Saturday, May 26, 2007

ഇലമഞ്ഞ

കവിത:
Photo Sharing and Video Hosting at Photobucket

ഹരിതകമൊടുങ്ങി വീണോരെ
വളമായിക്കണ്ട്‌ ചിരിക്കേണ്ട
തളിരേ... ഇലപ്പച്ചേ!
നീയും തുടര്‍ച്ച മാത്രം.

തിരുജഢമായെടുത്ത്‌
കുളിപ്പിച്ച്‌
ഉപചരിച്ച്‌
ആല്‍ബത്തിലടുക്കുമ്പോള്‍...
ഉള്ളില്‍ മറന്നിരുന്ന
ബോട്ടണിവിദ്യാര്‍ഥി
നീലക്കുറിഞ്ഞിയായി പൂത്തു.

ഉറക്കറയിലെ മഞ്ഞവെളിച്ചം
വധുവിന്റെ താലിപ്പൊന്നില്‍ പുളഞ്ഞ്‌,
ജനാലയിലെത്തി ഒളിഞ്ഞുനോക്കുന്ന
മിന്നാമിന്നിയെ കളിയാക്കി.

പുലര്‍ച്ചെ...
ഈറനായെത്തി,
നാണിച്ച്‌
ദേ... കണ്ടില്ലേ - എന്ന്‌
ചുണ്ടുകള്‍ കൂര്‍പ്പിച്ചവളുടെ
കഴുത്തിലും കവിളിലും
മിന്നാമിന്നിയുടെ മഞ്ഞ.

മീനത്തിന്റെ ഉഷ്‌ണമുടിയില്‍
‍കൊന്ന മാത്രം വിലാസിനിയായി
കമ്മലിളക്കുന്ന നടനം...
പൂത്തിരി കൊളുത്തിയ വെട്ടവും
മഞ്ഞത്തരികളുടെ സിനിമാറ്റിക്‌ ഡാന്‍സും.

പ്രാതലിന്റെ മണ്‍പാത്രത്തില്‍
‍പൊട്ടാത്ത കാളക്കണ്ണായി
മഞ്ഞക്കരുവിന്റെ രക്തസാക്ഷ്യം.
ഭ്രൂണത്തെ വിഴുങ്ങാനും
പിശാചിന്റെ കൂടോത്രം!

ചുമരിലെ ചിത്രത്തില്‍
മണ്ണും മഴയും മണത്ത്‌,
കിളയും വിതയും പൊലിച്ച്‌
സൂര്യകാന്തികള്‍ ചിരിച്ചപ്പോള്‍
‍ഭ്രാന്താലയത്തിന്റെ അകംചുമരില്‍
ചിത്രമെഴുതുന്ന കവിയുടെ
കാലടയാളമായി ഇലമഞ്ഞകള്‍.

ആല്‍ബം തുറന്ന്‌ നോക്കുമ്പോള്‍,
ഇലമഞ്ഞയ്ക്കു പകരം
അസ്ഥികളുടെ പരുപരുപ്പില്‍
കരിയിലകള്‍ കലമ്പുന്നു.

മരക്കൊമ്പില്‍
ഇന്നലത്തെ തളിര്
‍സുമുഖമായ ഇലപ്പച്ച
ഇലമഞ്ഞയായി വിറയ്ക്കുന്നു.

ഏതെങ്കിലും കാറ്റില്‍ അതും...?

000

Saturday, May 19, 2007

ശീര്‍ഷാസനം

കവിത:

പാതിരാത്രിയില്‍
ഞെട്ടിയുണര്‍ന്ന്‌ പരതിനോക്കുമ്പോള്‍
എല്ലാം തലകുമ്പിട്ട്‌.
തറയില്‍
മൂന്നിലയുമായി
അപ്പോള്‍ മുളച്ചപോലെ
ലോഹച്ചെടി.
മേശയ്‌ക്കടിയില്‍
തുളുമ്പാതെ ഗ്ലാസ്സും വെള്ളവും.
ഭിത്തിമേല്‍
ക്ലോക്കില്‍
പന്ത്രണ്ടിനുപകരം ഒമ്പത്‌.
ജനാലപ്പുറത്ത്‌ ...
ചെമ്മതില്‍
നാട്ടുമാവ്‌
വിഷവാനം.
മുറ്റത്തെ കിണറും തെങ്ങും
അഴയില്‍ വിരിച്ചിട്ട കാലുറ, യൂണിഫോമും...
അഴുക്കുമൂലയിലെ തുറപ്പച്ചൂല്‌?
കമിഴ്‌ന്നുറങ്ങുന്ന പുസ്തകങ്ങള്‍
കലണ്ടര്‍ദൈവങ്ങള്‍
നിലവിളക്ക്‌
ടെലിവിഷന്‍
എലിക്കെണി.

മറവിയുടെ ചാരം നിറഞ്ഞ
കുടുംബചിത്രങ്ങളില്‍
മരിച്ചവര്‍
‍ജനിക്കാത്തവര്‍...
മഹാത്മാവ്‌

ഗുരു
മാര്‍ക്‌സ്‌...!
മക്കളുടെ പഠനമുറിയിലെ ഭൂപടവും...?

