കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്!
Saturday, February 24, 2007
അധികാരത്തെക്കുറിച്ച് രണ്ടു കവിതകള്‍
അന്നം
തീനില്ലാത്ത ചൂണ്ടക്കൊളുത്ത്
തൊണ്ടയില്‍ക്കുടുങ്ങിയത്
എന്റെ പ്രാണവേദന.
കരയില്‍ ജീവവായു മുറിയുന്നത്
ഒടുക്കത്തെ പിടച്ചുതുള്ളല്‍.
ഇരിപ്പിടത്തില്‍ ഇളകിയിരുന്ന്
ചൂളം കുത്തുന്നതും
ഇടയ്ക്കിടെ കടലകൊറിച്ച്
തെറിപ്പാട്ടില്‍ മുഴുകുന്നതും,
നിന്റെ ചരിത്രബോധം
ഒരു ഉപനിഷദ്ശൂലമായി
പലനെഞ്ചുകള്‍ കീറിയിറങ്ങുന്നതും
വിശിഷ്ടമായ പൌരാവകാശം.
തീന്മേശയില് നിന്റെ സ്വാസ്ഥ്യം,
സ്വര്‍ണ്ണപ്പാത്രത്തില്‍ ഞാന്‍ വിഭവം.
കത്തിയും കരണ്ടിയും തൂവാലയും
രക്തവീഞ്ഞിന്റെ നുരയുമായി നിന്റെ മൃഷ്ടാന്നം.
മണ്ണ്
വെടിയുപ്പും കണ്ണീരുപ്പും ഒന്നല്ല.
ആദ്യത്തേതില്‍ വധിക്കലിന്റെ അലര്‍ച്ച,
മറ്റേതില്‍ ആര്‍ദ്രതയുടെ മുഴക്കം.
ഒന്ന് ചെവി തുളയ്ക്കുന്നതെങ്കില്‍
അടുത്തത് ഹൃദയത്തെ മുറിക്കുന്നത്.
അധികാരിയുടെ ചിരിയില്‍ മണക്കുന്നതും
ശബ്ദത്തില്‍ ഒളിച്ചിരിക്കുന്നതും
വെടിയുപ്പിന്റെ രാസസൂത്രങ്ങള്‍.
സിംഹാസനത്തിലമര്‍ന്നിരിക്കുമ്പോള്‍
അവന് മണ്ണിനെയും തലച്ചോറിനെയും
കൈയൊഴിയുന്നത്
മൃഗപരിണാമം.
ചേറില്‍ തിമിര്‍ക്കുന്ന പന്നിയായി
അവന് സ്വയം മറക്കുന്നത് മൌഢ്യം.
നാളെ...
മണ്ണിലിറങ്ങാതെ, മഴ നന്നയാതെ
കുറ്റമെണ്ണി മാപ്പു പറയാതെ
അവന്റെ തല രക്ഷിക്കപ്പെടില്ല.
എന്തെന്നാല്‍,
ഏവരും മറക്കുന്നത്
മണ്ണില്‍ നിന്ന് രൂപപ്പെട്ടതൊക്കെ
അവിടെ തിരിച്ചെത്തുമെന്ന
സത്യമാകുന്നു.
000
Subscribe to:
Post Comments (Atom)
3 comments:
വെടിയുപ്പും കണ്ണീരുപ്പും ഒന്നല്ല.
ആദ്യത്തേതില്‍ വധിക്കലിന്റെ അലര്‍ച്ച
മറ്റേതില്‍ ആര്‍ദ്രതയുടെ മുഴക്കം.
ഒന്ന് ചെവി തുളയ്ക്കുന്നതെങ്കില്‍
അടുത്തത് ഹൃദയത്തെ മുറിക്കുന്നത്.
അധികാരത്തെക്കുറിച്ച് രണ്ടു കവിതകള്‍
ശിവപ്രസാദ്,
രണ്ടു കവിതകളും വായിച്ചു. രണ്ടു മൂന്നാവര്‍ത്തി വായിച്ചു നോക്കി. പക്ഷെ ഒന്നും മനസ്സിലാവാതെ “ബലേ ഭേഷ് “ എന്നു പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം എന്റെ അറിവില്ലായ്മ തുറന്നു പറയുകയാണ്. സത്യം.. എനിക്കൊന്നും മനസ്സിലായില്ല!.
മാഷിന്റെ മറ്റുകവിതകള്‍ (കാട്, മുയല്‍നീതി, കണ്ണാടിയില്‍ ചിരുത..., അഗ്നിമലയാളം തുടങ്ങിയവ) നല്കിയ ആസ്വാദ്യത ഇതില്‍ നിന്നും കിട്ടിയില്ല. കവിത മോശമെന്നല്ല ഒരു പക്ഷേ കവിതയുടെ തലത്തിലേയ്ക്കു എന്റെ ആസ്വാദ്യത വളര്‍ന്നില്ല എന്നതാവാം ശരി.
രണ്ടു കവിതകള്‍ക്കും രാഷ്ട്രീയമായ മാനങ്ങളുണ്ട്.
അഭിനന്ദനങ്ങള്‍.
Post a Comment