Sunday, December 17, 2006

അക്വാറീജിയ

കഥ :


ചുവപ്പുനിറത്തില്‍ ആകര്‍ഷകമായ സമചതുരാകൃതിയുള്ള ആ ചെറിയ പെട്ടി കരുണന്റെ കൈവെള്ളയിലിരുന്ന്‌ വിറച്ചു. അതിനുള്ളില്‍ ഒരു തങ്കമോതിരമുണ്ട്‌. പദ്‌മരാഗത്തിന്റെ തിളക്കത്തിന്‌ തന്റെ സ്നേഹത്തെക്കാളേറെ വിലയുണ്ടെന്ന്‌ അയാള്‍ക്കറിയാം. സുഭദ്ര പലതവണ ആവശ്യപ്പെട്ടപ്പോഴും വാങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍, ഒരു വാഗ്ദാനം നിറവേറ്റുന്നതിന്റെ രസത്തോടെയല്ലെങ്കില്‍പ്പോലും അത്‌ സമ്മാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ...

എല്ലാം അവളുടെ സങ്കല്‍പ്പങ്ങളാണ്‌. താന്‍ ഒരു അഗമ്യഗമനക്കാരനാണെന്നതാണ്‌ അവയില്‍ മുഖ്യമായത്‌. അവള്‍ കുറെക്കാലമായി തന്നെയും തെക്കതിലെ ഷേര്‍ലിയെയും കൂട്ടുപ്രതികളാക്കി ചിലതൊക്കെ മനസ്സില്‍ എഴുതിച്ചേര്‍ക്കുന്നുണ്ടായിരുന്നു. വെറും പൊട്ടത്തരങ്ങള്‍. അല്ലെങ്കിലും ഷേര്‍ലി ആഭരണമിടുന്നതും മാറ്റുന്നതും ഒരു പുതിയ പ്രതിഭാസമല്ലല്ലോ! ഭര്‍ത്താവിന്റെ ഇഷ്ടവും ഭാര്യയുടെ ആവശ്യകതയും നന്നായി ഇണങ്ങുന്ന ദാമ്പത്യമാണ്‌ അവരുടേതെന്ന്‌ തനിക്കും തോന്നിയിട്ടുള്ളതാണ്‌. എല്ലാ ആഭരണക്കടയുടെ ഉദ്ഘാടനത്തിനും മുന്തിയ തുകയ്ക്ക്‌ പലതും വാങ്ങിക്കൂട്ടുക ആ വക്കീലിന്റെ ശീലമാണ്‌. നുണകളുടെ പാലങ്ങള്‍കൊണ്ട്‌ നേരുകളുടെ കരകളെ കൂട്ടിക്കെട്ടുന്ന അയാള്‍ക്ക്‌ ആവശ്യത്തിലധികം സമ്പാദിക്കാന്‍ കഴിയുന്നുണ്ടാകും.

താനും വക്കീലും ഗോലികളിച്ചു നടന്നതും, പള്ളിക്കൂടത്തിലും കോളേജിലും പഠിച്ചതുമൊന്നും മറക്കാറായിട്ടില്ല. അയാള്‍ നേരാംവണ്ണം തലയുപയോഗിച്ച്‌ സമ്പാദിച്ചു. ബിരുദക്കാരനായ താനോ? തല പാടെ ഉപേക്ഷിച്ച്‌ കൈകളുടെ വിരുതിനെ ആശ്രയിച്ചു. കുഴമണ്ണിനെ മെരുക്കി നൃത്തം പഠിപ്പിച്ച്‌, വിരലുകളും കൈത്തലവും ഉപയോഗിച്ച്‌ പാരമ്പര്യത്തിന്റെ കണ്ണികള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. ചെളിയുടെ നനവിലും ചൂളയുടെ പൊള്ളലിലും അച്ഛനപ്പൂപ്പന്മാര്‍ പഠിപ്പിച്ചതെല്ലാം മണ്‍കലങ്ങളായി പുറത്തുവന്നു. അവയില്‍ ജീവിതംപോലെ ജലം നിറഞ്ഞുതുളുമ്പി. രുചിയും രസവുമുള്ള ജീവിതത്തിന്‌ മറ്റേതൊരു രൂപകവും തനിക്ക്‌ തോന്നാറില്ല. മണ്‍കലങ്ങളിലൂടെ ഉപജീവനത്തിന്റെ പാത തീരെ ഇടുങ്ങിയും മുള്ളുകള്‍ നിറഞ്ഞും കണ്ടപ്പോഴും താന്‍ വിരണ്ടില്ല. മണ്ണും ചെളിയുമെല്ലാം വമ്പന്‍ ലോറികളില്‍ നിറച്ച്‌ അന്യദിക്കുകളിലേക്ക്‌ കൊണ്ടുപോകുന്ന കരാറുപണിക്കാര്‍ വയലുകള്‍ കൈയേറി മുടിച്ചപ്പോഴും, തന്നെ ശത്രുവായി പ്രഖ്യാപിച്ച്‌ വെല്ലുവിളിച്ചപ്പോഴും വിരണ്ടില്ല. വീട്ടിനുള്ളില്‍ മാത്രം താന്‍ പരാജയത്തിന്റെ കയ്പറിഞ്ഞു തുടങ്ങി. അങ്ങനെ, മനസ്സിന്റെ ആഴത്തില്‍, മറ്റൊരു മെച്ചപ്പെട്ട തൊഴില്‍ നോടാന്‍ കഴിയാഞ്ഞതിന്റെ നിരാശ മണ്ടോടുകളായി ചിതറി വീണു. നിയതമായ രൂപവും ഭംഗിയുമില്ലാത്ത മണ്ടോടുകള്‍. ക്രമത്തില്‍ അവ കുമിഞ്ഞുകൂടി രക്തചംക്രമണത്തിന്റെ ഉള്‍വഴികള്‍ അടയാന്‍ തുടങ്ങിയോ?