അസഹ്യമായി തല പെരുത്ത്‌
അലറിവിളിച്ചപ്പോള്‍
അതാ...
വീട്ടുകാരിയുടെയും മക്കളുടെയും ഉടുവസ്ത്രങ്ങള്‍
കാറ്റുപിടിച്ച പോലെ
തലകുത്തനെ വരുന്നു.

അവര്‍
ഏകകണ്ഠമായി
സുപ്രഭാത നിലവിളിയോടെ
ആശ്ചര്യപ്പെട്ടു...
ഈ അച്ഛന്‍ മാത്രമെന്താ ഇങ്ങനെ...!
ശീര്‍ഷാസനം ചെയ്യുവാ?

000

Monday, May 14, 2007

വീണ്ടും ജീവിതത്തിലേക്ക്‌

പ്രിയ സ്‌നേഹിതരേ,

'നന്ദി' എന്ന വാക്കിനുള്ളില്‍ എന്റെ മനസ്സിന്റെ ഒരു ചെറുകണികപോലും ഒതുങ്ങുന്നില്ല.

'തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍,
ഇന്നു ഭാഷയുമപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍' - ഇതാണ്‌ എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ.

തികച്ചും അപ്രതീക്ഷിതമായി എനിക്കുണ്ടായ ദുരനുഭവത്തില്‍ വേദനിച്ചവരും പ്രതികരിച്ചവരും മനസ്സാന്നിദ്ധ്യത്തോടെ അധികാരികളുമായി ബന്ധപ്പെട്ട്‌ 'മോചനം' സാദ്ധ്യമാക്കിയവരുമായ നൂറുകണക്കിന്‌ 'സുഹൃത്തുക്കളുണ്ട്‌'. സ്നേഹിതനില്‍നിന്ന്‌ സുഹൃത്തിലേക്ക്‌ പെട്ടെന്ന്‌ വളര്‍ന്നവര്‍ പലരുണ്ട്‌. മനുഷ്യബന്ധത്തിന്റെ സുഖതീവ്രതയും വികാരതീക്ഷ്‌ണതയും പലയളവില്‍ അനുഭവിപ്പിച്ചവരുണ്ട്‌. അവരുടെ പേരുകളെല്ലാം ഞാന്‍ ഇവിടെ മനപ്പൂര്‍വം പറയുന്നില്ല. അവരോടുള്ള സ്നേഹം, കടപ്പാട്‌, ആദരവ്‌ എന്നിവയൊക്കെ പ്രിയസ്നേഹിതന്‍ കുഴൂര്‍ വില്‍സണ്‍ പറഞ്ഞപോലെ 'മനുഷ്യനന്മയിലുള്ള വിശ്വാസം' ഒന്നുകൂടി പുതുക്കിയിട്ടുണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ഇവിടെ (സത്യസന്ധമായിത്തന്നെ)പറയാന്‍പോകുന്ന കാര്യങ്ങള്‍, പരാമര്‍ശിക്കപ്പെടുന്ന 'രാഷ്ട്രീയാവസ്ഥ'യുടെ വൈതാളികര്‍ക്ക്‌ സ്വീകാര്യമോ സുഖകരമോ ആവില്ലെന്നറിയാം. എങ്കിലും പറയാതിരിക്കാന്‍ എന്നിലെ സ്വതന്ത്രമനുഷ്യന്‌ കഴിയില്ല. അധികാരപ്രമത്തതയ്ക്ക്‌ അതിരും യുക്തിയും പ്രസക്തമല്ലെന്ന പാഠം ഞാന്‍ ആവര്‍ത്തിച്ച്‌ അനുഭവിച്ചതാണല്ലോ!

ദമ്മാമില്‍ രണ്ടുമൂന്ന്‌ മാസം മുമ്പുമാത്രം പ്രവര്‍ത്തനം ആരംഭിച്ച 'ന്യൂ ഏജ്‌ ഇന്ത്യാ ഫോറ'ത്തിന്റെ അംഗത്വവിതരണോദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി, ഏപ്രില്‍ 6-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ ഞാന്‍ യോഗസ്ഥലത്ത്‌ എത്തിയതായിരുന്നു. ഒരു രസ്റ്റോറന്റിന്റെ മുകള്‍നിലയിലായിരുന്നു സമ്മേളനം. ധാരാളം സുഹൃത്തുക്കളും ആ യോഗത്തില്‍ എത്തിയിരുന്നു. 4.15-ന്‌ മഫ്‌തിയിലായിരുന്ന ഒരു കൂട്ടം 'സി. ഐ. ഡി-കള്‍' ഞങ്ങളെ മൂന്നുപേരെ അറസ്റ്റ്‌ ചെയ്ത്‌, കാല്‍ച്ചങ്ങലയിട്ട്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. (പിച്ചനടക്കുന്ന അനുഭവം വീണ്ടും!). സമാനസ്വഭാവത്തിലുള്ളവരുടെ പോലും കൂട്ടായ്മ അനുവദിക്കപ്പെട്ടിട്ടില്ലാത്ത അവിടുത്തെ നിയമം എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെയാണ്‌ കാണുന്നതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ! എന്നാല്‍, മലയാളികളുടെ രക്തത്തിലലിഞ്ഞിട്ടുള്ള നല്ല സ്വഭാവങ്ങളിലൊന്നായ 'സംഘടനാബോധം' ഇവിടെ എനിക്ക്‌ 'പ്യാര'യായി എന്ന്‌ പറഞ്ഞാല്‍ മതി. (ആരോ ശത്രുതാപൂര്‍വം ഒരു പാര വെച്ചതാണെന്നും വിശ്വസനീയമായ നിലയില്‍ സംശയമുണ്ട്‌.)

