Sunday, March 29, 2009

വിരഹാദ്യരാത്രി

സ്വര്‍ണ്ണം കിനിഞ്ഞു കിനിഞ്ഞ്‌
അലിഞ്ഞിറങ്ങിയ മാതിരി
അസ്തമയശോഭയുടെ ഉലകത്തിച്ച്‌
ലഹരിയുടെ തീര്‍ത്ഥങ്ങളില്‍
മുഴുകി നീന്താന്‍ കൊതിയുണ്ടെങ്കിലും...
സ്വപ്‌നവും നോവുന്ന സത്യവും
ഇരുതട്ടുകളില്‍ തുള്ളിയിളകവെ
പുതുഗന്ധങ്ങളുടെ പെയ്‌ത്തില്‍
നാം അഭിമുഖമിരിപ്പെങ്കിലും...
മധ്യത്തില്‍ ഈ നീതിദേവതയുടെ
അന്ധവും ബധിരവുമായ ശിരസ്സില്‍
ഒച്ചയെടുക്കാത്ത മുറിനാവ്‌
കരുതലായ്‌
കുരുതിജന്മത്തെ
മറിച്ച്‌ വായിക്കുന്നു.

കണ്ണിലാരാണ്‌ ശരറാന്തല്‍ കൊളുത്തിയത്‌?
കിനാവും കവിതയും ചേര്‍ത്ത്‌
ഉറക്കമിളച്ച്‌ കാത്തത്‌?
കിടക്കവിരി മാറ്റി വിളക്കൂതിയത്‌?
അമ്പിളിത്തട്ടില്‍ മുന്തിരിവീഞ്ഞും
കെട്ടിപ്പിടിക്കാന്‍ മുയല്‍ക്കുഞ്ഞുങ്ങളുമായി
ശരത്‌കാലത്തിന്റെ ശയ്യാകാശത്തിലെ
മേഘങ്ങള്‍ മുറുക്കിയ സാരംഗിയില്‍
ആരോ നിറുത്താതെ പാടുന്നതും
നമുക്കുവേണ്ടിയോ... പ്രിയേ?

ഒരു തവണ മൊത്തിയെങ്കിലും
ഒരിക്കലും കൊതിതീര്‍ക്കാത്തവിധം
നിശ്ചലം കണ്ണുതുറന്നിരിക്കട്ടെ
ആ പാനപാത്രം അവിടെ
അങ്ങനെത്തന്നെ
അചഞ്ചലം.
ഈ മുഖവും മനസ്സും പെയ്യുന്ന
വിധുവും അനല്‍പമധുവും
രുചികളെ തിരികെവിളിക്കുമ്പോള്‍
പാനപാത്രം എനിക്കെന്തിന്‌!
പ്രണയത്തിലുപരി ലഹരിയാകാന്‍
ഏത്‌ മായാമദിരയാണുള്ളത്‌?

ക്ഷമിക്കുക...
ഓര്‍ത്തോര്‍ത്തിരിക്കെ
മറന്നു പോകുന്നു,
ഇത്‌ വിരഹാദ്യരാത്രിയെന്ന്‌.

***

Monday, March 02, 2009

ലൈഫ്‌ ലോംഗ്‌ (കവിത)

മണിബന്ധത്തില്‍ കുരുക്കി
ഉറപ്പിക്കുമ്പോള്‍ ചോദ്യം:
'എത്ര കാലം ശരിയായി ചലിക്കും?'
'ലൈഫ്‌ ലോംഗ്‌' എന്നു പറയാന്‍
ഒട്ടും വൈകിയില്ല.

'സമയം ശരിയായാലും പ്രശ്നമുണ്ടല്ലോ...
മണിക്കൂര്‍ മിനിറ്റായും
മിഴിതുറന്നടയ്ക്കലായും കണക്കിലെഴുതും.
എഴുന്നേല്‍പ്പ്‌
നടപ്പ്‌
കിടപ്പ്‌
മരുന്നുകള്‍
തലക്കെട്ടു മാത്രം പത്രവായന
കുളി
ഭക്ഷണം
ടീവി കേള്‍ക്കല്‍...
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടാവും!
വായിക്കാത്ത ജീവിതം
എത്ര നിഷ്‌പ്രയോജനം.'
- പരാതിയല്ല
- ആത്മഗതമാണ്‌.

കണ്‍പോളകളില്‍ നീരുണ്ട്‌,
കാല്‍പ്പാദങ്ങള്‍ പതറുന്നുണ്ട്‌,
ചുമ കഫക്കെട്ടായി ഇടറുന്നുണ്ട്‌.
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടല്ലോ!

ഒടുവില്‍...
യാത്രയുടെ അവസാന ചീട്ടുമായി
ഇ. സി. ജി. മോണിറ്ററില്‍
ഇളംപച്ച നിറമുള്ള തിര ശാന്തമായി.
അമാവാസികള്‍ മിഴിയിലേക്കിറങ്ങി.

അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?
മണിബന്ധത്തില്‍
അപ്പോഴും തുടിച്ചു...
'ലൈഫ്‌ ലോംഗാ'യിട്ടുള്ള സമയം!

***