Wednesday, January 31, 2007

കണ്ണാടിയില്‍ ചിരുത കാണുന്നു

കവിത: പി. ശിവപ്രസാദ്‌

ഏഴര വെളുപ്പിന്നേ എഴുന്നേല്‍ക്കും ചിരുതയ്ക്ക്‌
പമ്പയാറ്റില്‍ മുങ്ങിനിവരും പതിവുണ്ടല്ലോ.
വരണ്ട കിണറ്റുവക്കില്‍ ചുരുളും വൃദ്ധനാം പട്ടി
അകമ്പടി പോവതുണ്ട്‌ പുഴവക്കോളം.
പള്ളിയുണരും മുമ്പേ ചുറ്റുമതില്‍ തൊഴുതവള്‍
പുരയിലെ തിടുക്കത്തില്‍ തിരിച്ചെത്തുന്നു.
മുടങ്ങാതെ പരിഭവം പറയുന്നു മക്കളെല്ലാം
കടുത്ത കൌമാരമേറി സഞ്ചരിക്കുന്നോര്‍.
അവര്‍ക്കിന്നു ജലകേളീ മത്സരത്തിന്‍ പുകിലല്ലോ
അതിരില്ലാ തിമിര്‍പ്പാളും ദിനമാണല്ലോ.

`സ്വന്തബന്ധങ്ങളിലുള്ള പലരുമെത്തും,
മുഷിപ്പിക്കാതവര്‍ക്കൊക്കെ സദ്യ നല്‍കേണം,
കാലമെത്ര മാറിയാലും ചിരുത മാറില്ല...`
കാര്യമിങ്ങനെ പുലമ്പുന്നതവള്‍ക്കു ശീലം.

എല്ലാം അവളുടെ പതിവുകള്‍!

പണികള്‍ നുറുങ്ങുകളായ്‌ ചിതറുന്നോരടുക്കള-
ച്ചുമരിലായ്‌ കരിപടിച്ചിരിപ്പതുണ്ടേ
അവളുടെ മനസ്സിന്റെ തെളിമയായ്‌, ഗരിമയായ്‌
അകം നിറഞ്ഞുറവായ ചെറുകണ്ണാടി.
ആറന്മുളയാശാമ്മാര്‍ പണിക്കുറ്റം തീര്‍ത്തെടുത്ത
പളപളാ തിളങ്ങുന്ന വാല്‍ക്കണ്ണാടി.
മുടിവിതിര്‍ത്തെറ്റിയെറ്റി മുനിഞ്ഞ വിളക്കൊളിയില്‍
അവള്‍ പടിഞ്ഞിരിക്കുന്നു, മുഖം നോക്കുന്നു.

എല്ലാം അവളുടെ പതിവുകള്‍!

ഉറക്കങ്ങള്‍ കരിന്തേളായിഴയുന്ന കണ്ണുകള്‍ക്ക്‌
കാക്കവിളക്കെന്ന പഴി ചേര്‍ന്നു പോകുന്നു.
മുടിനാരില്‍ വെള്ളിചാര്‍ത്തി മഴനിലാവുദിക്കുന്നു
മുളകള്‍ പൂക്കും നെഞ്ചിനുള്ളില്‍ മുറിപ്പാടല്ലോ.
ചുഴികുത്തും കവിളൊക്കെ മറന്ന ചുംബനങ്ങളെ
കളിയാക്കിച്ചിരിക്കുംപോല്‍ കോഴി കൂവുന്നു.

തിരികെ വച്ചീടും മുമ്പേ പാളുന്ന നോട്ടമൊന്നില്‍
വാല്‍ക്കണ്ണാടി പുഴയായി തെളിഞ്ഞീടുന്നു.
തിരക്കുത്തിന്‍ വാതിലുകള്‍ മലര്‍ക്കുന്നു
കാലദേശ കരിങ്കാക്ക കരയുന്നുണ്ടവള്‍ക്കു ചുറ്റും.