ഏകദേശം രണ്ടുമണിക്കൂര്‍ നേരം ചുമരിന്നഭിമുഖമായി (മൂക്ക്‌ ചുവരില്‍ മുട്ടിച്ച്‌ എന്നും പറയാം) നിര്‍ത്തി ഞങ്ങളുടെ ക്ഷമ പരിശോധിച്ചശേഷം, പിച്ച നടത്തിച്ച്‌ മൂന്നു നിലകളുള്ള കെട്ടിടത്തിലെ ഏറ്റവും ദൂരമുള്ള മുറികളിലേക്ക്‌ വിവിധ 'സാറമ്മാരെ' കാണാനായി ആനയിക്കപ്പെട്ടു. ഏതോ അന്താരാഷ്ട്ര കുറ്റവാളികളെയെന്നവണ്ണം അവര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഞങ്ങള്‍ സത്യം മാത്രമേ പറഞ്ഞുള്ളൂ.

"ഇന്ത്യക്കാരുടെ/മലയാളികളുടെ ഒരു സാംസ്കാരിക കൂട്ടായ്മ. അവരില്‍ ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്‌ ലക്ഷ്യം. ഈ നാടിന്റെ നിയമവ്യവസ്ഥയെയോ മതാധിഷ്ടിതമൂല്യങ്ങളെയോ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിഷേധിക്കുന്നില്ല."

'പല സംഘടനകളുടെ പേരില്‍ അനധികൃതമായി പണം പിരിക്കുകയും, അത്‌ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ എത്തിക്കുകയും ചെയ്യുന്ന ഗുരുതരമായ കുറ്റമാണ്‌ നിങ്ങളില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. അത്‌ "മമ്‌നു"വാക്കിയിട്ടുള്ള കുറ്റമാണ്‌. ഇതിനെ സംബന്ധിച്ച നിരവധി തെളിവുകള്‍ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. - എന്ന്‌ വാദിച്ച സി. ഐ. ഡി. ക്യാപ്റ്റന്‍ അവര്‍ക്കു കിട്ടിയ തെളിവുകളും ഞങ്ങളെ കാണിച്ചു.

'ന്യൂ ഏജ്‌ ഇന്ത്യാ ഫോറം - കിഴക്കന്‍ പ്രവിശ്യാ സമിതി' എന്നെഴുതിയിട്ടുള്ള ഫ്ലെക്സ്‌ ബാനര്‍, 'പന്ന്യന്‍ രവീന്ദ്രന്‍ എം. പി.-ക്ക്‌ സ്വാഗതം' എന്ന പോസ്റ്റര്‍/ബാനര്‍ (ഇവ രണ്ടു മാസം മുമ്പ്‌ നടന്ന ഒരു ചടങ്ങിന്റെ ബാക്കിപത്രമാണ്‌),'മഞ്ഞളാംകുഴി അലി എം. എല്‍. ഏ-യ്ക്ക്‌ സ്വീകരണം' എന്ന ബാനര്‍ (ആരോ, എപ്പോഴോ നടത്തിയ പരിപാടിയുടെ ബാക്കിപത്രം), ഒരു 'കേരളശബ്ദം' വാരിക, ഒരു 'സംവാദം' മാസിക, വി. എസ്‌. അനില്‍ കുമാറിന്റെ 'പുതിയതരം ജീവികള്‍' എന്ന കാഥാസമാഹരം... ഇവയൊക്കെയാണ്‌ തെളിവുകള്‍. എത്ര ശക്തമായ ഭീകരവാദ തെളിവുകള്‍?! ഞാനും (ഉപദേശകസമിതി അംഗം), ജലീലും (സെക്രട്ടറി), സജിത്തും (പ്രസ്സ്‌ ജീവനക്കാരന്‍) അങ്ങനെ ലോക്കപ്പിലേക്ക്‌ മാറ്റപ്പെട്ടു.

