Saturday, March 08, 2008

ഏകാത്മകം

Photobucket

അറിയാമോ?
ഈ തോക്കിനുള്ളില്‍
നിന്റെ പേരു കുറിക്കപ്പെട്ട
തീയുണ്ടകള്‍.
അറിയാം...
നിന്റെ ഹൃദയത്തോട്‌ ചേര്‍ന്നും
മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്‌.
പല ജീവിതങ്ങളുടെ
തിരിയണയ്ക്കാവുന്ന ഇന്ധനം!

ഞാനൊരു ജൂതനും
നീയൊരു പാലസ്റ്റീനിയും
നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല.
ഉള്ളത്‌...
കടിച്ചാല്‍ പൊട്ടാത്ത കാരണങ്ങള്‍ മാത്രം!
ചോരയോ ജീവനോ കൊടുത്താല്‍
ഒടുങ്ങുന്നതല്ല
നമ്മുടെ പുരാതന വൈരം...
അവര്‍ നമ്മെ പഠിപ്പിച്ച വേദം.

വിവേകത്തിന്റെ കണികയില്ലാതെ
വികാരങ്ങളില്‍ കൂപ്പുകുത്തിയിരിക്കുന്ന
നമ്മുടേ പ്രജാപതിമാര്‍ക്ക്‌
ദൈവത്തില്‍നിന്ന്‌ സാത്താനിലേക്കുള്ള വഴി
നന്നായിട്ടറിയാമെങ്കിലും...
അജ്ഞതയാണ്‌ അലങ്കാരമെന്ന ചേലില്‍
അവര്‍ ഇടയ്ക്കൊക്കെ കൈകുലുക്കുന്നു.
അധിക്ഷേപത്തിന്റെ വാള്‍ വീശുന്നു
ആസനച്ചൂടില്‍ ഇരിപ്പുറക്കാതെ
പരസ്പരം വെല്ലുവിളിക്കുന്നു.
ഡ്രാക്കുളയുടെ കൊതിയുമായി
ചുടുചോരയുടെ ഗലീലിക്കടലില്‍
അവര്‍ പാദം നനയാതെ നടക്കുന്നു.
ഒലീവുകളില്‍പ്പോലും ചോര ചുവയ്ക്കുന്നു.

രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
‍റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.

എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്‍
വിരഹം
രതി.
ഒരേ നനമണ്ണ്‌
കാറ്റ്‌
വെയില്‍
മഴ.
ഒരേ ചോര
കരച്ചില്‍
‍ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്‌?
പാലസ്റ്റീനിയാര്‌?

ആയതിനാല്‍ സഹോദരാ...
നമുക്കിടയില്‍ മുള്ളുവേലിയായ
ഈ വെറുപ്പിന്റെ അയസ്ക്കാന്തം
ഉപേക്ഷിക്കാതെ പറ്റുമോ,
ഇനി നമുക്കൊന്ന്‌കെട്ടിപ്പിടിക്കാന്‍?

000

12 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്‍
വിരഹം
രതി.
ഒരേ നനമണ്ണ്‌
കാറ്റ്‌
വെയില്‍
മഴ.
ഒരേ ചോര
കരച്ചില്‍
ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്‌?
പാലസ്റ്റീനിയാര്‌?

"ഏകാത്മകം"

siva // ശിവ said...

നല്ല ഭാവന....നല്ല വരികള്‍....

സസ്നേഹം,
ശിവ.

നജൂസ്‌ said...

രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
‍റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.

ഇവിടെയാണ്‌ മാഷെ കവിത..

CHANTHU said...

ജൂതനും ഫലസ്‌തീനു കണ്ണൂരും തലശ്ശേരിയും സിപിഎമ്മും ബിജെപിയും ആ ആകെ അലകുലത്താക്കിയി ഈ ലോകത്തിനിയും ഇത്തരം വരികള്‍ വിരിയട്ടെ.

Sanal Kumar Sasidharan said...

വെറുപ്പിന്റെ മുള്ളുവേലി ഉള്‍പ്പെടെ കെട്ടിപ്പിടിച്ചിട്ടും ചിലരുടെ ഹൃദയം മുറിയാത്തതെന്ത്?ഹൃദയമുണ്ടാവില്ല അല്ലേ..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സൗഹൃദവും സാഹോദര്യവും അന്യമാക്കുന്നതില്‍ ആശയങ്ങളുടെ/മതങ്ങളുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട എല്ലാ 'നിര്‍ബ്ബന്ധബുദ്ധികള്‍ക്കും' പങ്കുണ്ട്‌. അവരെല്ലം ... അമ്മയും, മക്കളും,പ്രണയിനിയും, കണ്ണീരും, വിരഹവും, രതിയും, ഒരേ ചോരയും....

ജൂതനും പാലസ്റ്റീനിയും ആറെസ്സെസ്സും സീപ്പിയെമ്മും... എല്ലാം ഒഴുക്കുന്ന ചോര ഒരു പുതു സമൂഹത്തെ സൃഷ്ടിക്കാനുള്ളതായി മാറുകയില്ല എന്നതാണ്‌ നമ്മുടെ വേദന. വേദനിക്കുന്നവര്‍ക്ക്‌ ഒരൊറ്റ മതവും സംഘടനയും കൊടിയുമല്ലേയുള്ളു?

ശെഫി said...

നല്ല ചിന്തകളും വരികളും

GLPS VAKAYAD said...

ഇതില്‍ ജൂതനാര്‌?
പാലസ്റ്റീനിയാര്‌?
മനുഷ്യനേത്?
നല്ല ചിന്ത...

sunilraj said...

നല്ല കവിത

പറയാതെ വയ്യ. said...

പ്രിയ സഖാവെ,
നാളിതുവരെ ബന്ധം വയ്ക്കാന്‍ കഴിയാതെ പോയെന്ന് ഒഴികഴിവ് പറയുന്നില്ല.എന്റെ പിഴയാണു.മിയാ കുള്‍പ!ബ്ലോഗുകള്‍ വായിക്കുന്നുണ്ട്.എങിനെയുണ്ട് പുതിയ ദേശവും ജോലിയും?സുബൈ ര്‍ നിര്‍ത്തിപ്പോയത് അറിഞിരിയ്ക്കുമല്ലോ? ഞാന്‍ ബന്ധപ്പെട്ടോളാം.

സ്നേഹത്തോടെ,
ജയചന്ദ്രന്‍ നെരുവമ്പ്രം.

ഇഗ്ഗോയ് /iggooy said...

പഠിപ്പിക്കപ്പെട്ട
വേദങ്ങളില്‍ മാത്രം
തിരയുന്നവര്‍ക്കു്‌
അജ്ഞത അലങ്കാരമായേ തീരൂ.
കവിത ഇമ്മിണി ഇഷ്ടപ്പെട്ടു

Anonymous said...

nannyirikkunnu ivaparasad keep it up.