`പെണ്ണാളേ? പെണ്ണാളേ? കരിമീനാം കണ്ണാളേ,
തിങ്കള്‍ നോമ്പു നോറ്റു നീറിയ കമനിയാളേ..'
പഴയൊരു പാട്ടുപാടി പുഴയുടെ ഈണത്തില്‍
തുഴയേറ്റിയൊരു തോണി കരതേടുമ്പോള്‍
പ്രാണനാളം പിടയുമ്പോലവള്‍ക്കുള്ളില്‍
കടല്‍ ചീറുംതുഴയില്ലാ ചെറുവഞ്ചിയാകുമവള്‍ പിന്നെ.

`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര കടലാഴങ്ങള്‍?
വലയൊക്കെ വീശിവീശി പുഴനടുക്കെത്തുമ്പോള്‍
നിന്റെ പുഞ്ചിരി നെഞ്ചിലേറ്റി കനവു കാണുമ്പോള്‍
കുലച്ചൊരു ചെങ്കദളിക്കുടം പോലെ തുടുക്കുന്ന
നിന്നരികത്തെത്തുവാനായ്‌ മനം തുടിക്കും.
ഒരു മീനും വന്നതില്ലെന്‍ വിളി കേട്ടിട്ടും,
പരല്‍വെള്ളിച്ചിലമ്പിട്ടു തുള്ളിയോളങ്ങള്‍.
ഒരുകോര്‌ മീന്‍ കിടച്ചാലുത്സവം പോലെ
കരതേടാം മദം കൊണ്ട മനസ്സുമായി.
വലയ്ക്കുള്ളില്‍ കുടുങ്ങുന്നു ശവങ്ങള്‍ മാത്രം
ആളറിയാ പേരറിയാ ശവങ്ങള്‍ മാത്രം.
തലയറ്റ മുലയറ്റ ശവങ്ങള്‍ കാണാം,
തലക്കനം തികഞ്ഞുള്ള ശവങ്ങള്‍ കാണാം.
ഇളം ചോര ചുവപ്പിച്ച ശവങ്ങളുണ്ടേ
മരിച്ചിട്ടും മരിക്കാത്ത ശവങ്ങളുണ്ടേ.
തളരുന്നു - പിടയ്ക്കുന്നു - തല കറങ്ങുന്നു
അകത്തിരുന്നൊരു മൌനം ചുണ്ടനക്കുന്നു
ചോരയിറ്റ കനവിലൊരു കിളി പറക്കുന്നു
ചേലകന്ന ജിവിതത്തിന്‍ കൊടികള്‍ പാറുന്നു.

ഇടിമിന്നല്‍ തീപെരുക്കും യൌവനരാത്രി,
കൊടുങ്കാറ്റില്‍ മഴക്കാടിന്‍ ഗരുഢന്‍ തൂക്കം,
തിരക്കോളില്‍ തുഴവീണു മറഞ്ഞീടുന്നു
കരയ്ക്കെത്താന്‍ വഴി കാണതുഴന്നീടുന്നു.
ഉള്ളിലേതോ വഞ്ചിമുങ്ങിയ നിലവിളിത്തോറ്റം
കൊമ്പനാന മദിച്ചപോലെ രാത്രിയുറയുന്നു.

`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര വ്യാമോഹങ്ങള്‍?`

എല്ലാം ചിരുതയുടെ പതിവുകള്‍!

കണ്ണാടി ചുവരിന്മേലുറപ്പിക്കുന്നു
കന്മദക്കൂട്ടലിയുമുള്ളില്‍ ചാരമടിയുന്നു!
അസ്ഥികലശം തുറന്നേതോ പുഴ കുതിക്കുന്നു
ഓര്‍മ്മയ്ക്കു കുറുകെ നീന്തി തോണിയൊഴുകുന്നു.
അമരത്തായ്‌ മരുവുന്നോരാണാളിന്നായി
വെറ്റിലച്ചുരുള്‍ തെറുക്കുന്നു ചിരുതപ്പെണ്ണാള്‍.

000

Sunday, January 28, 2007

അബദ്ധപ്പഞ്ചാംഗം

  • കവിത - പി. ശിവപ്രസാദ്‌

പുറത്തുചാടിയത്‌ അബദ്ധമല്ലയോ?
വിഷം തിളയ്ക്കുന്ന വികാരലോകങ്ങള്‍
മുറിച്ചു നീന്തിയത്‌ അബദ്ധമല്ലയോ?

