(ബംഗാളും കേരളവും തമ്മിൽ അന്തരമില്ല...
തുപ്പാനും തൂറാനും പൊതുവഴി എന്നതുൾപ്പെടെ!)
സിലിഗുരിയിലേക്ക് പോകുംവഴിയിൽ
പച്ച കൊഴുത്ത ഗ്രാമങ്ങളിലൊന്നിൽ
ഒരു ചങ്ങാതിയുണ്ടായിരുന്നു.
എൺപത് കിലോമീറ്ററിന് എണ്ണൂറിന്റെ നീളം
ഗണിതത്തെ പരിഹസിക്കുന്നു.
വണ്ടി സിലിഗുരിയിൽ എത്തുമ്പോഴേക്കും
ചങ്ങാതി മറുകരയെത്തൂമോ ആവോ?
ഹൂഗ്ലിയുടെ മെലിവിനുമേൽ
ഹൗറയുടെ കൂറ്റൻ എടുപ്പുകളിൽ തൂങ്ങി
ആകാശം അവസാന ചമയത്തിലായിരുന്നു.
ബാറിൽനിന്ന് ഇറങ്ങിവന്ന ഒരു തലപ്പാവുകാരൻ
'ബംഗാൾ എങ്ങനെ തോന്നി'യെന്ന് കാതു കൂർപ്പിച്ചു.
മഹാശ്വേതയോട് ചോദിച്ച് പറയാമെന്ന്
അയാൾക്ക് വാഗ്ദത്തം ചെയ്ത് പിരിയുമ്പോൾ...
ബിമൽമിത്രയും താരാശങ്കറും കൈകോർത്തു വന്നു!
ഒരാൾക്ക് ചുവന്ന തൊപ്പിയും അപരന് പച്ച മേലങ്കിയും.
ചത്വരത്തിന്റെ അതിരിൽ സിദ്ധാർത്ഥൻ ചിരിച്ചു.
ഇടംകോണിൽ കുതിരകൾ ചിനച്ചു മേഞ്ഞു.
വലംകോണിൽ മോഹൻബഗാനും ഈസ്റ്റ്ബംഗാളും
കുതിച്ചുകയറി ഗോൾ പെയ്തു!
അതാ വരുന്നു സത്യജിത്!
പിന്നിൽ...
ആ മെലിഞ്ഞ ചിരിയുമായി അവളുമുണ്ട്...!
വനവും ഗ്രാമവും പങ്കുവെച്ച ചിരി...
ഏഴുകരയിലും തടാകമായ്
നിത്യയാം സൗരാകർഷണ ഭൂമിയായ്
പർവ്വതങ്ങളുടെ പാട്ടുകൾ
നെറുകയിലണിഞ്ഞ് ചുവന്നവൾ!
സൈക്കിൾറിക്ഷയിൽ ഒരു കുടുംബം
ഗതാഗതക്കുരുക്കിൽ നിർവ്വാണം തേടുന്നു.
യത്ഥാർത്ഥ സ്ഥിതിസമത്വം ഇതാണ്...
നാലു നാണയത്തിന്റെ ചെലവിൽ
അഭയം വിലക്കപ്പെടുന്ന ദീർഘദർശിത്വം!
ജ്യോതിദായ്ക്കും മറ്റേ ദീദിക്കും ചാരുവിനും സ്തുതി.
ഈ ചവിട്ടുവണ്ടിയിൽ തുടങ്ങി
കാൽകുഴഞ്ഞൊടുങ്ങുന്ന വൈരുദ്ധ്യമേ ഇവർക്കറിയൂ!
റിക്ഷ യന്ത്രമായിട്ടുള്ള വഴികളിലെങ്ങും
അവർ ഇഴഞ്ഞിട്ടില്ലെന്ന് ഓർക്കുന്ന
പാവം നന്ദിഗ്രാമം!
മഞ്ഞക്കാറുകളുടെ ചെറുനിളകൾ
എവിടെയും നഗരത്തെ ഒന്നാക്കുന്നത്
കരളിന്റെ ചില്ലയെ കണിക്കൊന്നയാക്കുന്നു.
കാളീഘട്ടിൽ ജലരാശിക്കുമേൽ
ഇന്നും ആരുടെയോ കുരുതിച്ചോര!
കട്ട്ല മീനിന്റെ കടുത്ത മുള്ളരികിൽ
അരിവാൾ രാകിയിരിക്കുന്നു രാത്രി.
വറുത്താലും കറിവച്ചാലും
ഇതിന്റെ കണ്ണുകൾ തുറന്നിരിക്കുന്നു.
രുചിയിൽ രണ്ടാമതല്ലാത്ത
ഇതിനുണ്ടോ മലയാളിയെന്നും ബംഗാളിയെന്നും.
കൈലി വലിച്ചുടുത്ത്
കുപ്പായക്കൈ തെറുത്തുകയറ്റി
ആടിനടക്കുമ്പോൾ
ബംഗാളിക്ക്... ആകെയുള്ള വ്യത്യസ്ഥത
കുറ്റിമീശയുടെ പരുപരുപ്പ് മാത്രം.
ബിർളാമന്ദിറിനു മുന്നിലെ തിരക്കിൽ
ദൈവങ്ങൾ രാംമോഹൻറോയിയെ തിരഞ്ഞു.