അവിടം ഒരു പ്രൊഫഷണല്‍ കലാലയത്തിന്റെ ചിട്ടവട്ടങ്ങളിലായിരുന്നു. പല രാജ്യക്കാരായ പൌരന്മാര്‍. അറബികള്‍, സുഡാനികള്‍, യമനികള്‍, ബംഗ്ലാദേശികള്‍, പാകിസ്താനികള്‍, ഇന്ത്യക്കാര്‍ എന്നിങ്ങനെ ചെറിയൊരു ഭൂലോകം. ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ 'അറബി'സഹോദരന്മാര്‍ നീളന്‍ 'സലാം' തന്നു. പരിചയപ്പെടുന്നതുതനെ, "നിങ്ങള്‍ എത്ര പേരെ കൊന്നു?", "പോലീസ്‌ പിടിക്കുമ്പോള്‍ ഒപ്പം കിടന്നിരുന്ന പെണ്ണിന്റെ പ്രായം എത്ര?", "ഹഷീഷാണോ ബ്രൌണ്‍ഷുഗറാണോ പഥ്യം?" ഇങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു. ഒരാഴ്ച മുതല്‍ രണ്ടുമാസം വരെയായി അവിടെ കഴിയുന്നവരുടെ സ്ഥിരാവകാശത്തില്‍പ്പെട്ടതാണ്‌ ജൂനിയേര്‍സിനെ 'റാഗ്‌' ചെയ്യല്‍. ഒരു പരിധിവരെ തന്മയത്വവും, കുറെ മുറി അറബിയും വച്ച്‌ കളിച്ചതില്‍ ഞങ്ങളെ റാഗാനുള്ള അവസരം തുടക്കത്തില്‍ത്തന്നെ ബ്ലോക്ക്‌ ചെയ്യാന്‍ കഴിഞ്ഞു. ഇടയ്ക്കൊക്കെ ഒരു യമനിയും ഒരു സൌദിയും നയിച്ച 'ബാര്‍ബേറിയന്‍ ഗിമ്മിക്കില്‍'നിന്ന് ഞങ്ങള്‍ തന്ത്രപൂര്‍വം തല്ലുകൊള്ളാതെ രക്ഷപ്പെടുകയും ചെയ്ത്തു. (പിരിമുറുക്കത്തിന്റെ പാരമ്യതയില്‍ തളര്‍ന്ന്‌, പിന്നെ അല്‍പമൊന്ന്‌ മയങ്ങിപ്പോയാല്‍, രണ്ടര ലിറ്റര്‍ കൊള്ളുന്ന വെള്ളക്കുപ്പിയില്‍ അഴുക്കു വെള്ളം നിറച്ച്‌ മുഖം ലക്ഷ്യമാക്കി എറിഞ്ഞിട്ട്‌ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടില്‍ അവര്‍ ചീട്ടുകളിച്ചിരിക്കും. രാത്രി മുഴുവന്‍ ഒച്ചയും ബഹളവും കഴിഞ്ഞ്‌ നേരം പുലരുന്ന കാര്യം (വാച്ചില്‍ നിന്ന്‌) അറിയുമ്പോള്‍ ഒന്നു കണ്ണടയ്ക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ വരും അതിലും പലവിധ ശല്യപ്പെടുത്തലുകള്‍.

അങ്ങനെ കഴിയുമ്പോള്‍, ഇടയ്ക്ക്‌ മനസ്സ്‌ കൈവിട്ടുപോകും. ആദ്യത്തെ ഒരാഴ്ച്ച സന്ദര്‍ശകരെ അനുവദിക്കതിരുന്നെങ്കിലും, ചില സുഹൃത്തുക്കള്‍ അവരുടെ സ്വാധീനമുപയോഗിച്ച്‌ ഞങ്ങളെ വന്നുകണ്ടു. 'അധികം വൈകാതെ പുറത്തിറങ്ങാം' എന്നൊരു വിശ്വാസം അവര്‍ പ്രകടിപ്പിച്ചതില്‍ ഞങ്ങളും ആശ്വസിച്ചു. തടവറയിലെ ബുദ്ധിമുട്ടുകളല്ല, മറിച്ച്‌ - വീട്ടില്‍ നല്ല പാതിയും കുഞ്ഞുങ്ങളും ഏതുതരം മാനസികാവസ്ഥയിലാണ്‌ - എന്ന ചിന്തയാണ്‌ കൂടുതല്‍ തളര്‍ത്തിയത്‌. ഇടയ്ക്ക്‌, ജലീലും സജിത്തും പല പല 'ആര്‍ദ്രമായ'ഓര്‍മ്മകളില്‍ മുങ്ങി വിങ്ങിക്കരയുമ്പോള്‍, എന്റെയും നിയന്ത്രണം നഷ്ടപ്പെടും. കുറെയൊക്കെ കരയും. പിന്നെ, ഞാന്‍ ഇത്ര ദുര്‍ബ്ബലനാവാന്‍ പാടില്ല എന്ന്‌ ഉള്ളിലിരുന്ന്‌ ആരോ പറയുമ്പോള്‍ - "ഓ.. ഇവര്‍ എന്തായലും നമ്മുടെ തലയൊന്നും വെട്ടത്തില്ലല്ലോ. സാരമില്ല" എന്ന്‌ പറഞ്ഞ്‌ അവരെ രണ്ടുപേരെയും ആശ്വസിപ്പിക്കും. സഹിക്കാനാവാത്ത സങ്കടം വന്നാല്‍, ബാത്‌റൂമിനുള്ളില്‍പ്പോയി കരഞ്ഞു തീര്‍ക്കും.