പുരം വിഴുങ്ങിയ പഴമ്പുകിലുകള്‍
മറന്നതില്ല നീപടയൊരുക്കങ്ങള്‍
നിലമൊടുങ്ങിയ നിറപ്പകര്‍ച്ചകള്
‍നിറച്ചതില്ല നിന്‍ മിഴിത്തടങ്ങളെ.

പുകഴ്‌ത്തലൊട്ടുന്ന പുറംചൊറിയലും
പുഴുവരിക്കുന്നകിടക്ക, ക്രീഢയും
പിഴവറിയാത്തമുരട്ടു തത്വവും
പിരിഞ്ഞകലുവാന്‍കൊതിച്ചു കൊണ്ടുള്ള
പരസ്‌പരപ്രേമ കപടവിദ്യയും
പലനാള്‍ ചെയ്യവേ ഒരുനാള്‍ സത്യമായ്‌
പരിണമിക്കുന്ന വരട്ടുശാസ്ത്രവും
കൊടും നിരാശയും കെടുന്ന ബുദ്ധിയും
തടഞ്ഞുവീഴുന്ന വഴി കുഴങ്ങലും
ഒരിക്കലും മാറാ ജനിതകങ്ങളില്‍
‍തിരിഞ്ഞു കുത്തുന്നചതിപ്രമാണവും
നിറഞ്ഞുവീര്‍ത്തതാം മനുഷ്യാ...!
പതഞ്ഞു ചീര്‍ത്തതാം മനുഷ്യാ
നിന്റെയീ മനസ്സില്‍നിന്നു ഞാന്‍
പുറത്തുചാടിയത്‌അബദ്ധമല്ലയോ?

പുറത്തുവന്നൊരെന്‍ നിഴലിനെപ്പോലും
പൊരിച്ചു തിന്നുവാന്‍ പതിയിരിക്കുന്നു
വനത്തെക്കാള്‍ മഹാനരകമായുള്ള
മനുഷ്യലോകത്തിന്‍ മദമിളക്കങ്ങള്‍.

കുരങ്ങനെന്നു നീപരിഹസിച്ചെന്റെ
കുരങ്ങത്തത്തിനെ കുതികാല്‍ വെട്ടല്ലേ!
മനസ്സിനുള്ളിലെ മതിഭ്രമങ്ങളില്‍
മരിച്ചിടാതെ നിന്‍ ചുടലയോളവും
മുഖപടവുമായ്‌ മറഞ്ഞിരിപ്പൊരെന്‍
വികൃതജീവിതം അറിയുന്നില്ല നീ.

000

Monday, January 22, 2007

ഗില്ലറ്റിന്‍

കവിത: പി. ശിവപസാദ്‌



‍തൂക്കുകയറെന്ന
തുരുമ്പിച്ച രൂപകമാവാം
ഇന്നത്തെ ചര്‍ച്ചാവിഷയം.

തൂക്കുകയര്‍ ഒരു മൂരാച്ചിയാണ്‌
കൊലയാളിയാണ്‌
സാമ്രാജ്യത്വത്തിന്റെ കെണിയാണ്‌
സ്ഥിതിസമഷ്ടിയുടെ ക്‌ണാപ്പാണ്‌
'രക്തസ്സാക്ഷി'യുടെ അന്ത്യനിശ്വാസമേറ്റ
നിലവറയുടെ തേങ്ങലാണ്‌.

(ഓഹ്‌.. ചീള്‌ കൊലക്കയറ്‌..
എന്തുട്ടാ അതിപ്പോ കണിക്ക്വാ..?)

എങ്കില്‍... വെടിമരുന്നിന്റെ
ആധുനികോത്തര സാധ്യതകളില്‍...
അല്ലെങ്കില്‍... കുഴിബോംബുകളുടെ...!

അധികാരിയുടെ നാക്കിന്റെ നീളം
പ്രജയുടെ സഞ്ചാര സങ്കീര്‍ണ്ണതകള്
‍ജനാധിപത്യത്തില്‍ കോടതികള്‍!