സതീരത്നങ്ങളിൽ അവശേഷിക്കുന്ന പലരും
അന്തിയുടെ മറവിൽ
ഉണർന്നിരിക്കുന്ന രാപ്പറവകളായി
പകലിനെ തെറിപറഞ്ഞു.
വിക്ടോറിയ ജലധാരയുടെ തണുപ്പിലും
ജൂൺ വിയർത്തു വിളറിയത്
മൃണാൾസെന്നിന്റെ നായാട്ടുകാരനും
ബോസിന്റെ ചാവേറുകളും കണ്ടില്ല.
ഉരുക്കളുടെ സ്വപ്നവിപ്ളവവും
വേട്ടരീതികളിലെ സ്നേഹവാദവും മാറിയത്
കോൽക്കാരും ചെങ്കോലുടമകളും
മറക്കുന്നതാവാം കാരണം.
ദാബയിലെ ചപ്പാത്തിയിൽ
പരിപ്പിന് പ്രണയം വരാതെപോയത്
കോഴിയോ മുട്ടനാടോ ഏറ്റെടുക്കുമെന്ന പ്രതീക്ഷ
അരമണിക്കൂറിലും സഫലമാവാതെ
ഒരു ഇടതുപക്ഷ ശൈലിയിൽ പിണങ്ങി,
സ്റ്റിൽ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ...
തെങ്ങും മാവും മുല്ലയുമായി
മറ്റൊരു കേരളം അതിരിനു പുറത്ത്!
(ബംഗാളും കേരളവും തമ്മിൽ അന്തരമില്ല...
പൂക്കാനും കായ്ക്കാനും പ്രകൃതിസാധർമ്യം എന്നതുൾപ്പെടെ...)
ഇൻഡ്യക്കാരനായ ഞാൻ
പണയം വെച്ച തൂവൽച്ചിറകുകളെ ഓർത്തോർത്ത്
നെടുവീർപ്പിടുന്നതും
ഇപ്പോൾ ഫേഷനല്ലല്ലോ!
അഴിമുഖത്ത് നങ്കൂരമിടുന്ന കപ്പലിന്റെ കൂവൽ
എന്നിലേക്ക് മറവിയുടെ അസ്ത്രമായി
പിന്നെയും പെയ്യുന്നു...!
000
(കൽക്കത്തയിൽ നാലുനാൾ അലഞ്ഞതിന്റെ ബാക്കിപത്രമായി ഒരു (ക)വിത! വായിക്കുമോ സ്നേഹിതരേ?)
9 comments:
(കൽക്കത്തയിൽ നാലുനാൾ അലഞ്ഞതിന്റെ ബാക്കിപത്രമായി ഒരു (ക)വിത! വായിക്കുമോ സ്നേഹിതരേ?)
അനുഭവം പകര്‍ന്ന് തരുന്നതില്‍ വിജയിച്ചതായി തോന്നി, ആദ്യവായനയില്‍.
വിശദമായ വായനക്ക് പ്രിന്റ് എടുത്തു, ശിവ.
(ഓ ടോ : എവിടെ?)
എന്റെ മനുഷ്യാ, നിങ്ങള്‍ ഗൃഹാതുരത്വത്തിന്റെ ഭാരം മുഴുവന്‍ ഒറ്റയടിക്ക് തലയിലേക്കിട്ടു. ഇനിയെന്നാണ് ഞാന്‍ അവിടൊക്കെ ഒന്ന് അലഞ്ഞു നടക്കുകയെന്ന് പഴയ പ്രണയം പോലും നിലവിളിക്കുന്നു...
വായിച്ചു,കൊള്ളാം
നാലു നാളേ അലഞ്ഞുള്ളു?!! ഒരു നാൽപ്പതു വർഷം അവിടുണ്ടായ പോലെ തോന്നി. ബംഗാളിനെ കുറിച്ച് എല്ലാം പറഞ്ഞു. നന്ദി
നാലുപേര്‍ക്കും നന്ദി. ചുരുങ്ങിയ ഇടങ്ങളേ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ തോന്നുന്നു.... കണ്ടതു പലതും പറഞ്ഞില്ലല്ലോ എന്ന്. അതിനി മറ്റൊരിക്കലാവാം. പിന്നെ, കണ്ടതും അനുഭവിച്ചതും മാത്രമല്ലല്ലോ രചനയില്‍ കടന്നുവരുക! അതിന് കാണേണ്ടുന്ന ആവശ്യം തന്നെയില്ലല്ലോ! അല്ലേ? സസ്നേഹം...
ശിവാ... ആദ്യയിട്ടാണ് ഇവിടെ വന്നതു. എങ്ങനെയാ ചുരുങ്ങിയ സമയം കൊണ്ട് ഇത്ര ഭംഗിയായ ഒരു വിവരണം.അസ്സലായിരിക്കുന്നു.
കണ്ടതും ഉള്ളീല് പണ്ടുമുതലേ കൊണ്ടുനടക്കുന്നതുമായ രണ്ടു ബംഗാളുകള്‍ കൂടിച്ചേര്‍ന്നതാണ് ഈ അനുഭവം. ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
വളരെ നന്നായിട്ടുണ്ട് എസ്.പി. പലപ്പോഴും ഞാന്‍ ബംഗാളില്‍ ആണെന്നു തോന്നിപ്പോയി...
Post a Comment