ഇപ്പോള്‍, കരുണന്റെ ദൈന്യതയുടെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പുന്ന മാതിരി 'കാലത്തിനൊപ്പം മാറാത്ത ശവം' എന്നൊരു പുച്‌ഛിക്കലോടെ സുഭദ്ര മുന്നും പിന്നും കുലുക്കി കടന്നുപോയത്‌ അയാളെ ഞെട്ടിച്ചു. അതോടെ നെഞ്ച്‌ പറിഞ്ഞുപോയതായി തോനി. അവള്‍, ഭാര്യയെന്ന പദവിയില്‍ പതിനെട്ടുവര്‍ഷങ്ങളെ ചവിട്ടിക്കുഴച്ച്‌ വിരസതയോടെ കഴിഞ്ഞുകൂടുകയും, കഴിഞ്ഞ മിഥുനത്തില്‍ പതിനാറു വയസ്സു തികഞ്ഞ സൌദാമിനിയെ യഥാസമയം പെറ്റുവളര്‍ത്തുകയും ചെയ്തവളാണ്‌. അടക്കമൊതുക്കങ്ങള്‍ തെല്ലുപോലുമില്ലാത്ത ചിലനേരങ്ങളില്‍ അയാളവളെ തല്ലിയിട്ടുണ്ട്‌. അത്ര ശക്തമല്ലാത്ത ഒരടി അവളുടെ മനോരോഗങ്ങള്‍ക്ക്‌ ഒരാഴ്ച്ചക്കാലത്തേക്കുള്ള മരുന്നായിട്ടുമുണ്ട്‌. അതിരുകവിഞ്ഞ മിഥ്യാഭിമാനവും ഭര്‍ത്താവിനെ ഭരിക്കലാണ്‌ ഭാര്യയുടെ കടമയെന്ന വിശ്വാസവും സുഭദ്രയുടെ പ്രത്യേകതയായിരുനു.

മിക്സര്‍-ഗ്രൈന്‍ഡര്‍, ടി.വി., ഫ്രിഡ്ജ്‌ തുടങ്ങിയ ആഡംബരങ്ങളൊന്നും വേണ്ടെന്ന്‌ അയാള്‍ ഒരിക്കലും വാശിപിടിച്ചിട്ടില്ല. അതെല്ലാം സമയാസമയങ്ങളില്‍ വീട്ടിലെത്തിച്ച്‌ ഭാര്യയുടെ ജോലിഭാരം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍പ്പിന്നെ കോളറ പിടിപെട്ട മാതിരിയുള്ള ടെലിവിഷന്‍ പരമ്പരകളില്‍ സുഭദ്ര തലകുത്തനെ വീഴുകയായിരുന്നു. ചിലപ്പോഴൊക്കെ അയാളും അവള്‍ക്ക്‌ കൂട്ടിരുന്നു. പരമ്പരകളെക്കാള്‍ അയാളെ ആകര്‍ഷിക്കാറുണ്ടായിരുന്നത്‌ ഇടവേളകളിലെ പരസ്യങ്ങളായിരുന്നു. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള സ്ത്രീകളുടെ അഴക്‌ അയാളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്‌. കൂട്ടത്തില്‍ ഉടല്‍നിറയെ ആഭരണങ്ങളണിഞ്ഞ്‌, നിറഞ്ഞുലഞ്ഞ്‌ ചിരിക്കാറുള്ള ഒരു സിനിമാതാരം ആയിടെ അയാളുടെ മനസ്സ്‌ കവരാനും തുടങ്ങിയിരുനു.