"എല്ലാവമ്മാര്‌ക്കും ചന്തിക്ക്‌
ചുട്ട പെട കിട്ടാത്തെന്റെയാ
ഇപ്പഴത്തെ കൊഴപ്പം!
ഞാനിപ്പോ പറയാമ്പോന്നെ
എന്റെ പാക്ക്‌വെട്ടിയെക്കുറിച്ചാ!
ചെമ്പഴുക്കാപോലെ എത്ര തലകളാ
ഞാന്‍ 'ക്‌ടിം' എന്ന്‌ കഷണിച്ചേക്കുന്നെ?
ഇനീം ചെല തലകള്‌
എനിക്ക്‌കഷണിക്കാനൊണ്ടെന്റെ പുള്ളാരേ!"

അമ്മുമ്മയുടെ പാക്കുവെട്ടി
വാനോളം വളര്‍ന്നുയര്‍ന്ന്‌
ഒരു മഹാഗില്ലറ്റിന്‍ യന്ത്രമായി
അടുത്ത തലയ്ക്കുവേണ്ടി.

തലയുടെ സ്ഥാനത്ത്‌
അടയ്ക്കയാണെന്ന തോന്നലില്
‍ഞങ്ങള്‍ ചര്‍ച്ചായോഗം പിരിച്ചുവിട്ട്‌
കൂരയിലേക്ക്‌ പോകുംമുമ്പ്‌
രണ്ടുരു... രണ്ടുരു മാത്രം...
'ഹര്‍ത്താല്‍ വിജയിക്കട്ടെ'
എന്ന്‌ പന്തം കൊളുത്തി.

000

Saturday, January 13, 2007

വിനീതമായ ഒരു അപേക്ഷ

കഴിഞ്ഞ ദിവസം കിട്ടിയ ഹൃദയം തൊടുന്ന ഒരു കത്താണ്‌ ഇതിനുള്ള പ്രേരണ. കവിതയും സംഗീതവും പുരോഗമനചിന്തയുമൊക്കെ പിടികൂടിയ ഒരു സാധാരണ മനുഷ്യന്റെ, പിതാവിന്റെ, മറ്റൊരാളുടെ സഹായത്താലല്ലാതെ സഞ്ചരിക്കാനാവാത്ത ഒരു ചിത്രകാരന്റെ കത്തായിരുന്നു അത്‌. ആലപ്പുഴ ജില്ലയിലെ കുട്ടമ്പേരൂര്‍ സ്വദേശിയായ ശ്രീ. ജയധരന്റേതാണ്‌ കത്ത്‌.

വിലാസത്തിലെ സ്ഥലപ്പേരില്‍ എന്റെ കണ്ണുകള്‍ വല്ലാതെ തറഞ്ഞു നിന്നതിന്‌ കാരണമെന്ത്‌? 'ഡോംബിവ്‌ലി' എന്ന (താനെ, മുംബൈ) സ്ഥലം എനിക്ക്‌ രണ്ടാഴ്ചക്കാലത്തെ പരിചയമുള്ള ഇടമാണ്‌. കടല്‍ കടന്ന്‌ ഇക്കരെ വരാനായി പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അവിടെ എന്റെ അനിയന്റെ അതിഥിയായി എത്തിയതിന്റെ ഓര്‍മ്മ ചില നിമിഷങ്ങളിലേക്ക്‌ എന്നെ പിടിച്ചുവലിച്ച്‌ കൊണ്ടുപോയി. (ആ അനിയന്‍ ഇനിയൊരിക്കലും തിരിച്ചുവരാതെ, അവന്റെ ജീവിതപങ്കാളിയെയും രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളെയും, പിന്നെ ഞങ്ങള്‍ ചേട്ടന്മാരെയും മാതാപിതാക്കളെയും, കുറേ നല്ല സുഹൃത്തുക്കളെയുമൊക്കെ വേദനിപ്പിച്ചുകൊണ്ട്‌ 2002-ല്‍ വിടപറഞ്ഞത്‌ കത്തുന്ന ഓര്‍മ്മകള്‍ മാത്രം). അവന്‍ ഒരു പ്രമുഖ ടെക്സ്റ്റയില്‍ മില്ലിലെ ജോലിക്കാരനായി മൂന്നുകൊല്ലം കഴിഞ്ഞുകൂടിയ 'ഡോംബിവ്‌ലി' എന്ന പ്രദേശത്തുനിന്നുള്ള കത്തായതുകൊണ്ടാവാം, തുറക്കുമ്പോള്‍ എന്റെ വിരലുകള്‍ ഇടിമിന്നലേറ്റ മാതിരി വല്ലാതെ വിറച്ചു.