ഞങ്ങളുടെ കമ്പനിയുടമ(സ്പോണ്‍സര്‍)കളൊക്കെ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജാമ്യം നല്‍കാന്‍ പോലും പോലീസധികാരികള്‍ തയ്യാറായില്ല.'കുറ്റവിമുക്തരാക്കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാം' എന്ന സൌമനസ്യവും അവര്‍ പ്രകടിപ്പിച്ചു. അങ്ങനെ പ്രതീക്ഷകള്‍ മങ്ങിയും തെളിഞ്ഞും ദിനങ്ങള്‍ നീങ്ങി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍, റസ്റ്റോറന്റ്‌ ഉടമയെയും, സ്റ്റാമ്പ്‌ തയ്യാറാക്കിയ സുഡാനിയെയും അറസ്റ്റു ചെയ്ത്‌ കൊണ്ടുവന്നു. കേസ്‌ ഫയലില്‍ കൂടുതല്‍ ആരോപണങ്ങള്‍ എഴുതിച്ചേര്‍ത്തതായി അത്‌ പരിശോധിക്കാന്‍ അവസരം ലഭിച്ച ഒരു 'വഖീല്‍' പറഞ്ഞു. അതായത്‌, ഈ കേസ്‌ നീണ്ടുപോയാല്‍, ആറുമാസമോ ഒരു വര്‍ഷമോ വരെ ജയില്‍ശിക്ഷ ലഭിക്കാം എന്നു സാരം! ആകെ വിരണ്ടു പോയി. ആറുമാസത്തെ ജയില്‍ ജീവിതം എന്തെല്ലാം പാര്‍ശ്വഫലങ്ങളാവും ഉണ്ടാക്കുക എന്നൊക്കെ ചിന്തിച്ച്‌ ഒരു തരം ഭ്രാന്തോളം ചെന്നെത്തി ഞാന്‍.

ഇതിനിടയ്ക്ക്‌, സി. പി. ഐ. സംസ്ഥാന ദേശീയ നേതാക്കള്‍ക്കും അവര്‍വഴി ഇന്ത്യന്‍ എംബസ്സിക്കും പ്രശ്നത്തിന്റെ ഗൌരവം ബോധ്യമായി. എനിക്ക്‌ പിതൃതുല്യനായ കെ. സി. പിള്ള, വെളിയം ഭാര്‍ഗവന്‍, ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌, എം. പി. മാരായ പന്ന്യന്‍ രവീന്ദ്രന്‍, കെ. ഈ, ഇസ്മയില്‍, മന്ത്രിമാരായ ബിനോയ്‌ വിശ്വം, സി. ദിവാകരന്‍ തുടങ്ങിയവര്‍ അവരവരുടെ നിലകളില്‍ ഇടപെട്ടു. സി. ദിവാകരന്‍ റിയാദിലെത്തി ഇന്ത്യന്‍ അംബാസിഡറെ കണ്ട്‌ 20 മിനിറ്റ്‌ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്തു. കഴിയുന്ന ശ്രമങ്ങള്‍ നടത്താമെന്ന്‌ അവര്‍ വാഗ്ദത്തം ചെയ്തു. ദമ്മാമിലെ ഒരു സംഘടനാ നേതാവിനെ എംബസ്സി ഈ പ്രശ്നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. എങ്കിലും, ഞങ്ങള്‍ മൂന്നുപേരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ തടസ്സങ്ങളായി ചില 'മുടന്തന്‍ ന്യായങ്ങള്‍' അവര്‍ ഉന്നയിച്ചു. ഒടുവില്‍, "ശിവപ്രസാദിനെ മാത്രം മോചിപ്പിക്കാന്‍ ശ്രമിക്കാം. മറ്റു രണ്ടുപേരെ നാടുകടത്താനാണ്‌ സാധ്യത" എന്ന നിലയിലേക്ക്‌ സംഭവം മറുകണ്ടം ചാടി.

"മോചനമായാലും നാടുകടത്തലായലും അത്‌ ഞങ്ങള്‍ മൂന്നാള്‍ക്കും ഒന്നുപോലെ മതി. ഒരേ ചാര്‍ജുള്ള കേസ്സില്‍ രണ്ടുതരം വിധി ശരിയല്ലല്ലോ. എനിക്കു മാത്രമായി രക്ഷപ്പെടല്‍ വേണ്ട..." - എന്ന ഒരു ഉടക്ക്‌ നിലപാട്‌ എനിക്ക്‌ സ്വീകരിക്കേണ്ടി വന്നു.

