Sunday, March 29, 2009

വിരഹാദ്യരാത്രി

സ്വര്‍ണ്ണം കിനിഞ്ഞു കിനിഞ്ഞ്‌
അലിഞ്ഞിറങ്ങിയ മാതിരി
അസ്തമയശോഭയുടെ ഉലകത്തിച്ച്‌
ലഹരിയുടെ തീര്‍ത്ഥങ്ങളില്‍
മുഴുകി നീന്താന്‍ കൊതിയുണ്ടെങ്കിലും...
സ്വപ്‌നവും നോവുന്ന സത്യവും
ഇരുതട്ടുകളില്‍ തുള്ളിയിളകവെ
പുതുഗന്ധങ്ങളുടെ പെയ്‌ത്തില്‍
നാം അഭിമുഖമിരിപ്പെങ്കിലും...
മധ്യത്തില്‍ ഈ നീതിദേവതയുടെ
അന്ധവും ബധിരവുമായ ശിരസ്സില്‍
ഒച്ചയെടുക്കാത്ത മുറിനാവ്‌
കരുതലായ്‌
കുരുതിജന്മത്തെ
മറിച്ച്‌ വായിക്കുന്നു.

കണ്ണിലാരാണ്‌ ശരറാന്തല്‍ കൊളുത്തിയത്‌?
കിനാവും കവിതയും ചേര്‍ത്ത്‌
ഉറക്കമിളച്ച്‌ കാത്തത്‌?
കിടക്കവിരി മാറ്റി വിളക്കൂതിയത്‌?
അമ്പിളിത്തട്ടില്‍ മുന്തിരിവീഞ്ഞും
കെട്ടിപ്പിടിക്കാന്‍ മുയല്‍ക്കുഞ്ഞുങ്ങളുമായി
ശരത്‌കാലത്തിന്റെ ശയ്യാകാശത്തിലെ
മേഘങ്ങള്‍ മുറുക്കിയ സാരംഗിയില്‍
ആരോ നിറുത്താതെ പാടുന്നതും
നമുക്കുവേണ്ടിയോ... പ്രിയേ?

ഒരു തവണ മൊത്തിയെങ്കിലും
ഒരിക്കലും കൊതിതീര്‍ക്കാത്തവിധം
നിശ്ചലം കണ്ണുതുറന്നിരിക്കട്ടെ
ആ പാനപാത്രം അവിടെ
അങ്ങനെത്തന്നെ
അചഞ്ചലം.
ഈ മുഖവും മനസ്സും പെയ്യുന്ന
വിധുവും അനല്‍പമധുവും
രുചികളെ തിരികെവിളിക്കുമ്പോള്‍
പാനപാത്രം എനിക്കെന്തിന്‌!
പ്രണയത്തിലുപരി ലഹരിയാകാന്‍
ഏത്‌ മായാമദിരയാണുള്ളത്‌?

ക്ഷമിക്കുക...
ഓര്‍ത്തോര്‍ത്തിരിക്കെ
മറന്നു പോകുന്നു,
ഇത്‌ വിരഹാദ്യരാത്രിയെന്ന്‌.

***

10 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഒരു പുതിയ കവിത, ‘വിരഹാദ്യരാത്രി’...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...
This comment has been removed by the author.
ശ്രീ said...

നന്നായിട്ടുണ്ട് മാഷേ
:)

പകല്‍കിനാവന്‍ | daYdreaMer said...

കിനാവും കവിതയും ചേര്‍ത്ത്‌
ഉറക്കമിളച്ച്‌ കാത്തത്‌?

Ans: പകല്‍ കിനാവന്‍ ആണേ.. (ഹഹ)

കവിത ഇഷ്ടമായി ചേട്ടാ..

ശെഫി said...

ഇഷ്ടമായ്

ramanika said...

പ്രണയത്തിലുപരി ലഹരിയാകാന്‍
ഏത്‌ മായാമദിരയാണുള്ളത്‌?
ishttapettu

ajeeshmathew karukayil said...

കവിത ഇഷ്ടമായി

ഗൗരി നന്ദന said...

ക്ഷമിക്കുക...
ഓര്‍ത്തോര്‍ത്തിരിക്കെ
മറന്നു പോകുന്നു,
ഇത്‌ വിരഹാദ്യരാത്രിയെന്ന്‌.

അതില്‍ കുഴപ്പമില്ല,കാരണം.....
പ്രണയത്തിലുപരി ലഹരി വേറൊന്നിനുമില്ലല്ലോ???

അസൂയപ്പെടുത്തുന്ന വരികള്‍ ശിവേട്ടാ......... നന്ദി.....

തേജസ്വിനി said...

ഇഷ്ടായി എന്നുപറയട്ടെ!
വെറുതെ ഒരു കമന്റിടാനല്ല, ശരിക്കും നല്ല ഇഷ്ടായി..

എംപി.ഹാഷിം said...

കൊള്ളാം.... നന്നായി.
ഭാവുകങള്‍.