Saturday, January 13, 2007

വിനീതമായ ഒരു അപേക്ഷ

കഴിഞ്ഞ ദിവസം കിട്ടിയ ഹൃദയം തൊടുന്ന ഒരു കത്താണ്‌ ഇതിനുള്ള പ്രേരണ. കവിതയും സംഗീതവും പുരോഗമനചിന്തയുമൊക്കെ പിടികൂടിയ ഒരു സാധാരണ മനുഷ്യന്റെ, പിതാവിന്റെ, മറ്റൊരാളുടെ സഹായത്താലല്ലാതെ സഞ്ചരിക്കാനാവാത്ത ഒരു ചിത്രകാരന്റെ കത്തായിരുന്നു അത്‌. ആലപ്പുഴ ജില്ലയിലെ കുട്ടമ്പേരൂര്‍ സ്വദേശിയായ ശ്രീ. ജയധരന്റേതാണ്‌ കത്ത്‌.

വിലാസത്തിലെ സ്ഥലപ്പേരില്‍ എന്റെ കണ്ണുകള്‍ വല്ലാതെ തറഞ്ഞു നിന്നതിന്‌ കാരണമെന്ത്‌? 'ഡോംബിവ്‌ലി' എന്ന (താനെ, മുംബൈ) സ്ഥലം എനിക്ക്‌ രണ്ടാഴ്ചക്കാലത്തെ പരിചയമുള്ള ഇടമാണ്‌. കടല്‍ കടന്ന്‌ ഇക്കരെ വരാനായി പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അവിടെ എന്റെ അനിയന്റെ അതിഥിയായി എത്തിയതിന്റെ ഓര്‍മ്മ ചില നിമിഷങ്ങളിലേക്ക്‌ എന്നെ പിടിച്ചുവലിച്ച്‌ കൊണ്ടുപോയി. (ആ അനിയന്‍ ഇനിയൊരിക്കലും തിരിച്ചുവരാതെ, അവന്റെ ജീവിതപങ്കാളിയെയും രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളെയും, പിന്നെ ഞങ്ങള്‍ ചേട്ടന്മാരെയും മാതാപിതാക്കളെയും, കുറേ നല്ല സുഹൃത്തുക്കളെയുമൊക്കെ വേദനിപ്പിച്ചുകൊണ്ട്‌ 2002-ല്‍ വിടപറഞ്ഞത്‌ കത്തുന്ന ഓര്‍മ്മകള്‍ മാത്രം). അവന്‍ ഒരു പ്രമുഖ ടെക്സ്റ്റയില്‍ മില്ലിലെ ജോലിക്കാരനായി മൂന്നുകൊല്ലം കഴിഞ്ഞുകൂടിയ 'ഡോംബിവ്‌ലി' എന്ന പ്രദേശത്തുനിന്നുള്ള കത്തായതുകൊണ്ടാവാം, തുറക്കുമ്പോള്‍ എന്റെ വിരലുകള്‍ ഇടിമിന്നലേറ്റ മാതിരി വല്ലാതെ വിറച്ചു.

ജയധരന്‍ എന്ന പിതാവിന്‌ ഒരു തരത്തിലും ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാനാവാത്തത്ര സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്‌. ഒരു ആത്മഹത്യയുടെ വക്കില്‍ നിന്നുകൊണ്ട്‌ ആരുടെയും മനസ്സിനെ അലിയിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ചുരുക്കി എഴുതിയിരിക്കുന്നു.ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനായി വാശിപിടിച്ചതിന്റെ പേരില്‍ സഹോദരന്മാരുമായി പിണങ്ങേണ്ടിവന്നതും, വെല്ലുവിളികളെ നേരിട്ട്‌ വിവാഹിതരായതും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ബോംബെയ്ക്ക്‌ വണ്ടികയറിയതും, ജന്മനാ ഒരു ആര്‍ട്ടിസ്റ്റായ താന്‍ അവിടെ പരസ്യ-ചിത്രകാരനായി ജോലി നോക്കിയതും, അധികം പരാധീനതകളില്ലാതെ കഴിയുമ്പോള്‍ ഒരു മകന്‍ പിറന്നതും അദ്ദേഹത്തിന്റെ നല്ല ഓര്‍മ്മകള്‍.