പിന്നെയും ഉഷ്ണദിനങ്ങള്‍ നീണ്ട്‌, ഉരുക്കവും വിഭ്രാന്തിയുമായി 25-ആം ദിവസമായി. ഒരു തീരുമാനവുമില്ലാത്ത നരച്ച ദിവസങ്ങള്‍. ഇടയ്ക്ക്‌ കാണാനെത്തിയ പല സുഹൃത്തുക്കളും ഞങ്ങളെ ആശ്വസിപ്പിക്കാനും വീട്ടിലേക്ക്‌ വിളിച്ച്‌ കുടുംബത്തെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ 'ആധുനിക മുഖത്തിന്‌' യോജിക്കാത്തവിധം, 'അവിശ്വസനീയമായ മാനുഷികത' വിവിധ നേതാക്കള്‍ പ്രകടിപ്പിച്ചു. അവരുടെ ഒരു കുടുംബകാര്യമായിത്തന്നെ ഈ പ്രശ്നം മാറി. തുടര്‍ച്ചയായി ഫോണില്‍ വിളിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യാന്‍ അവരൊക്കെ കാട്ടിയ മാതൃക പ്രശംസനീയമാണ്‌. (സമാന്തരമായിത്തന്നെ, ബൂലോകത്തെ പ്രിയ സ്നേഹിതരായ പലരും ഇടപെട്ട്‌ ഈ പ്രശ്നത്തിലേക്ക്‌ അധികാരികളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന്‌ (നാട്ടില്‍ വന്ന്) നാലു ദിവസം കഴിഞ്ഞാണ്‌ ഞാന്‍ അറിഞ്ഞത്‌. ആ ശ്രമങ്ങളും എന്റെ മോചനത്തെ സഹായിച്ചിട്ടുണ്ടെന്ന്‌ വിശ്വസിക്കുന്നു.)

സുനില്‍ പ്രക്കാനം , നാസര്‍ക്ക (സുഹൃത്തുക്കള്‍), ഒരു നല്ല സഖാവായ ജോണ്‍, നിസാര്‍ സാര്‍ എന്നിവരുടെ യുക്തിപൂര്‍ണ്ണമായ ഇടപെടലും സ്വാധീനവും അന്തിമഘട്ടം വരെ പിടിച്ചുനില്‍ക്കാന്‍ എനിക്ക്‌ ശക്തി നല്‍കിയെന്ന്‌ പ്രത്യേകം പറയേണ്ടതുണ്ട്‌.25-ആം ദിവസം ഞങ്ങളെ ജാവാസത്തിന്റെ ജയിലിലേക്ക്‌ മാറ്റി. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ഒരു ഹാളില്‍ 120 തടവുകാര്‍, മീന്‍ അടുക്കിയ പോലെ കഴിയുന്ന 'അസ്സല്‍ തടവറ'. അങ്ങനെ അഞ്ച്‌ സെല്ലുകള്‍. ഞങ്ങളുടെ സെല്ലില്‍ ഏറെക്കുറെ എല്ലാം ഇന്ത്യക്കാരാണെന്ന ഒരു ആശ്വാസമുണ്ട്‌. തല്ലും വഴക്കുമില്ല. പക്ഷേ തടവുകാരുടെ നൂറിരട്ടി 'പാറ്റ'കള്‍ (കൂറകള്‍) കളിച്ചു പുളയ്ക്കുന്ന അതിനുള്ളില്‍ 'അലര്‍ജി സ്പെഷ്യലിസ്റ്റുകള്‍' എന്ന നിലയില്‍ ചൊറിച്ചിലും തുമ്മലുമായി ഞങ്ങള്‍ സുഖജീവിതം തുടങ്ങി. ജനിച്ചിട്ടിതുവരെ കുളിക്കാത്ത പുതപ്പുകള്‍ തറയില്‍ വിരിച്ചിട്ടുണ്ട്‌. അവയില്‍ നിന്ന്‌ പ്രസരിക്കുന്ന 'അറേബ്യന്‍ സുഗന്ധം' ഉപമിക്കന്‍ ഭാഷയില്ല. തടവുകാരില്‍ പലരും ഒരൊറ്റ ഉടുതുണിയില്‍ മാസങ്ങളായി കഴിയുന്നവരാണ്‌. കുടിവെള്ളത്തിന്റെ പ്രശ്നത്താല്‍ ചുമയും മറ്റസുഖങ്ങളും ഉള്ളവരാണ്‌ മിക്കവരും. എല്ലാ അസുഖങ്ങല്‍ക്കും പൊതുവായി നല്‍കപ്പെടുന്ന മരുന്നുകള്‍ 'പാനഡോള്‍' (പാരസെറ്റമോള്‍) ആയിരിക്കും. ഒരു ഹൃദ്രോഗിയാണ്‌ അകത്ത്‌ എത്തിപ്പെടുന്നതെങ്കില്‍, ശവമായിരിക്കും പുറത്തെത്തുക. അത്ര 'വൃത്തികെട്ട' അന്തരീക്ഷം. എംബസ്സിയില്‍ നിന്ന്‌ യാത്രാരേഖകള്‍ പൂര്‍ത്തിയാക്കി നാട്ടില്‍പ്പോകാനായി സ്വപ്നം കാണുകയാണ്‌ എല്ലാ തടവുകാരും.

രണ്ടാം ദിവസം സുനിലും നാസര്‍ക്കയും ജോണും നിസാര്‍ സാറും വന്നത്‌ ശുഭവാര്‍ത്തയുമായിട്ടായിരുന്നു. 'ജാവാസത്ത്‌ അധികാരികളില്‍ ഒരാളുടെ ദയ ഞങ്ങളെ മോചിപ്പിക്കും' എന്നതായിരുന്നു ആ വാര്‍ത്ത. രണ്ടു ദിവസത്തിനുള്ളില്‍ അത്‌ ശരിയാകും. ഞങ്ങളുടെ എക്സിറ്റ്‌ ടിക്കറ്റ്‌ ഉടന്‍ ഹാജരാക്കി അതിനുള്ള സമ്മര്‍ദ്ദങ്ങള്‍ അവര്‍ വേണ്ടവണ്ണം ചെയ്തു.

