Wednesday, February 28, 2007

കുരുടന്‍ ദൈവം

കവിത






ഇറങ്ങൂ പുറത്തേക്ക്‌!

ഉടവാള്‍ കിരീടം ചെങ്കോല്‍ ഉടമ്പടി
ചമയങ്ങളെല്ലാമെടുത്തോളൂ,
തിരികെ വരാമെന്ന്‌ കളവു പറയേണ്ട.
(അന്ധന്‍ പരീക്ഷിച്ച സ്വര്‍ണ്ണക്കണ്ണട
എന്നേ ഞാനുപേക്ഷിച്ചു കഴിഞ്ഞു.)

ഇത്രനാള്‍ ചുമ്മിയതറിയുമല്ലോ...
ഇറ്റു ദയ പോലും തരാത്തവനേ!
അകമ്പുറമെല്ലാം നനച്ച കണ്ണീര്‍
മഴത്തീയില്‍ ഉമിനീറിയടരുമ്പൊഴും,
വീര്‍ത്ത കുടത്തിന്‍ വയറുഴിഞ്ഞും
നിലയറ്റ കീര്‍ത്തനനഞ്ച്‌ തിന്നും
കാല്‍ക്കല്‍ വീണറ്റ കഴുത്തുകള്‍ പാടിയ
പൂവിളിക്കാറ്റിന്‍ വ്യഥ മറന്നും
പഷ്ണി കിടന്നു പകര്‍ന്ന നേദ്യങ്ങളെ
പുച്‌ഛിച്ച്‌ കൊടിമരക്കൊമ്പേറിയും
എച്ചില്‍ക്കലത്തിലെ ചീരയാണുത്തമ
ഭക്ഷണമെന്ന്‌ പൊളി പറഞ്ഞും
പരതന്ത്രഗീതയായുള്ളവനേ....
ഇറങ്ങൂ പുറത്തേക്ക്‌!

ഉടലിന്നു പാതിയെ അടിമുടി തളര്‍ത്തി
ജഢമെന്ന ജീവിതക്കുറുഭാഷ നല്‍കി
വിടചൊല്ലുവാന്‍ പോലുമനുവദിക്കാതെ
ഇരുചക്രഗതിയില്‍ കുരുക്കിണക്കി...
മൃതസ്വപ്നപേടകം തനിയേ തുറന്നാ
അമൃതിന്‍ ഫണംമുത്തിയവള്‍ മറഞ്ഞപ്പോള്‍
ഇനി ബാക്കിയില്ലാത്ത വിധി-സൌഖ്യമെല്ലാം
മറുലോകമെത്തിയാല്‍ തരുമെന്നുരച്ചും
നെറികേടിന്നുത്സവമായവനേ...
ഇറങ്ങൂ പുറത്തേക്ക്‌!

വഞ്ചനയ്‌ക്കുത്തരം വേദതന്ത്രങ്ങളായ്‌
അര്‍ത്ഥശാസ്‌ത്രങ്ങളായ്‌ ചൊല്ലിയാടാന്‍
ഇനി നിന്റെ പൂച്ചുള്ള ചര്‍മ്മങ്ങള്‍ വേണ്ട
ആടയാഭരണ കൊലച്ചോറും വേണ്ട.
നുണകള്‍ ചേര്‍ന്നുള്ളൊരു പെരുമാളിനായി
പരമാര്‍ത്ഥമില്ലാത്ത ഭക്തി വേണ്ട.

ജരജീവിതത്തിന്‍ പരാന്നഭോജീ....
ഇറങ്ങൂ പുറത്തേക്ക്‌!

000

2 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇത്രനാള്‍ ചുമ്മിയതറിയുമല്ലോ?
ഇറ്റു ദയ പോലും തരാത്തവനേ!
അകമ്പുറമെല്ലാം നനച്ച
കണ്ണീര്‍ മഴത്തീയില്‍ ഉമിനീറിയടരുമ്പൊഴും,
വീര്‍ത്ത കുടത്തിന്‍ വയറുഴിഞ്ഞും
നിലയറ്റ കീര്‍ത്തനനഞ്ച്‌ തിന്നും
കാല്‍ക്കല്‍ വീണറ്റ കഴുത്തുകള്‍ പാടിയ
പൂവിളിക്കാറ്റിന്‍ വ്യഥ മറന്നും
പഷ്ണി കിടന്നു പകര്‍ന്ന നേദ്യങ്ങളെ
പുച്‌ഛിച്ച്‌ കൊടിമരക്കൊമ്പേറിയും
എച്ചില്‍ക്കലത്തിലെ ചീരയാണുത്തമ
ഭക്ഷണമെന്ന്‌ പൊളി പറഞ്ഞും

വിഷ്ണു പ്രസാദ് said...

വളരെ ശക്തമായ കവിത.നിര്‍മാല്യത്തില്‍ ബിംബത്തിനു നേരെ വെളിച്ചപ്പാട് കാറിത്തുപ്പിയത് ഓര്‍മ വന്നു.ഭക്തിയുടെ വേറൊരു രൂപം തന്നെയല്ലേ ഈ പ്രതിഷേധവും.

ജരജീവിതത്തിന്‍ പരാന്നഭോജീ....
ഇറങ്ങൂ പുറത്തേക്ക്‌...
എന്ന് ആട്ടിയല്ലോ...അഭിനന്ദനങ്ങള്‍...