Monday, January 22, 2007

ഗില്ലറ്റിന്‍

കവിത: പി. ശിവപസാദ്‌



‍തൂക്കുകയറെന്ന
തുരുമ്പിച്ച രൂപകമാവാം
ഇന്നത്തെ ചര്‍ച്ചാവിഷയം.

തൂക്കുകയര്‍ ഒരു മൂരാച്ചിയാണ്‌
കൊലയാളിയാണ്‌
സാമ്രാജ്യത്വത്തിന്റെ കെണിയാണ്‌
സ്ഥിതിസമഷ്ടിയുടെ ക്‌ണാപ്പാണ്‌
'രക്തസ്സാക്ഷി'യുടെ അന്ത്യനിശ്വാസമേറ്റ
നിലവറയുടെ തേങ്ങലാണ്‌.

(ഓഹ്‌.. ചീള്‌ കൊലക്കയറ്‌..
എന്തുട്ടാ അതിപ്പോ കണിക്ക്വാ..?)

എങ്കില്‍... വെടിമരുന്നിന്റെ
ആധുനികോത്തര സാധ്യതകളില്‍...
അല്ലെങ്കില്‍... കുഴിബോംബുകളുടെ...!

അധികാരിയുടെ നാക്കിന്റെ നീളം
പ്രജയുടെ സഞ്ചാര സങ്കീര്‍ണ്ണതകള്
‍ജനാധിപത്യത്തില്‍ കോടതികള്‍!

"എല്ലാവമ്മാര്‌ക്കും ചന്തിക്ക്‌
ചുട്ട പെട കിട്ടാത്തെന്റെയാ
ഇപ്പഴത്തെ കൊഴപ്പം!
ഞാനിപ്പോ പറയാമ്പോന്നെ
എന്റെ പാക്ക്‌വെട്ടിയെക്കുറിച്ചാ!
ചെമ്പഴുക്കാപോലെ എത്ര തലകളാ
ഞാന്‍ 'ക്‌ടിം' എന്ന്‌ കഷണിച്ചേക്കുന്നെ?
ഇനീം ചെല തലകള്‌
എനിക്ക്‌കഷണിക്കാനൊണ്ടെന്റെ പുള്ളാരേ!"

അമ്മുമ്മയുടെ പാക്കുവെട്ടി
വാനോളം വളര്‍ന്നുയര്‍ന്ന്‌
ഒരു മഹാഗില്ലറ്റിന്‍ യന്ത്രമായി
അടുത്ത തലയ്ക്കുവേണ്ടി.

തലയുടെ സ്ഥാനത്ത്‌
അടയ്ക്കയാണെന്ന തോന്നലില്
‍ഞങ്ങള്‍ ചര്‍ച്ചായോഗം പിരിച്ചുവിട്ട്‌
കൂരയിലേക്ക്‌ പോകുംമുമ്പ്‌
രണ്ടുരു... രണ്ടുരു മാത്രം...
'ഹര്‍ത്താല്‍ വിജയിക്കട്ടെ'
എന്ന്‌ പന്തം കൊളുത്തി.

000

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

തലയുടെ സ്ഥാനത്ത്‌
അടയ്ക്കയാണെന്ന തോന്നലില്‍
ഞങ്ങള്‍ ചര്‍ച്ചായോഗം പിരിച്ചുവിട്ട്‌
കൂരയിലേക്ക്‌ പോകുംമുമ്പ്‌
രണ്ടുരു... രണ്ടുരു മാത്രം...
'ഹര്‍ത്താല്‍ വിജയിക്കട്ടെ'
എന്ന്‌ പന്തം കൊളുത്തി.

ഗില്ലറ്റിന്‍ (കവിത)..പി. ശിവപസാദ്‌

Unknown said...

"ചെമ്പഴുക്കാപോലെ എത്ര തലകളാ
ഞാന്‍ 'ക്‌ടിം' എന്ന്‌ കഷണിച്ചേക്കുന്നെ?
ഇനീം ചെല തലകള്‌
എനിക്ക്‌കഷണിക്കാനൊണ്ടെന്റെ പുള്ളാരേ!"

ഈ ഗില്ലറ്റിന്‍ മനുഷ്യരാശിയെ നോക്കി ചോര പുരണ്ട നാവ് നൊട്ടി നുണയുകയാണല്ലോ.

ശിവപ്രസാദ് കവിത നന്നായിട്ടുണ്ട്.

നന്ദു said...

“തലയുടെ സ്ഥാനത്ത്‌
അടയ്ക്കയാണെന്ന തോന്നലില്
‍ഞങ്ങള്‍ ചര്‍ച്ചായോഗം പിരിച്ചുവിട്ട്‌
കൂരയിലേക്ക്‌ പോകുംമുമ്പ്‌
രണ്ടുരു... രണ്ടുരു മാത്രം...
'ഹര്‍ത്താല്‍ വിജയിക്കട്ടെ'
എന്ന്‌ പന്തം കൊളുത്തി.....”

ശിവപ്രസാദേ... കൊടു കൈ!!