ഒരു മാസക്കാലം ഇത്തരമൊരു അനുഭവത്തിലൂടെ എങ്ങനെ കടന്നുപോയെന്ന്‌ ഞങ്ങള്‍ സ്വയം അല്‍ഭുതപ്പെട്ടു. 'ശൂന്യതയ്ക്കുള്ളില്‍ നിന്ന്‌ പുറത്തിറങ്ങിയാലേ അതിന്റെ ഭീകരതയെപ്പറ്റി തിരിച്ചറിയൂ' എന്ന്‌ പറയുന്നത്‌ വളരെ ശരിയാണ്‌.

അങ്ങനെ മേയ്‌ 6-ന്‌ രാത്രി 8.30-നുള്ള ഗള്‍ഫ്‌ എയര്‍ ടിക്കറ്റ്‌ ഓക്കെയായി. ഞങ്ങളുടെ സ്യൂട്ട്‌കേസും വസ്ത്രങ്ങളും സ്പോണ്‍സര്‍മാര്‍ പാക്ക്‌ ചെയ്ത്‌ എത്തിച്ചു. പുതിയ ഓരോ ജോഡി വസ്ത്രങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പ്രവേശിച്ചു. ജയിലിലെ യാത്രയയപ്പ്‌ ഒരാഘോഷമാണ്‌. മാങ്ങ/ഓറഞ്ച്‌/ആപ്പിള്‍ ജൂസ്‌ ... ബിസ്‌കറ്റ്‌സ്‌.. കളിചിരികള്‍! കാലം ഇതാ വീണ്ടും ചിരിക്കുന്നു, ഒരു വികൃതിക്കുട്ടിയെപ്പോലെ!

കൈവിലങ്ങുകള്‍ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ ഞെട്ടി. 'മാഫി മുഷ്‌കിലാ' എന്ന്‌ പൊലീസുകാര്‍ പറഞ്ഞു. (സുനിലും നാസര്‍ക്കയും അധികാരിയോട്‌ ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു അത്‌ - "ദയവായി അവരെ കൈവിലങ്ങിട്ട്‌ എയര്‍പ്പോര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കരുത്‌" എന്ന്. അത്‌ അവര്‍ ക്ഷമയോടെ പാലിച്ചു.) വാഹനത്തിലേക്ക്‌ കെട്ടുകളും സ്യൂട്ട്‌കേസുകളും എടുത്തുവച്ചു. സെല്‍ഫോണുകള്‍ തിരികെത്തന്നു. രേഖകളില്‍ ഒപ്പിട്ടു. ഇനി യാത്ര !

ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ അതിശയം! വിളികള്‍ 'ക്യൂ'വായി വരുകയാണ്‌. ഒച്ച താഴ്ത്തി അതിനൊക്കെ വികാരാര്‍ദ്രമായി മറുപടി പറയുകയാണ്‌. കണ്ണുകള്‍ വഴിഞ്ഞൊഴുകുകയാണെന്ന്‌ അറിയുന്നില്ല. ജലീല്‍ പൊട്ടിക്കരയുകയണ്‌. അതു കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ തമാശ.
'നീയൊരു പുരുഷനല്ലേ? ഇങ്ങനെ കരയാന്‍ നാണമില്ലേ?' എന്ന്‌ അവര്‍ കളിയാക്കി.എയര്‍പ്പോര്‍ട്ടില്‍, പത്തു-പതിനഞ്ചു പേര്‍ കാത്തുനില്‍ക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ജീവിതചര്യകള്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചവര്‍. അകത്തുള്ള ഞങ്ങളുടെ ഉരുക്കമെല്ലാം പുറത്തുനിന്ന്‌ സ്വയം ഏറ്റെടുത്തവര്‍. ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌ കരയുകയാണ്‌; വാക്കുകളില്‍ തീപ്പൊരിയുള്ള 'വിപ്ലവകാരികള്‍'.

'ബോംബെ വരെ ടിക്കറ്റുണ്ട്‌. അവിടെനിന്ന്‌ തിരുവനന്തപുരത്തിനുള്ള ഫ്ലൈറ്റില്‍ വേഗം പോവുക. (ഇതാ ടിക്കറ്റിനും ചെലവിനുമുള്ള തുക). കുറെക്കാലം കുടുംബത്തോടൊത്ത്‌ സമാധാനമായി കഴിയുക. യതൊരു ആശങ്കയും വേണ്ട. ഞങ്ങള്‍ ഒപ്പമുണ്ട്‌. വീണ്ടും കാണാം' എന്നൊക്കെ പലരുടെയും ചിതറുന്ന വാക്കുകള്‍. സന്തോഷവും സങ്കടവും ഇടകലര്‍ന്ന മനസ്സിന്റെ വിറയല്‍. ഇനി സൌദിയിലേക്ക്‌ വരാനാവില്ല എന്ന തിരിച്ചറിവ്‌ പല സന്ദേഹങ്ങളെ ഒരു നിമിഷത്തില്‍ സംപ്രേഷണം ചെയ്തു. ഇനി പുതിയൊരു ദിശ കണ്ടെത്തണമെന്ന ബോധ്യവും ഉള്ളില്‍ തിളച്ചു.