ഇരുപത്തിനാല്‌ കാരറ്റിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ സുഭദ്രയുടെ ശരീരത്തെ എത്രത്തോളം രസഭരമാക്കുമെന്ന്‌ അയാള്‍ ഇടയ്ക്ക്‌ ആലോചിക്കാറുമുണ്ട്‌. തൊങ്ങലണിഞ്ഞ, പരുവത്തിന്‌ വെന്തതും ചന്ദനനിറമുള്ളതുമായ ഒരു കുടത്തിന്റെ കഴുത്തുപോലെ രൂപഭംഗിയും ഉപ്പുമണവും പേറി അവള്‍ അയാളുടെ ചുംബനങ്ങള്‍ക്കായി ചാഞ്ഞുതരും. കൂജയുടെ അരവട്ടംപോലെയുള്ള അവളുടെ അരക്കെട്ടില്‍ പൊക്കിള്‍ക്കുഴിയിലേക്ക്‌ എടുത്തു ചാടാനായുന്ന കൂമ്പുമായി ഒരു മണിയരഞ്ഞാണം പുണര്‍ന്നു കിടക്കുന്നതായി അയാള്‍ ഇടയ്ക്ക്‌ സ്വപ്നവും കണ്ടു. ചിലപ്പോഴൊക്കെ ശിരസ്സില്‍ ഇന്ദ്രനീലം തിളങ്ങുന്ന ഒരു സര്‍പ്പമായി അത്‌ അവളുടെ അരക്കെട്ടിനെ ചുറ്റിക്കിടന്നു. താന്‍ വിരല്‍ നീട്ടി തഴുകുമ്പോള്‍ അരസികതയുടെ ചീറലോടെ അത്‌ പത്തിവിടര്‍ത്തി. അങ്ങനെ ഉന്മാദത്തിന്റെ കേളികൊട്ടും, നിഗ്രഹിക്കാനാവാത്ത ഇന്ദ്രിയങ്ങളുടെ ചിന്നം വിളികളുമായി കരുണന്റെ രാത്രികള്‍ നീണ്ടു. അതൊന്നും ആരോടും പറയാവുന്ന കാര്യങ്ങളല്ല. മകള്‍ക്ക്‌ പതിനാറായി. അവള്‍ക്കും സ്വപ്നങ്ങളുടെ വാതില്‍ തുറന്നുകിട്ടുന്ന പ്രായമായിരിക്കുന്നു. മനസ്സിനെ ചങ്ങലയ്ക്കിടേണ്ടുന്ന സമയമായോ എന്ന സംശയം അയാളില്‍ തിരനോക്കി.

ഇങ്ങനെ സന്ദേഹങ്ങളുടെ കാലപ്രവാഹത്തില്‍ വീണുപോയ കരുണന്റെ തൊണ്ടയില്‍ ക്കുടുങ്ങിയ ദാമ്പത്യം മേലോട്ടും കീഴോട്ടുമില്ലാതെ അയാളെ വലച്ചു. ദുര്‍ബലമായ കാരണങ്ങളാല്‍ പലപ്പോഴും പിണങ്ങിയ സുഭദ്ര തികഞ്ഞ ധാര്‍ഷ്‌ട്യത്തിന്റെ പ്രതിരൂപമായി അയാളെ കുഴക്കി. ഒരിക്കല്‍, അങ്ങനെ പിണങ്ങിപ്പോയ ശേഷം രണ്ടാം മാസത്തില്‍, തിരികെയെത്തിയ അവള്‍ക്ക്‌ ചില മുന്നുപാധികളുണ്ടായിരുന്നു.

(1) താല്‍പ്പര്യമില്ലാത്തപ്പോള്‍ കൂടെക്കിടക്കാന്‍ നിര്‍ബന്ധിക്കരുത്‌.
(2) ദിവസവും പാചകം ചെയ്ത്‌ വിളമ്പണമെന്ന നിഷ്ഠയുണ്ടെങ്കില്‍ ഒരു വേലക്കാരിയെ ഉടനടി നിയമിക്കുക.
(3) ഈട്ടില്‍ ഇല്ലാത്ത ചില ഉപകരണങ്ങള്‍ (വാഷിംഗ്‌ മെഷീന്‍, സോഡ മേക്കര്‍ തുടങ്ങിയവക്ക വാങ്ങുക.
(4) അതിഥികളെ സല്‍ക്കരിക്കലും പഴങ്കഥകള്‍ അയവിറക്കലും ഒഴിവാക്കുക.
(5) കൊല്ലത്തിലൊരിക്കല്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്തുക.

ഉപാധികള്‍ കേട്ടിരുന്നപ്പോള്‍ തികഞ്ഞ വിരക്തിയാണ്‌ അയാള്‍ക്കാദ്യം തോന്നിയത്‌. തന്റെ മിതഭാഷണവും അനുസരണയും അവളില്‍ യാതൊരു പ്രതികരണവും ഉളവാക്കുകയില്ലെന്ന അനുഭവം എങ്ങനെയും മുന്നേറാനുള്ള കുറുക്കുവഴികളെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരണയായി.

അന്നു രാത്രിയില്‍ കരുണന്റെ വിരുന്നുകാരായത്‌ ടോമി പാലാക്കാരനും ഗുഡ്‌ലക്ക്‌ ചന്ദ്രാനന്ദനുമായിരുന്നു. മെര്‍സിഡസ്‌ കാര്‍ സമ്മാനം ലഭിച്ചവനെപ്പോലെ കരുണന്‍ അഴുക്ക്‌ തീണ്ടാതെ ചിരിച്ചു. ആഗോളപാനീയവും ഇറക്കുമതിചെയ്ത അണ്ടിപ്പരിപ്പും ആസ്വദിച്ച ടോമിചന്ദ്രന്മാരുടെ ചിരികളില്‍ തൊള്ളായിരത്തിപ്പതിനാറ്‌ നിലവാരമുള്ള സ്വര്‍ണ്ണത്തിന്റെ പളപളപ്പുണ്ടായിരുന്നു. അവരുടെ വരവോടെ തന്റെ ചെറിയ വീടിനുള്ളില്‍ ദുബായ്‌ ഷോപ്പിങ്‌ ഫെസ്റ്റിവെല്‍ കൊടിയേറിയെന്ന്‌ കരുണന്‌ തോന്നി.അവര്‍ കരുണനോട്‌ ഏറെനേരം സംസാരിച്ചിരുന്നു. തികച്ചും രാജകീയമായ ശെയിലിയില്‍ 'ബാലെ'ക്കാരെപ്പോലെ തോന്നിച്ചു അവരുടെ സംഭാഷണം.