ജയധരന്‍ എന്ന പിതാവിന്‌ ഒരു തരത്തിലും ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാനാവാത്തത്ര സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്‌. ഒരു ആത്മഹത്യയുടെ വക്കില്‍ നിന്നുകൊണ്ട്‌ ആരുടെയും മനസ്സിനെ അലിയിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ചുരുക്കി എഴുതിയിരിക്കുന്നു.ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനായി വാശിപിടിച്ചതിന്റെ പേരില്‍ സഹോദരന്മാരുമായി പിണങ്ങേണ്ടിവന്നതും, വെല്ലുവിളികളെ നേരിട്ട്‌ വിവാഹിതരായതും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ബോംബെയ്ക്ക്‌ വണ്ടികയറിയതും, ജന്മനാ ഒരു ആര്‍ട്ടിസ്റ്റായ താന്‍ അവിടെ പരസ്യ-ചിത്രകാരനായി ജോലി നോക്കിയതും, അധികം പരാധീനതകളില്ലാതെ കഴിയുമ്പോള്‍ ഒരു മകന്‍ പിറന്നതും അദ്ദേഹത്തിന്റെ നല്ല ഓര്‍മ്മകള്‍.

മകന്‍ കിരണിന്‌ അഞ്ചു വയസ്സുള്ളപ്പോള്‍, തൊഴിലിടത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ തീവണ്ടിയപകടത്തില്‍ തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടതോടെയാണ്‌ ജയധരനെന്ന കലാകാരന്‍ തളര്‍ന്നുപോയത്‌. ദിവസവും മൈലുകള്‍ സഞ്ചരിച്ച്‌ പല ജോലിസ്ഥലങ്ങളില്‍ ചെന്നെത്തി ജോലിചെയ്യാന്‍ കഴിയാതായപ്പോള്‍ നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ ചിന്തിച്ചു. നിരാശ്രയനായി നാട്ടിലെത്തിയപ്പോള്‍, ബന്ധുക്കളാരും അവിടെ 'ആ പഴയ ധിക്കാരി'യെ സ്വീകരിച്ചില്ല. ചില നാട്ടുകാരുടെയും വിദൂര ബന്ധുക്കളുറ്റെയും ദയാവായ്‌പില്‍ കഷ്ടിച്ച്‌ ജീവിച്ച്‌ ഏകമകന്‍ കിരണിനെ പഠിപ്പിച്ചു. അവന്‍ പ്ലസ്‌-ടു ശ്രദ്ധേയമായ നിലയില്‍ ജയിച്ചെങ്കിലും തുടര്‍ന്നു പഠിപ്പിക്കാന്‍ സാമ്പത്തിക പരാധീനത അനുവദിച്ചില്ല. തുടര്‍ന്ന്‌ മുംബൈ സുഹൃത്തുക്കള്‍ ക്ഷണിച്ചപ്രകാരം അവിടേയ്ക്ക്‌ തിരിച്ചുപോയി. കൂട്ടുകാരുടെ സഹായത്തോടെ താമസവും ഏര്‍പ്പാടായി.