മകന്‍ കിരണിന്‌ അഞ്ചു വയസ്സുള്ളപ്പോള്‍, തൊഴിലിടത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ തീവണ്ടിയപകടത്തില്‍ തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടതോടെയാണ്‌ ജയധരനെന്ന കലാകാരന്‍ തളര്‍ന്നുപോയത്‌. ദിവസവും മൈലുകള്‍ സഞ്ചരിച്ച്‌ പല ജോലിസ്ഥലങ്ങളില്‍ ചെന്നെത്തി ജോലിചെയ്യാന്‍ കഴിയാതായപ്പോള്‍ നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ ചിന്തിച്ചു. നിരാശ്രയനായി നാട്ടിലെത്തിയപ്പോള്‍, ബന്ധുക്കളാരും അവിടെ 'ആ പഴയ ധിക്കാരി'യെ സ്വീകരിച്ചില്ല. ചില നാട്ടുകാരുടെയും വിദൂര ബന്ധുക്കളുറ്റെയും ദയാവായ്‌പില്‍ കഷ്ടിച്ച്‌ ജീവിച്ച്‌ ഏകമകന്‍ കിരണിനെ പഠിപ്പിച്ചു. അവന്‍ പ്ലസ്‌-ടു ശ്രദ്ധേയമായ നിലയില്‍ ജയിച്ചെങ്കിലും തുടര്‍ന്നു പഠിപ്പിക്കാന്‍ സാമ്പത്തിക പരാധീനത അനുവദിച്ചില്ല. തുടര്‍ന്ന്‌ മുംബൈ സുഹൃത്തുക്കള്‍ ക്ഷണിച്ചപ്രകാരം അവിടേയ്ക്ക്‌ തിരിച്ചുപോയി. കൂട്ടുകാരുടെ സഹായത്തോടെ താമസവും ഏര്‍പ്പാടായി.

ഭേദപ്പെട്ട നിലവാരത്തില്‍ പഠിക്കുന്ന മകന്‍ ഇപ്പോള്‍ രണ്ടാം വര്‍ഷം 'ബാച്ചെലൊര്‍ ഓഫ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസി'ലാണ്‌. ഏറെ സാമ്പത്തികച്ചിലവുള്ള പഠനം മകന്‍ പൂര്‍ത്തീകരിച്ചു കാണാമെന്ന പ്രതീക്ഷയിലാണ്‌ ആ പിതാവും സഹധര്‍മ്മിണിയും. കിരണ്‍ പഠിച്ച്‌ ജോലിനേടി തങ്ങളെ സംരക്ഷിക്കുമെന്ന സ്വപ്നം ഇവര്‍ താലോലിക്കുന്നു.കിരണ്‍ എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും 68% മാര്‍ക്ക്‌ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ നേടിയിട്ടുണ്ട്‌. പരിമിതികള്‍ പലതുണ്ടെങ്കിലും സമൂഹത്തിലെ തന്റെയും കുടുംബത്തിന്റെയും നിലനില്‍പ്പിനായുള്ള കടുത്ത പോരാട്ടത്തില്‍ അവന്‍ മാതാപിതാക്കളുടെ ഒപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്‌. അവന്‍ നമ്മുടെയൊക്കെ മകനോ, അനിയനോ, കൂട്ടുകാരനോ ആണ്‌. ഫീസ്‌ കുടിശ്ശികയായതിനെത്തുടര്‍ന്ന്‌ പഠനം തുടരാനാവാത്ത അവസ്ഥയിലാണ്‌ അവന്‍. ജയധരന്റെ കൃത്രിമക്കാല്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞ്‌ എക്‌സ്പെയറയിപ്പോയി. ഇനി പുതിയത്‌ വാങ്ങനമെങ്കിലും പണം വേണം.

സഹായഭ്യര്‍ത്ഥനയുടെ ധാരാളം കള്ളത്തരങ്ങള്‍ കണ്ടറിഞ്ഞിട്ടുള്ള എനിക്ക്‌ ജയധരന്റെ കൈയക്ഷരത്തില്‍ സത്യം മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളു. സാമ്പത്തിക സഹായം തികച്ചും അര്‍ഹിക്കുന്ന ഒരു മനുഷ്യന്റെ വേദനയെ ഇങ്ങനെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്‌ ശരിയാണോ എന്ന്‌ എന്റെ മനസ്സിനോട്‌ പല തവണ ചോദിച്ചു. അദ്ദേഹത്തെ പരിമിതമായ അളവില്‍ സഹായിക്കുവാന്‍ കഴിയുമെങ്കിലും, ആ പാവത്തിന്റെ ആവശ്യം അത്ര ചെറുതല്ലാത്തതുകൊണ്ട്‌ ഈ വിഷയത്തെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി അവതരിപ്പിച്ചതാണ്‌. പൊറുക്കുക. ഇതില്‍, ജയധരന്റെ മനസ്സ്‌ അപമാനം കൊള്ളുകയോ വേദനിക്കുകയോ ചെയ്യില്ലെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. ഒപ്പംതന്നെ നിങ്ങളുടെ കരുണാവായ്പിനായി വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കുറ്റങ്ങളും കുറവുകളും പിരിമുറുക്കങ്ങളും സങ്കടങ്ങളുമെല്ലാം പലയളവില്‍ സ്വന്തമായുള്ള സാധാരണ മനുഷ്യരാണ്‌ നാമെല്ലാം. പ്രിയപ്പെട്ടവരായ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും, കഴിയുന്ന സാമ്പത്തിക സഹായം ചെയ്ത്‌ ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയുമെങ്കില്‍ എന്റെ ശ്രമം ഒരളവില്‍ വിജയിച്ചു എന്ന്‌ കരുതാം.അതുകൊണ്ട്‌ പ്രിയരേ... കഴിയുന്നവര്‍ (എത്ര ചെറുതായാലും അത്രയുമെങ്കിലും) നിങ്ങളുടെ സഹായം തഴെക്കാണുന്ന അക്കൗണ്ടില്‍ അയച്ചുകൊടുത്താല്‍ ഒരു നന്മയില്‍ സ്വമേധയാ പങ്കാളിയായി എന്ന്‌ നിങ്ങളുടെ മനസ്സെങ്കിലും പറയും.
ഉപേക്ഷയില്ലാതെ ഒരു നിമിഷം ചിന്തിക്കുക... ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