"ബ്രഹ്മപുത്രനായ കുലാലന്റെ വംശമഹിമയില്‍ പിറന്ന, ഹേ .. കരുണാ, താങ്കളുടെ കുടുംബത്തിന്റെ ഭാഗ്യം ഇതാ തെളിയാന്‍ പോകുന്നു. ഇരുപതിനായിരത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുക. നറുക്കെടുപ്പില്‍ അഞ്ച്‌ മെര്‍സിഡസ്‌ കാറുകളോ, പന്ത്രണ്ട്‌ ഹ്യൂണ്ടേയ്‌ കാറുകളോ .. .. "

"സ്വര്‍ണ്ണം വാങ്ങാന്‍ തിക്കിത്തിരക്കുന്നതിനു മുമ്പ്‌ നിങ്ങളുടെ പൊന്നിന്റെ എംഡന്‍ രഹസ്യങ്ങളിലേക്ക്‌ പോകാനാണ്‌ എനിക്ക്‌ തോന്നുന്നത്‌. സത്യത്തില്‍ എന്താണതിന്റെ രഹസ്യം?" കരുണന്റെ ഹാലിളകിയ സംശയം.

"പറഞ്ഞുതരാം. കേട്ടോളൂ ഡിയര്‍.. .." കുറെ പാന്‍മസാല വായിലേക്കെറിഞ്ഞ്‌, ചവച്ചു രസിച്ച്‌, ടോമിചന്ദ്രന്മാര്‍ പറഞ്ഞു തുടങ്ങി.

"നിങ്ങള്‍ക്കറിയുമോ മിസ്റ്റര്‍ കരുണന്‍? മനുഷ്യസമൂഹത്തിന്റെ വികാസപ്രക്രിയയില്‍ നാണ്യവ്യവസ്ഥയുടെ അടിസ്ഥാനം തന്നെ സ്വര്‍ണ്ണമായിരുന്നു."

"പക്ഷേ, അത്‌ ചെമ്പാണെന്നാ ഞാന്‍ കേട്ടിട്ടൊള്ളെ.." കരുണന്‍ പ്രതികരിച്ചു.

"വെള്ളിയാണെന്ന്‌ പറയുന്ന മണ്ടന്മാരുമൊണ്ട്‌. അതിലൊന്നും കാര്യമില്ലെന്നേ" ടോമി ചിരിച്ചു.

"എങ്ങനെയും രൂപപ്പെടുത്താന്‍ കഴിയുന്ന ഈ ലോഹത്തിന്‌ ആവര്‍ത്തനപ്പട്ടികയില്‍ പതിനൊന്നാം സ്ഥാനമാണുള്ളത്‌. ആറ്റോമിക സംഖ്യ എഴുപത്തിയൊന്‍പത്‌. വെള്ളിയോ ചെമ്പോ ചേര്‍ത്ത്‌ കടുപ്പം കൂട്ടിയശേഷമാണ്‌ ഇതിനെ ആഭരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്‌."

"അപ്പോ.. മായമില്ലാത്ത കച്ചോടം നിങ്ങക്കും അറീല്ലെന്ന്‌ സാരം?"

"ഇരുപത്തിനാല്‌ കാരറ്റ്‌ സ്വര്‍ണ്ണമാണ്‌ ഏറ്റവും ശുദ്ധമായത്‌. അത്‌ ഞങ്ങളുടെ ഷോറൂമുകളില്‍ മാത്രമേ കിട്ടുകയുമുള്ളു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.."

"അതായത്‌ നമ്മുടെ ഭൌതികജീവിതത്തിന്റെ പുതുവ്യവസ്ഥയില്‍ ജിവാത്മാവിന്റെ സ്ഥാനമാണ്‌ സ്വര്‍ണ്ണത്തിനുള്ളത്‌. സ്വര്‍ണ്ണം ജീവാത്മാവാണെങ്കില്‍ റോയല്‍ വാട്ടറാണ്‌ പരമാത്മാവ്‌?"

"രാജകീയ ജലം. കൊള്ളാമല്ലോ പേര്‌. സിനിമക്കാര്‌ ചൂണ്ടാതെ നോക്കിക്കോ?"

"കാല്‍ഭാഗം ഗാഢ നൈട്രിക്‌ ആസിഡും മുക്കാല്‍ ഭാഗം ഗാഢ ഹൈഡ്രോക്ലോറിക്‌ ആസിഡും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതദ്രവമാണ്‌ റോയല്‍വാട്ടര്‍. അതിന്‌ സ്വര്‍ണ്ണത്തെ ലയിപ്പിക്കാന്‍ കഴിയും. ഓറെഞ്ചിന്റെ മഞ്ഞനിറമുള്ള ഈ ലായനിയില്‍ പലതും ലയിച്ചു ചേരും. ഇതിന്‌ 'അക്വാറീജിയ' എന്നും പേരുണ്ട്‌" ചന്ദ്രാനന്ദന്‍ ക്ലാസ്സെടുക്കുകയാണ്‌.

"അഹഹോ? അക്വാറീജിയ. അവനാള്‌ അടിപൊളിയാണല്ലോ സാറേ?" കരുണന്‌ രസിച്ചു.