ഭേദപ്പെട്ട നിലവാരത്തില്‍ പഠിക്കുന്ന മകന്‍ ഇപ്പോള്‍ രണ്ടാം വര്‍ഷം 'ബാച്ചെലൊര്‍ ഓഫ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസി'ലാണ്‌. ഏറെ സാമ്പത്തികച്ചിലവുള്ള പഠനം മകന്‍ പൂര്‍ത്തീകരിച്ചു കാണാമെന്ന പ്രതീക്ഷയിലാണ്‌ ആ പിതാവും സഹധര്‍മ്മിണിയും. കിരണ്‍ പഠിച്ച്‌ ജോലിനേടി തങ്ങളെ സംരക്ഷിക്കുമെന്ന സ്വപ്നം ഇവര്‍ താലോലിക്കുന്നു.കിരണ്‍ എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും 68% മാര്‍ക്ക്‌ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ നേടിയിട്ടുണ്ട്‌. പരിമിതികള്‍ പലതുണ്ടെങ്കിലും സമൂഹത്തിലെ തന്റെയും കുടുംബത്തിന്റെയും നിലനില്‍പ്പിനായുള്ള കടുത്ത പോരാട്ടത്തില്‍ അവന്‍ മാതാപിതാക്കളുടെ ഒപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്‌. അവന്‍ നമ്മുടെയൊക്കെ മകനോ, അനിയനോ, കൂട്ടുകാരനോ ആണ്‌. ഫീസ്‌ കുടിശ്ശികയായതിനെത്തുടര്‍ന്ന്‌ പഠനം തുടരാനാവാത്ത അവസ്ഥയിലാണ്‌ അവന്‍. ജയധരന്റെ കൃത്രിമക്കാല്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞ്‌ എക്‌സ്പെയറയിപ്പോയി. ഇനി പുതിയത്‌ വാങ്ങനമെങ്കിലും പണം വേണം.

സഹായഭ്യര്‍ത്ഥനയുടെ ധാരാളം കള്ളത്തരങ്ങള്‍ കണ്ടറിഞ്ഞിട്ടുള്ള എനിക്ക്‌ ജയധരന്റെ കൈയക്ഷരത്തില്‍ സത്യം മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളു. സാമ്പത്തിക സഹായം തികച്ചും അര്‍ഹിക്കുന്ന ഒരു മനുഷ്യന്റെ വേദനയെ ഇങ്ങനെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്‌ ശരിയാണോ എന്ന്‌ എന്റെ മനസ്സിനോട്‌ പല തവണ ചോദിച്ചു. അദ്ദേഹത്തെ പരിമിതമായ അളവില്‍ സഹായിക്കുവാന്‍ കഴിയുമെങ്കിലും, ആ പാവത്തിന്റെ ആവശ്യം അത്ര ചെറുതല്ലാത്തതുകൊണ്ട്‌ ഈ വിഷയത്തെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി അവതരിപ്പിച്ചതാണ്‌. പൊറുക്കുക. ഇതില്‍, ജയധരന്റെ മനസ്സ്‌ അപമാനം കൊള്ളുകയോ വേദനിക്കുകയോ ചെയ്യില്ലെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. ഒപ്പംതന്നെ നിങ്ങളുടെ കരുണാവായ്പിനായി വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കുറ്റങ്ങളും കുറവുകളും പിരിമുറുക്കങ്ങളും സങ്കടങ്ങളുമെല്ലാം പലയളവില്‍ സ്വന്തമായുള്ള സാധാരണ മനുഷ്യരാണ്‌ നാമെല്ലാം. പ്രിയപ്പെട്ടവരായ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും, കഴിയുന്ന സാമ്പത്തിക സഹായം ചെയ്ത്‌ ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയുമെങ്കില്‍ എന്റെ ശ്രമം ഒരളവില്‍ വിജയിച്ചു എന്ന്‌ കരുതാം.അതുകൊണ്ട്‌ പ്രിയരേ... കഴിയുന്നവര്‍ (എത്ര ചെറുതായാലും അത്രയുമെങ്കിലും) നിങ്ങളുടെ സഹായം തഴെക്കാണുന്ന അക്കൗണ്ടില്‍ അയച്ചുകൊടുത്താല്‍ ഒരു നന്മയില്‍ സ്വമേധയാ പങ്കാളിയായി എന്ന്‌ നിങ്ങളുടെ മനസ്സെങ്കിലും പറയും.
ഉപേക്ഷയില്ലാതെ ഒരു നിമിഷം ചിന്തിക്കുക... ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

Account Number:

Savy E. Lonappan,
I C I C I Bank A/c. No. 003501035815

ജയധരന്റെ മേല്‍വിലാസം:

Jayadharan. S. N.
Riviera CHS Ltd. C-Wing Room No. 203,
Lodha Heaven,
Dombivli (E), Thane (Dist.) ,
Maharashtra.

