കവിത: പി. ശിവപ്രസാദ്
അഞ്ചു പുരുഷസിംഹങ്ങളും
വസ്‌ത്രവ്യാപാരികളായതില്
ഞാന്‍ വിവസ്ത്ര.
ഉടുപുടവയ്ക്ക് കിട്ടുന്ന പ്രിയം
ഉടുക്കാപ്പുടവയ്‌ക്കില്ല.
സ്വന്തമാക്കുന്നവനു ലാഭം
കാഴ്‌ചയും സ്പര്‍ശവും.
ലേലപ്പണമാണ് പ്രധാനം,
ഉടുത്തിരുന്നവളുടെ മാനമല്ല.
ചോദ്യങ്ങള്‍ക്കുനേരെ ചുണ്ടനങ്ങില്ല,
മീശ ചിലപ്പോള്‍ മുനപ്പിച്ചേക്കാം
കണ്ണുകള്‍ കുപിതരാവുമ്പോള്‍.
നരികളാണ് മക്കളെങ്കിലും
ചെന്നായ നുണയുന്ന ചോരയാണ്
വിളര്‍ത്ത ഞരമ്പുകളില്‍.
ജലവിഭ്രാന്തിയുടെ കാലം
തപസ്സിനു നേരെ നാവുനീട്ടുമ്പോള്‍
മഹര്‍ഷിമാര്‍ കണ്ണടയ്‌ക്കുന്നു.
പന്തം ചുഴറ്റുന്നത്
രാക്ഷസര്‍ മാത്രമല്ല
രക്ഷിതാകളും മിനുക്കുന്നുണ്ട്
പ്രതികാരപ്രതിജ്ഞകളുടെ
നേര്‍ത്ത വാള്‍മുനകള്‍.
രഹസ്യമായി കരയുന്നത്
ഇടറിയ കഴുത്തുകളാവാം.
ഹേ... കീചകാ വരൂ...!
അവശിഷ്ടമായ ഈ ഒറ്റവസ്ത്രം
നിന്റെ അശാന്തി കെടുത്തുമെങ്കില്‍.
000
5 comments:
വസ്‌ത്രം (കവിത)
അഞ്ചു പുരുഷസിംഹങ്ങളും
വസ്‌ത്രവ്യാപാരികളായതില്
ഞാന്‍ വിവസ്ത്ര.
“അവശിഷ്ടമായ ഈ ഒറ്റവസ്ത്രം
നിന്റെ അശാന്തി കെടുത്തുമെങ്കില്‍.“
ഹേ കീചകാ വരൂ...!.
തടിമിടുക്കുള്ള അഞ്ചുപേരുണ്ടെങ്കിലെന്താ അവളിന്നും പണയത്തിലല്ലെ?
"ശാന്തി തരുമെങ്കില്‍" എന്നതൊഴിവാക്കി "അശാന്തി കെടുത്തുമെങ്കില്‍" എന്നുപയോഗിച്ചത് വളരെ ഇഷ്ടപ്പെട്ടു ശിവപ്രസാദ്‌ജി.
ശക്തമായ കവിത ! നന്നായി
ശക്തമായ കവിത ! നന്നായി
Post a Comment