"സ്വര്‍ണ്ണമില്ലാത്ത പെണ്ണും കടിഞ്ഞാണില്ലാത്ത കുതിരയും അപകടകാരിയാണെന്ന്‌ ഞങ്ങള്‍ താങ്കളെ പറഞ്ഞ്‌ മനസ്സിലാക്കേണ്ടതുണ്ടോ? ഒരു സുവര്‍ണ്ണ തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക്‌ സമയമായി.. .. " ടോമിചന്ദ്രന്മാര്‍ ഉലഞ്ഞും കുലുങ്ങിയും ചിരിച്ചുതള്ളി.

ജനകോടികളുടെ മൃഗതൃഷ്ണകളെ കടിഞ്ഞാണാക്കിയ ആ യോദ്ധാക്കളെ വിശ്വസിക്കാതിരിക്കാന്‍ കരുണന്‌ തോന്നിയില്ല. രണ്ട്‌ മാന്യന്മാര്‍. ജീവിതവിജയികള്‍. സ്വന്തം പരസ്യചിത്രങ്ങളില്‍ പുണ്യവാളന്മാരെപ്പോലെ പ്രത്യക്ഷപ്പെടാറുള്ള അവരുടെ വാക്കുകളെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതില്‍ അല്‍ഭുതപ്പെടാനില്ല. അങ്ങനെയാണ്‌ കരുണന്‍ തനിത്തങ്കമായ തന്റെ മനസ്സുമായി മുന്നില്‍ പേശിക്കൊണ്ടിരുന്ന അക്വാറീജിയകളിലേക്ക്‌ എടുത്തു ചാടിയത്‌.

രാത്രി മുഴുവന്‍ ചിന്തിച്ചതിനാല്‍, അയാളുടെ ബോധാബോധങ്ങളില്‍ വന്‍ വിസ്ഫോടനങ്ങള്‍ സംഭവിച്ചതിന്റെ ഫലമായിട്ടാണ്‌ കരുണന്‍ കോട്ടയം ബസ്സില്‍ കയറിയത്‌. ബാങ്കില്‍നിന്ന്‌ പിന്‍വലിച്ച അമ്പത്താറായിരം രൂപയും കൈയിലുണ്ടായിരുന്നു. ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതിന്റെ മുക്കാല്‍പ്പങ്കായ ആ തുക ഉലയില്‍ ചുട്ടുപൊള്ളുന്ന ഒരു സ്വര്‍ണ്ണത്തകിടുപോലെ അയാളുടെ തലയ്ക്കുള്ളിലും തിളച്ചു. സ്വര്‍ഗ്ഗം പോലെ തോന്നിച്ച ആഭരണക്കടയില്‍നിന്ന്‌ തിരികെ വരുമ്പോള്‍ കരുണന്‍ സംതൃപതനായിരുന്നു. പന്ത്രണ്ടു വര്‍ഷക്കാലത്തെ സുഭദ്രയുടെ അലട്ടലുകള്‍ക്കുള്ള ഒറ്റമൂലി ഇതാ തന്റെ കൈയില്‍. പത്തു പവന്റെ മാലയും ഒരു ജോഡി കമ്മലും വളകളും. പിന്നെ, പ്രത്യേകമായി നക്ഷത്രരാശി നോക്കി വാങ്ങിയ പദ്‌മരാഗ മോതിരവും.

ബസ്സിലിരുന്ന്‌ ചെറുതായൊന്ന്‌ മയങ്ങിപ്പോയോ? അതെ, നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ, കൈയിലെ ബാഗ്‌ നന്നായി സൂക്ഷിച്ചുതന്നെ പിടിച്ചിട്ടുണ്ടായിരുന്നു. ഇക്കാലത്ത്‌ കൂടെക്കിടക്കുന്നവരെ വിശ്വസിക്കാന്‍ പറ്റില്ല. പിന്നല്ലേ സഹയാത്രികരെ! ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോഴായിരുന്നു സംശയം തോന്നിയത്‌. എന്റമ്മേ.. .. അതെയല്ലോ! ബാഗിന്റെ വയര്‍ തികച്ചും ശൂന്യം.

കരുണന്റെ തലയ്ക്കുള്ളില്‍ പിന്നെ വെറും കരിക്കട്ട മാത്രമായിരുന്നു. അത്‌ കുഴമണ്ണായി മാറിയത്‌ അയാള്‍ വിളക്കുകാലിനു ചുവട്ടില്‍ ചടഞ്ഞിരുന്ന്‌ ഒത്തിരി നേരം കരഞ്ഞതിനുശേഷമാണ്‌. സഹതാപം വഴിയുന്ന വാക്ധോരണിയുടെ ആളകമ്പടിയോടെയാണെയെങ്കിലും തിരികെ വീടെത്തിയത്‌ സ്വബോധത്തോടെയായിരുന്നില്ല. വായില്‍ക്കൊള്ളാത്ത മറുഭാഷയുടെ മരമടി കഴിഞ്ഞപ്പോള്‍ സുഭദ്രയുടെ കത്തുന്ന കണ്‍മുനകളില്‍ കരുണന്‍ വിറങ്ങലിച്ചു. അയാളുടെ കൈവെള്ളയില്‍ ചുവപ്പ്‌ നിറത്തില്‍ ആകര്‍ഷകമായ സമചതുരാകൃതിയുള്ള ആ ചെറിയ പെട്ടി ഇരുന്ന്‌ വിറച്ചു. ഒടുവില്‍, ഭര്‍ത്താവിന്റെ മുഖമടച്ച്‌ 'ആണത്തമില്ലാത്തവന്‍' എന്ന്‌ വിശേഷിപ്പിച്ച്‌ അവള്‍ കതക്‌ വലിച്ചടച്ചു.