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്‌നേഹത്തോടെ... നിങ്ങളുടെ - പി. ശിവപ്രസാദ്‌

Wednesday, January 10, 2007

ശുന്യതകള്‍

കവിത: പി. ശിവപ്രസാദ്‌


ഇങ്ങേയറ്റം തിക്കിയുറപ്പിക്കുമ്പോള്‍
തൂണും യന്ത്രങ്ങളും കരുതും
മറുകരയിലും ആരോ പണിയുന്നുണ്ടെന്ന്‌.
പണിതുയര്‍ത്താത്ത തൂണുകളായി
ഏതൊക്കെയോ ശൂന്യതകള്‍
എല്ലാ പാലങ്ങളെയും ഉലയ്ക്കുന്നുണ്ട്‌.

ഉപ്പും വിയര്‍പ്പും ചോരച്ചവര്‍പ്പും
സിമന്റിലിറ്റിച്ച്‌ നീറ്റിക്കുഴച്ച്‌
കരയുടെ കരളുറപ്പേറ്റുമ്പോള്‍
ആള്‍ക്കൂട്ടം ആവികയറ്റിയ കപ്പലുകള്‍
നങ്കൂരമിടുന്ന പണിയിടങ്ങളിലെ
തുറമുഖങ്ങളെ ആര്‍ക്കും മറക്കാം.
അവിടത്തെ ചളിയും ചണ്ടിയും
മീന്‍നാറ്റവും ദയാവായ്പ്പും മറക്കാം.
രതിപീഢകളുടെ വായ്‌നാറിപ്പേച്ചുകളെ
ആവോളം വിഴുപ്പുള്ള വാക്കുകളാല്‍ പഴിക്കാം.
എന്നാല്‍...
ചരിത്രപുസ്തകമാവാന്‍ ചമയമിടുന്ന
ഷൈലോക്കിന്റെ ആസനച്ചിരികള്‍
കടലിനും പാലത്തിനും മനസ്സില്ലവാതിരിക്കില്ല.

ജലോപരി ഒഴുകുന്ന ചങ്ങാടങ്ങളല്ല
ചെളിയാഴങ്ങളിലുറപ്പിച്ച കാലുകളാണ്‌
പാലത്തെ ഒരാള്‍രൂപമാക്കുന്നത്‌.
ഇരുപാടും കൈകള്‍ നീട്ടിനീട്ടി
കടലിന്റെ കുപ്പായ ഞൊറിവുകളില്‍
അളവെടുക്കുന്ന തുന്നല്‍ക്കാരന്‍.
അപ്പോള്‍ ഇളകിച്ചിരിച്ച്‌ അവള്‍ പറയും:
നക്ഷത്രങ്ങളെ ഇഞ്ചോടിഞ്ച്‌ ഒട്ടിച്ചുവെയ്ക്കണം
മുത്തും പവിഴവും മുനപ്പുകളില്‍ തുന്നിച്ചേര്‍ക്കണം
മീനുകള്‍ക്ക്‌ ഒളിക്കാനും സാറ്റ്‌ പറയാനും
ചുഴിക്കൂടുകളും വാതിലും വേണം
ഉദിക്കാനും തവിയാനും യവനികകള്‍
നിറവര്‍ണ്‌ണങ്ങളില്‍ നിവരണം.

തുന്നല്‍ക്കാരന്‍ മിന്നല്‍ക്കത്രിക ചിന്നിച്ച്‌
കുഴഞ്ഞഴിയുന്നവളുടെ മുടിച്ചന്തം നോക്കി
അനങ്ങാതങ്ങനെ നില്‍ക്കുമ്പോള്‍
ഒളിപ്പോരാളികള്‍ കൊടിപ്പടങ്ങളുമായി
അന്തിയോട്‌ പിണങ്ങിക്കയര്‍ക്കും.
സൂചിത്തുളകളിലൂടെ ധനികവൃന്ദം
സൂര്യമണ്ഡലത്തില്‍ പ്രവേശിക്കും.