മേയ്‌ 7. ഉച്ച തിരിഞ്ഞ്‌ 3 മണിക്ക്‌ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോംബേ വിമാനം തിരുവനന്തപുരത്ത്‌ ഇറങ്ങി. കുതിക്കുന്ന മനസ്സുമായി ഞങ്ങള്‍ പുറത്തേക്കുള്ള തിമിര്‍പ്പില്‍. അതാ ചിരിക്കുന്ന മുഖവുമായി സഖാക്കള്‍ കെ. ഇ. ഇസ്മയില്‍ എം. പി., സി. എന്‍. ചന്ദ്രന്‍, അഡ്വ. കെ. പി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം. ഹൃദ്യമായ സ്വീകരണം, കുശലങ്ങള്‍. പിന്നെ അവരുടെയൊപ്പം കാറില്‍ എം. എന്‍. സ്മാരകത്തിലേക്ക്‌.

അവിടെ നിയമസഭാ ഡെപ്യുട്ടി സ്പീക്കര്‍ ജോസ്‌ ബേബി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. പി. അച്യുതന്‍, ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌ തുടങ്ങി പരിചിതരും അപരിചിതരുമായവര്‍.അടുത്തുള്ള ലോഡ്‌ജില്‍ മുറിയെടുത്ത്‌, ബാര്‍ബര്‍ഷോപ്പില്‍നിന്ന്‌ സ്വന്തം രൂപത്തില്‍ പുറത്തിറങ്ങി, ഡെറ്റോള്‍ വെള്ളത്തില്‍ സുഖമായി കുളിച്ച്‌, വീണ്ടും എം. എന്‍. സ്മാരകത്തിലേക്ക്‌. അവിടെ സ: വെളിയം ഭാര്‍ഗവന്‍ കാത്തിരിക്കുന്നു. ഇരുകൈകളും കവര്‍ന്ന്‌ വികാരവായ്പ്പോടെ ഒരു പച്ച മനുഷ്യന്റെ ആകാംക്ഷകള്‍. സംഭവങ്ങളുടെ വിശദീകരണം. 'ഈന്ത്യന്‍ എംബസ്സി സൌദിയില്‍ അത്യാവശ്യമായും നിര്‍വഹിക്കേണ്ടുന്ന കടമകള്‍, പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയ്ക്ക്‌ കൊണ്ടുവരാന്‍ ഉതകുന്നതരത്തില്‍ പ്രശ്നങ്ങളെ പഠിച്ച്‌ അവതരിപ്പിക്കാന്‍' ആവശ്യമായ നോട്ടുകള്‍ തയ്യാറാക്കണമെന്ന് എം. പി. മാര്‍ക്ക്‌ വെളിയത്തിന്റെ നിര്‍ദ്ദേശം.

ജലീലിനും സജിത്തിനും തൃശ്ശൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്തു. വേണുഗോപാലിനൊപ്പം ഞാന്‍ കൊല്ലത്തേക്ക്‌ തിരിക്കുമ്പോള്‍ ജലീലിനും സജിത്തിനും കരച്ചില്‍ വന്നു. വൈകാതെ വീണ്ടും കാണാം എന്ന സമാശ്വാസത്തില്‍ ഞങ്ങള്‍ പിരിഞ്ഞു.

രാത്രി 9.20. വീടിനുമുന്നില്‍ കാര്‍ നിന്നു. അതിന്റെ പ്രകാശത്തില്‍ മുറ്റത്തെ കടലാസുപൂക്കള്‍ ചിരിച്ചു. ബന്ധുക്കളും അയല്‍ക്കാരും വരാന്തയില്‍ത്തന്നെയുണ്ട്‌. എല്ലാ മുഖങ്ങളിലും പരവേശവും കുറച്ചൊക്കെ അവിശ്വസനീയതയും തോന്നി. അതാ നില്‍ക്കുന്നു... രോഗാവസ്ഥയില്‍ തുഴയുന്ന എന്റെ പങ്കാളി.. അല്ല.. കെട്ടി മുറുക്കിവെച്ച ഒരു അഗ്നിപര്‍വതവുമായി എന്റെ നല്ലപാതി. ചിരിയോടെ മക്കള്‍. എന്നെ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്ന 'വികൃതിക്കുഞ്ചാളി'യായ 'പൊന്നു'. അവളെ എടുത്തുയര്‍ത്തുമ്പോള്‍, ആ കുഞ്ഞുകൈകള്‍ എന്റെ കഴുത്തിനെ അള്ളിപ്പിടിക്കുമ്പോള്‍, ഉള്ളില്‍ ഒരു പുഴ കരഞ്ഞു. അതിനുള്ളില്‍ നിലാവ്‌ പൊഴിഞ്ഞു.

000