പുറത്ത്‌ വേവുന്ന മീനത്തിന്റെ സന്ധ്യ കരിപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ദിശയറിയാതെ നടന്നു. അന്തിക്കള്ളിന്റെ ലഹരി നുരഞ്ഞപ്പോള്‍ കരുണന്‍ ഷാപ്പിന്റെ ഇരുള്‍മൂലയിലിരുന്ന്‌ തേങ്ങലടക്കാന്‍ പാടുപെട്ടു.
'ഞാനൊരു മനുഷ്യനായി ജീവിക്കാന്‍ അവള്‌ സമ്മതിക്കില്ല' എന്ന പതിവു പല്ലവി പുറത്തുചാടി.

'നെനക്ക്‌ നട്ടെല്ലിന്‌ കരുത്തില്ലാഞ്ഞിട്ടാടാ കരുണാ .. ..' എന്ന്‌ ഡ്രൈവര്‍ ലെയ്‌ലാന്‍ഡ്‌ മത്തായി വിളിച്ചു കൂവി.

'അവക്ക്‌ വേറെ എടപാട്‌ കാണുമെടോ. സ്വന്തം ജാരനുവേണ്ടി അവള്‌ നെന്നെ ഒറ്റിയേക്കും .. ..' എന്നിങ്ങനെ കറവക്കാരന്‍ പുഷ്കരന്‍ അടക്കം പറഞ്ഞു.

അയാളാകെ തിളച്ചുമറിഞ്ഞു. ഉറയ്ക്കാത്ത ചുവടുകളില്‍ തിരിച്ചെത്തിയത്‌ ചെളിനിലത്തിലായിരുന്ന്നു. കരയിലുള്ള ഏറുമാടത്തില്‍ പഴയൊരു റാന്തല്‍വിളക്ക്‌ കാണണമല്ലോ എന്ന്‌ കരുണന്‍ ഓര്‍മ്മിച്ചു. കൌമാരത്തോളം പഴക്കമുള്ള അത്‌ തെരഞ്ഞ്‌ കണ്ടുപിടിക്കാനുള്ള ക്ഷമയൊന്നും ഇല്ലായിരുന്നു. കുറെ കരിയിലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട്‌ കത്തിച്ചു. തീപ്പാമ്പുകള്‍ അയാളുടെ കണ്ണുകളിലൂടെ ഇഴഞ്ഞ്‌ ഉള്ളില്‍ക്കടന്നു.

കൌമാരം ഒരു കുതിരയായി അവനില്‍ ചിനച്ചുണര്‍ന്നു. ചെളിക്കണ്ടത്തില്‍ അതിന്റെ കുളമ്പുകള്‍ താളത്തില്‍ ചലിച്ചു. പുതുമഴ പെയ്ത്‌ കുളുര്‍ന്നപോലെ മണ്ണില്‍ ജൈവവിസ്‌മയങ്ങള്‍ തുടിച്ചു. അതില്‍നിന്ന്‌ പര്‍വ്വതങ്ങള്‍ മുളച്ചു. നീരുറവകള്‍ തുളുമ്പി. പുല്‍നാമ്പുകളും ആദിബീജങ്ങളും ഉയിര്‍ത്തു. തപ്പുമേളങ്ങളുമായി മൃഗവനങ്ങള്‍ അതിരുകാക്കാനെത്തി.

അപ്പോള്‍, ജലപാതത്തിന്റെ ചുവട്ടില്‍ കറുത്തൊരു ശിലയില്‍നിന്ന്‌ അവളുടെ ഉടല്‍ വിമോചിതമായി. കരിവീട്ടിയുടെ കാതല്‍പോലെ ചിന്തേരാല്‍ മിനുക്കപ്പെട്ട ആ ഉടലില്‍ അവന്റെ കാമനകള്‍ ഒരു കീരിയെപ്പോലെ വലംവെച്ചു. അവള്‍ പാല്‍ക്കാരി പാറോതിയായിരുന്നു. കരുത്ത്‌ ആവാഹിക്കപ്പെട്ട അവന്റെ കൈപ്പൂട്ടിലേക്ക്‌ ഒതുങ്ങുമ്പോള്‍ അവള്‍ അലിയാന്‍ തുടങ്ങി. കല്ലുമാലയും കുപ്പിവളകളും കിലുങ്ങിക്കലമ്പി. ഏതൊക്കെയോ അറിയാത്ത പൂക്കളുടെ മദഗന്ധങ്ങള്‍ അവനെ പൊതിഞ്ഞു.

സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാതെ ആ മീനത്തിളപ്പിന്റെ രാത്രി അങ്ങനെയൊക്കെ മണത്തുവിടര്‍ന്നതിന്റെ ആലസ്യം അവനെ മൂടി. കരുണന്റെ കാല്‍ച്ചുവട്ടില്‍ ചെളിമണ്ണ്‌ കുഴഞ്ഞു തിമിര്‍ക്കുകയാണ്‌. അതില്‍ നിന്ന്‌ അയാള്‍ വംശമഹിമയുടെ സൃഷ്ടിതാളങ്ങള്‍ കേള്‍ക്കുകയാണ്‌. പ്രപിതാമഹന്മാരെ മത്തുപിടിപ്പിച്ച താളങ്ങള്‍. അയാളുടെ ഓര്‍മ്മയില്‍ നിന്ന്‌ അവള്‍ മണക്കാന്‍ തുടങ്ങി. പുളിച്ച പാലിന്റെ മണം. അതോ, അമ്മിഞ്ഞയുടെയോ? കുഴമണ്ണിന്റെ ഗന്ധം അയാളില്‍ ഉത്തേജകമായി പരിണമിച്ചു. ഞരമ്പുകളില്‍ കന്മദത്തിന്റെ ലാവ പ്രവഹിച്ചു. ഓര്‍മ്മയിലേക്ക്‌ പാല്‍ക്കാരി പാറോതി നടന്നുകയറി. പിരിഞ്ഞ പാലിന്റെ പുളിമണവുമായി കാറ്റും കടന്നല്‍ക്കൂടിളകിയ മാതിരി അയാളെ പൊതിഞ്ഞു.

സ്വന്തം വീട്ടുമുറ്റം അയാള്‍ക്കിപ്പോള്‍ അന്യമായിരിക്കുന്നു. ഉറക്കച്ചടവോടെ കതകുതുറന്ന സുഭദ്രയുടെ അനിഷ്ടം നിറഞ്ഞ വാക്കുകളൊന്നും പുറത്തുവരാന്‍ കരുണന്‍ അനുവദിച്ചില്ല. ഒരു മരക്കഷണത്തെയെന്നവണ്ണം അയാളവളെ തൂക്കിയെടുത്തു. തോലുരിയപ്പെട്ടപ്പോള്‍ വെളിവായ മരക്കഷണത്തിന്റെ വെളുപ്പും തുടുപ്പുമൊന്നും അയാളറിഞ്ഞില്ല. വെകിളിപിടിച്ച കുതിരയുടെ മനസ്സുള്ള അയാളുടെ കൈപ്പൂട്ടില്‍ അപ്പോള്‍ പാറോതി മാത്രമായിരുന്നു.

'യുവറോണര്‍, അത്തരത്തില്‍ ഒരു മനുഷ്യനു ചേരാത്തവിധം നികൃഷ്ടമായി പെരുമാറിയ കരുണനെന്ന പ്രതി കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായി തെളിയുകയാണ്‌. പോരാത്തതിന്‌ അയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌, ഭാരതീയ സ്ത്രീത്വത്തിന്റെ മഹനീയതയെയും വിശുദ്ധിയെയും ലവലേശം ബഹുമാനമില്ലാത്ത, ചെളിക്കണ്ടത്തില്‍ കരുണനെന്ന പ്രതിക്ക്‌ നീതിപീഠം ഇച്ഛിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന്‌ ബഹുമാനപ്പെട്ട കോടതി മുമ്പാകെ വിനീതമായി അപേക്ഷിക്കുന്നു. ദാറ്റ്‌സോള്‍ യുവറോണര്‍.'

തന്റെ വാദഗതികള്‍ വിജയം കൊയ്യുമെന്ന പ്രതീക്ഷ ചെളികെട്ടിയ പുഞ്ചിരിയോടെ വക്കീല്‍ ഇരിപ്പിടത്തിലേക്ക്‌ നടന്നപ്പോള്‍, കരുണന്റെ ലോകം ഉരുള്‍പൊട്ടലില്‍ മണ്ണ്‌ മൂടിപ്പോയ ഒരു ജനപദത്തിന്റെ സ്വപ്നം പോലെ ഇരുണ്ടു.

തലകുമ്പിട്ട്‌ നില്‍ക്കുന്ന കക്ഷിയെ പ്രതിഭാഗം വക്കീല്‍ ആശ്വസിപ്പിച്ചു.
'ഒന്നും പേടിക്കാനില്ല. നമ്മുടെ വാദഗതിയില്‍ എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌. ഒരു ചുക്കും സംഭവിക്കില്ല. ലഞ്ചിനു ശേഷം വിധിവരുമ്പോള്‍ താങ്കള്‍ പൊട്ടിച്ചിരിക്കുമെന്ന്‌ എനിക്ക്‌ തീര്‍ച്ചയാണ്‌.'

ഇടനാഴിയില്‍, തിരക്കൊഴിഞ്ഞ ഒരിടത്ത്‌ അയാള്‍ വിഷണ്ണനായി നിന്നു. ചുറ്റിലും നടക്കുന്നതൊന്നും തിരിച്ചറിയാനാവാത്തത്ര ഒരു മരവിപ്പ്‌ തലയില്‍ വ്യാപിക്കുന്നു. എന്താണ്‌ സംഭവിച്ചത്‌ താന്‍ സുഭദ്രയെ അപമനിച്ചെന്നോ? കൊന്നെന്നോ? സാധാരണമായ ഒരു ദാമ്പത്യകലഹമല്ലാതെ... ഇതൊരു കുറ്റമാണെന്നോ..!'

