എയിഡ്സ് വിരുദ്ധ പ്രചാരകനായ
യുവകേരളീയന്‍ ഞാന്‍.
ആദ്യരാത്രിയാണിന്ന്.
കിടപ്പറയില്‍ പറയാനുള്ള
നൂറായിരം വര്‍ത്തമാനങ്ങള്‍ക്ക്
ചെറിയൊരു റിഹേഴ്സലാണ്
നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്.
സ്ത്രീ - പുരുഷന് ദൈവം നല്കിയ ബലി
പുരുഷന് - സ്ത്രീയ്ക്ക് കടിഞ്ഞാടിടുന്ന യന്ത്രം
പ്രേമം - ഇരുവര്‍ക്കും മറയില്ലാതെ ചതിക്കാന്‍
പ്രായം ചിരിച്ചു നല്കുന്ന അച്ചാരം.
ലോകം എന്റെ സിനിമാസ്കോപ്പില്
പേയിളകിയ വെറുമൊരു കുതിര.
നിന്റെ വീക്ഷണത്തില്‍ ഒതുങ്ങാത്തതാവാം
എന്റെ സങ്കല്പ്പമെങ്കില്
നീ നിന്നെത്തന്നെ മറന്നേക്കുക.
പഴയതില്‍നിന്ന് പുതിയതോ
പുതിയതില്‍നിന്ന് ഭാവിയോ
തുയിലുണര്‍ത്തേണ്ടുന്ന കാലം
പടിയിറങ്ങി പൊയ്പേ്പായ്.
ഇന്നിപ്പോള്‍...
ഉള്ളതില്‍ ഉപ്പും മധുരവും ചേര്‍ത്ത് മോന്താം.
വടക്കും തെക്കും കിഴക്കും
ചിതറിയ നഗരസത്രങ്ങളെല്ലാം
വീഞ്ഞുവിളഞ്ഞ കണ്ണുകളുമായി
എന്നെ മാറിലൊതുക്കിയ കാലം.
പഴയദില്ലിയില്‍ മുന്തിരിച്ചുവയുള്ള ബേഗം
ചൗരംഗി ലെയ്നില്‍ വംഗശ്രീ റോസി
ഗ്രാന്‍ഡ് റോഡില്‍ മറാഠമണക്കും ചന്ദന
ഭുവനേശ്വറില്‍ സാമ്പ്രാണിച്ചൂരായ മുഗ്ദ്ധ...
കിടക്കയില്‍നിന്ന് നേരേ
മനസ്സിലേക്ക് കടക്കാന്‍ കൊതിച്ചവര്‍.
മധുവിധുവിന്നൊടുവില്‍
ഉപയോഗിച്ചെറിഞ്ഞ ഉറകളെപ്പോലെ
അവര്‍ എനിക്കന്യരായ്ത്തീര്‍ന്നു.
ഉറകള്‍ നിര്‍ബന്ധമാക്കിയതിലൂടെ
പ്രതിജ്ഞാബദ്ധമാക്കിയ ജന്മങ്ങള്.
പോംവഴികളില്ലാത്ത കീറാമുട്ടിയോ
ശരിയുത്തരമില്ലാത്ത വിഷമക്രിയയോ
ആയിരിക്കാം ജീവിതത്തിന്റെ ജന്തുസ്വരൂപം!
കഴിഞ്ഞതിനെക്കുറിച്ചെന്തിന് വിലാപം?
വരാനുള്ള സ്വപ്നവും വ്യര്‍ത്ഥം.
ഉടല് ചേര്‍ത്ത് സ്വര്‍ഗ്ഗമാക്കിയാല്‍
ഉയിര് കടലായും മാറും.
(ഇതൊക്കെ വടിവൊത്ത മുഴക്കത്തില്‍
വധുവിനോട് പറഞ്ഞുപോയാല്‍...
വിറയ്ക്കുന്ന വിരല്‍ത്തുമ്പിലെ നഖങ്ങള്‍
എന്റെ കഴുത്തുതേടിവന്നാല്‍?)
"ഓമനേ,
ഒരു സത്യം ഞാന്‍ പറയട്ടെ?
എന്റെ ജീവിതത്തിലെ
ആദ്യത്തെ സ്ത്രീയാണ് നീ...
അവസാനത്തെയും."
000
6 comments:
സ്ത്രീ -
പുരുഷന് ദൈവം നല്കിയ ബലി.
പുരുഷന് -
സ്ത്രീയ്ക്ക് കടിഞ്ഞാടിടുന്ന യന്ത്രം.
പ്രേമം -
ഇരുവര്‍ക്കും മറയില്ലാതെ ചതിക്കാന്‍
പ്രായം ചിരിച്ചു നല്കുന്ന അച്ചാരം.
(ആദ്യരാവില്‍ പറയാവുന്നത് : കവിത)
ഇറക്കത്തില്‍ മറിയുന്ന വാക്കിന്റെ പഴവണ്ടി.
ശിവപ്രസാദേട്ടാ,
നന്നായിട്ടുണ്ട് കവിത. ആശയം കേട്ട് പരിചയമുള്ളതാണെങ്കിലും എഴുത്ത് ഇഷ്ടപ്പെട്ടു. ചെറുതല്ലാത്ത രീതിയില്‍ ചിരി വന്നതെന്തുകൊണ്ടാണാവോ?
എഴുത്തു കൊള്ളാം
കൊള്ളാം ശിവേട്ടാ
നന്നായി 'നില്ക്കുന്നു'
സത്യത്തിന്റെ മുഖം വളരെ ഭീകരമാണ് അതിനാല്‍ ഞാന്‍ ഭാര്യയോട് സത്യം പറയാറില്ല. അവള് പേടിക്കും. എന്നൊരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടതോറ്മ്മ വന്നു..
നന്നയിരിക്കുന്നു ശിവപ്രസാദ്.
Post a Comment