പണിഞ്ഞുതീരാത്ത പാലത്തിന്റെ
കൈവരിയിലെത്തി രാവും പകലും
പ്രതിമുഖം തിരയുമ്പോള്‍
യാത്രക്കാരന്റെ സന്ദേഹത്തില്‍
അനാഥജഢത്തിന്റെ കൈവിരല്‍ നീളുന്ന
മറുകരയെത്താത്ത പാലം മാത്രം.

കടലിടുക്കിന്റെ അക്കരെയിക്കരെ
മനോജീവിതത്തിന്റെ
ബ്ലൂപ്രിന്റ്‌ മറന്നുവെച്ചതാരാവാം?
കത്തിമുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ
മൃതജീവിയുടെ ആത്മാവുപേറി
അടുപ്പമകല്‍ച്ചകളില്‍ അലയുന്നതാരാവാം?
എന്തായാലും അത്‌ കടലോ പാലമോ ആവില്ല.
പിന്നെ...!
പറഞ്ഞില്ലേ?
അപൂര്‍ണതയുടെ കാലുകളോടെ യാത്രക്കാര്‍...
അവര്‍ അളന്നുനടക്കുന്ന
ഏതൊക്കെയോ ശൂന്യതകള്‍!

000

Thursday, January 04, 2007

മുയല്‍നീതി

കവിത: പി. ശിവപ്രസാദ്‌


കൊല്ലാനോ വളര്‍ത്താനോ
കൊതിതീരെ ലാളിക്കാനോ
ചെവിനീട്ടിത്തരുമ്പോഴും
തൊഴുതേ നില്‍ക്കും..
മുയലേ നീ പിടയ്‌ക്കാതെ
മണം നോക്കി വിറയ്‌ക്കാതെ
യജമാനന്‍ ഞാന്‍...
നിനക്കോ യാഗമുഹൂര്‍ത്തം!

മുലക്കണ്ണില്‍ മുഖം ചേര്‍ക്കും
കിളുന്നു കിടാങ്ങളൊക്കെ
കിഴങ്ങും ഇലയുമേറ്റ്‌
കൊഴുത്തീടട്ടെ.
തെഴുത്താലേ വിലയുള്ളു
തടിത്തൂക്കം തികഞ്ഞാലേ
വിലപേശും രുചിലോകം
പണമെണ്ണുള്ളൂ.

നീതിവേണം നമുക്കെല്ലാം
കൊടുപ്പോര്‍ക്കും വാങ്ങുവോര്‍ക്കും
ഒരു തട്ടില്‍ അവയ്‌ക്കൊപ്പം
മൃതിയും ചേരും.
ഇതു ജീവസ്‌നേഹലോകം
മരിപ്പോര്‍ക്കും ചതിപ്പോര്‍ക്കും
ഒന്നുപോലെ സ്വര്‍ഗമേകും
വേദനാചക്രം.

മുയലേ നീ പിടയ്‌ക്കാതെ
മുറിത്തര്‍ക്കം പുലമ്പാതെ
മരിച്ചാലും മരിക്കാത്ത
കളവേ ബാക്കി.

*

തിരിഞ്ഞിട്ടും മറിഞ്ഞിട്ടും
കിടക്കയില്‍ തപിച്ചിട്ടും
തിരച്ചുഴി വലവീശി
പിടയ്‌ക്കുന്നൊരുടല്‍ വെട്ടി
വറചട്ടി പൊരിക്കുന്ന
മീനും ഞാനല്ലേ?

ദഹിച്ചിട്ടും മരിക്കാതെ
ദയയൊട്ടും ത്യജിക്കാതെ
ഉദരത്തില്‍ ഉരുമ്മുന്നു
മുയലിന്‍ ക്രോധം.

അറിയുന്നു നമുക്കിപ്പോള്‍
‍വെളിവാകും വേദാന്തം
മുയലിനും സ്വന്തമാണീ
നീതിശാസ്‌ത്രങ്ങള്‍.

000