മുന്നിലെത്തി നിര്‍വ്വികാരം തന്നെ നോക്കുന്ന മകളെ മങ്ങിയ നിഴല്‍ പോലെ അയാള്‍ കാണുന്നുണ്ട്‌. വയ്യ, ആ മുഖത്തേക്ക്‌ നോക്കാന്‍ വയ്യ. അയാള്‍ കുപ്പായത്തിന്റെ കീശയില്‍ നിന്ന്‌ ആ ചെറിയ സ്വര്‍ണ്ണ മോതിരം പുറത്തെടുത്തു. അതിന്റെ ചുവപ്പുരത്നം ചിതറിച്ച തിളക്കവും, തല കുമ്പിട്ട്‌ നടന്നകലുന്ന മകളുടെ രൂപവും മാറിമാറി നോക്കിക്കൊണ്ട്‌, ജീവിതത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന്‌ മരണത്തിന്റെ ഇങ്ങേത്തലയ്ക്കലേക്ക്‌ ചാഞ്ചാടുന്ന പെന്‍ഡുലം പോലെ അയാളുടെ തല രണ്ടുമൂന്നു തവണ ഇടംവലം ചലിച്ചു.

തൊണ്ടക്കുഴലിലൂടെ അത്‌ സുഗമമായി കടന്ന്‌ ശ്വസനേന്ദ്രിയത്തിന്റെ അടപ്പായി മാറേണമേ എന്ന പ്രാര്‍ത്ഥനയോടെ അയാള്‍ .. .. .. !

000

* 2005 ഓഗസ്റ്റില്‍ 'ദേശാഭിമാനി വാരിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

8 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വായില്‍ക്കൊള്ളാത്ത മറുഭാഷയുടെ മരമടി കഴിഞ്ഞപ്പോള്‍ സുഭദ്രയുടെ കത്തുന്ന കണ്‍മുനകളില്‍ കരുണന്‍ വിറങ്ങലിച്ചു. അയാളുടെ കൈവെള്ളയില്‍ ചുവപ്പ്‌ നിറത്തില്‍ ആകര്‍ഷകമായ സമചതുരാകൃതിയുള്ള ആ ചെറിയ പെട്ടി ഇരുന്ന്‌ വിറച്ചു. ഒടുവില്‍, ഭര്‍ത്താവിന്റെ മുഖമടച്ച്‌ 'ആണത്തമില്ലാത്തവന്‍' എന്ന്‌ വിശേഷിപ്പിച്ച്‌ അവള്‍ കതക്‌ വലിച്ചടച്ചു. പുറത്ത്‌ വേവുന്ന മീനത്തിന്റെ സന്ധ്യ കരിപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ദിശയറിയാതെ നടന്നു.

സുല്‍ |Sul said...

ശിവന്‍ മാഷെ,

വളരെ കാലിക പ്രാധാന്യമുള്ള ഒരു സംഭവം, വളരെ തന്മയിത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

നിത്യയുടെ പോസ്റ്റിലെ കമെന്റ് പോലെ, ഇത് ഇത്ര പെട്ടെന്ന് പോസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല. ഇവിടെ പോസ്റ്റിയതു കൊണ്ട് അതു വായിക്കാനായി.

നന്ദി.

-സുല്‍

വേണു venu said...

ശിവപ്രസാദ് കഥയിഷ്ടപ്പെട്ടൂ.. ദുര്‍ഗ്രാഹ്യമായ കവിതകളെക്കാള്‍ കൂടുതല്‍ ഇതെനിക്കു മനസ്സിലായി.
പിന്നെ. സ്വര്‍ണം അതിനെ ഞാന്‍ പണം എന്ന ആശയത്തിലൂടെ കാണാന്‍ ശ്രമിക്കുമ്പോള്‍ എന്തോ ശരികേടുപോലെയും .
നിത്യയുടെ കാഴ്ചകള്‍ എന്ന ബ്ലോഗു വായിച്ചിരുന്നു. അവിടെ എന്തോ കമന്‍റെഴുതാന്‍ പറ്റിയില്ല.

Anonymous said...

കഥ വായിച്ചു.നന്നായിട്ടുണ്ട്.ബൂലോകത്തെ സ്ത്രീജനങ്ങളാണ് ഈ കഥ വായിച്ച് അഭിപ്രായം പറയേണ്ടതെന്ന് തോന്നുന്നു.

വിഷ്ണു പ്രസാദ് said...

അയ്യോ, മുകളിലെ കമന്റ് എന്റേതാണ്.അതെങ്ങനെ അനോണിയുടേതായി.

Anonymous said...

ശിവപ്രസാദ്,
കഥയും വഴങ്ങും എന്നു തെളിയിച്ചു.
“സ്വര്‍ണ്ണമില്ലാത്ത പെണ്ണും കടിഞ്ഞാണില്ലാത്ത കുതിരയും അപകടകാരിയാണെന്ന്‌ ...”
എന്റെ ദൈവമെ ഈ ശിവപ്രസാദിന്
ബൂലോകത്തെ പെണ്ണുങ്ങടെ കൈ കൊണ്ടു മരിക്കാനാണല്ലോ വിധീ.

അനംഗാരി said...

കഥനന്നായി.അഭിനന്ദനങ്ങള്‍.

Anonymous said...

സ്ത്രീകള്‍ മാത്രം അഭിപ്രായം പറയേണ്ട പക്ഷം ഉണ്ടെന്നു തോന്നുന്നില്ല. നല്ല രചന. അഭിനന്ദനങ്ങള്‍!