Wednesday, February 21, 2007

സലാഡ്‌ രുചിക്കുമ്പോള്‍

കവിത:


ഇതളുകള്‍
ഒന്നൊന്നായി അടര്‍ത്തുമ്പോള്‍
ഇല്ലെന്നറിയുന്നത്‌ ഉള്ളി മാത്രമല്ല,
തേടിക്കൊണ്ടേയിരിക്കുന്ന മനശ്ശാന്തി.

മൂക്ക്‌
തൂവാലയിലേക്ക്‌ ചീറ്റാനും
മുരടനക്കി മുക്രയിട്ട്‌
വെള്ളം മോന്താനും
ഇത്ര നല്ലൊരവസരം വേറെയില്ല.

തക്കാളിച്ചോരയില്‍
ചുവക്കുന്ന വിശ്വാസം
അന്യമതക്കാരന്‌റ്റേതെന്ന്‌ സങ്കല്‍പ്പിച്ചാല്‍,
അയല്‍ക്കാരനെ കൊന്നത്‌
പാതകമേയല്ല.

എണ്ണവഴുക്കലുള്ള
ഇളം വക്ഷോജമായി
കണ്ണടച്ച്‌ തഴുകി
ചിന്തിച്ചുറപ്പിച്ചാല്‍
‍വെള്ളരിക്കയോടുംമാംസദാഹം തോന്നാം.

മുന മുതല്‍ കടിച്ച്‌
കടയോളമെത്തുമ്പോള്‍
കുറ്റബോധങ്ങളുടെ കൃമികള്‍ പിടയ്ക്കുന്നത്‌
പച്ചമുളകിന്റെസുകൃതമായി മാറും.

രൂപവും നിറവും
മുറിവുകളും ഒഴിവാക്കി
ആക്രമണ-വിശകലനത്തിനൊടുവില്‍
അയോഡീകരിച്ച ഉപ്പിനാല്‍
‍വായ്‌ക്കരിയും വിലാപവും.

കച്ച പുതപ്പിക്കും മുമ്പ്‌
എംബാം ചെയ്യണമെങ്കില്‍
‍ചെറുനാരങ്ങയുണ്ട്‌.

ഇപ്രകാരമാണ്‌
സലാഡ്‌ രുചിക്കുമ്പോള്‍
പുണ്യം കരഗതമാവുന്നത്‌.

000

5 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പുതിയ കവിത:

സലാഡ്‌ രുചിക്കുമ്പോള്‍

ഇതളുകള്‍
ഒന്നൊന്നായി അടര്‍ത്തുമ്പോള്‍
ഇല്ലെന്നറിയുന്നത്‌
ഉള്ളി മാത്രമല്ല,
തേടിക്കൊണ്ടേയിരിക്കുന്ന
മനശ്ശാന്തി.

Unknown said...

കവിത മനോഹരം ശിവപ്രസാദ്.
സാലഡും ജീവിതവുമായുള്ള ആ കോമ്പിനേഷന്‍ ശരിക്കും ഇഷ്ടമായി.

നന്ദു said...

ശിവപ്രസാദ്,
കവിത ഇഷ്ടമായി. ഒരു സലാഡിലെന്തിരിക്കുന്നു എന്നു ചോദിച്ചാ‍ല്‍...ഇത്രയൊക്കെ യുണ്ടെന്നു ഇപ്പോഴാണ് മനസ്സിലായതു!!.

Unknown said...

പ്രിയ ശിവപ്രസാദ്,
വളരെ നന്നായിട്ടുണ്ട് ഈ സലാഡിന്റെ രസതന്ത്രം.

“തക്കാളിച്ചോരയില്‍
ചുവക്കുന്ന വിശ്വാസം
അന്യമതക്കാരന്‌റ്റേതെന്ന്‌ സങ്കല്‍പ്പിച്ചാല്‍,
അയല്‍ക്കാരനെ കൊന്നത്‌
പാതകമേയല്ല.“

എല്ലാ ചെയ്തികളിലെയും തെറ്റും ശരിയും നിര്‍വചിക്കുന്നതിന്റെ അടിസ്ഥാനം തന്നെ ഇപ്പോള്‍ വിശ്വാസമാണല്ലോ?.

വിഷ്ണു പ്രസാദ് said...

വളരെ നന്നായിത്തോന്നി ഈ കവിത...

‘തക്കാളിച്ചോരയില്‍
ചുവക്കുന്ന വിശ്വാസം
അന്യമതക്കാരന്‌റ്റേതെന്ന്‌ സങ്കല്‍പ്പിച്ചാല്‍,
അയല്‍ക്കാരനെ കൊന്നത്‌
പാതകമേയല്ല.

എണ്ണവഴുക്കലുള്ള
ഇളം വക്ഷോജമായി
കണ്ണടച്ച്‌ തഴുകി
ചിന്തിച്ചുറപ്പിച്ചാല്‍
‍വെള്ളരിക്കയോടുംമാംസദാഹം തോന്നാം.

മുന മുതല്‍ കടിച്ച്‌
കടയോളമെത്തുമ്പോള്‍
കുറ്റബോധങ്ങളുടെ കൃമികള്‍ പിടയ്ക്കുന്നത്‌
പച്ചമുളകിന്റെസുകൃതമായി മാറും.