ട കണ്ണുകള്‍ തുറന്നിരുന്നുവെങ്കില്‍.....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ രഞ്‌ജിത്,

കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
‘അന്ധനേത്രങ്ങള്‍ക്ക്’ ബ്റൈറ്റ്‌ലൈറ്റ് വേണ്ടിവരുമോ എന്തോ!?

naakila said...

നല്ല കവിത
ഇഷ്ടമായി
ഈ രൗദ്രഭാവം