Account Number:

Savy E. Lonappan,
I C I C I Bank A/c. No. 003501035815

ജയധരന്റെ മേല്‍വിലാസം:

Jayadharan. S. N.
Riviera CHS Ltd. C-Wing Room No. 203,
Lodha Heaven,
Dombivli (E), Thane (Dist.) ,
Maharashtra.

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്‌നേഹത്തോടെ... നിങ്ങളുടെ - പി. ശിവപ്രസാദ്‌

10 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അദ്ദേഹത്തെ പരിമിതമായ അളവില്‍ സഹായിക്കുവാന്‍ കഴിയുമെങ്കിലും, ആ പാവത്തിന്റെ ആവശ്യം അത്ര ചെറുതല്ലാത്തതുകൊണ്ട്‌ ഈ വിഷയത്തെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി അവതരിപ്പിച്ചതാണ്‌. പൊറുക്കുക. ഇതില്‍, ജയധരന്റെ മനസ്സ്‌ അപമാനം കൊള്ളുകയോ വേദനിക്കുകയോ ചെയ്യില്ലെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. ഒപ്പംതന്നെ നിങ്ങളുടെ കരുണാവായ്പിനായി വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഉപേക്ഷയില്ലാതെ ഒരു നിമിഷം ചിന്തിക്കുക... ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

Anonymous said...

പ്രിയ ശിവപ്രസാദ്,
ആ കത്ത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതു നന്നായി എന്നു കരുതുന്നു. ഒരു സഹജീവിയോടുള്ള അനുകമ്പ നല്ലതാണ്‍ പക്ഷെ എല്ലാത്തിനെയും നെഗറ്റീവായി കാണാനും ചിന്തിപ്പിക്കാനും പോന്ന കാര്യങ്ങളാണ്‍ നെറ്റിലിപ്പോഴുള്ളതു. പലതിനും ചാടിപ്പുറപ്പെട്ടിട്ട് അവസാനം അതൊക്കെ വ്യാജമാണെന്നു കണ്ടപ്പോഴുണ്ടായ മനസ്സിന്റെ മരവിപ്പില്‍ നിന്നും ആണ്‍ ഇത്രയും എഴുതുന്നത്. കഴിയുന്നതും നേരിട്ടറിവില്ലാത്ത കാര്യങ്ങള്‍ക്കു ഇറങ്ങി പുറപ്പെടരുതെന്നാണ്‍ എന്റെ മനസ്സു പറയുന്നതു. അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരോ/ലൊക്കേഷനോ (ഈ മേല് വിലാസമല്ല്ലാതെ)കൂടെ ലഭ്യമാവുമെന്റ്കില്‍ നമ്മുടെ ബ്ലോഗില്‍ മുംബായ് വാസികളായ ആരെങ്കിലും അന്വെഷിച്ച് നിജസ്ഥിതി അറിയിച്ചാ‍ല്‍ തീറ്ച്ചയായും കഴിയുന്നപോലെ സഹായം എത്തിയ്ക്കാം. അതുപോലെ Savy E. Lonappan നും Jayadharan നും തമ്മിലുള്ള ബന്ധവും നമുക്കു അജ്ഞാതമാണ്‍. ഇതു തികച്ചും എന്റെ വ്യക്തിപരമായ കാഴ്ച്കപ്പാടാണ്‍. ശിവപ്രസാദിന്റെ ഉദ്യമങ്ങളെ ഒരിക്കലും ഇതു പിറകോട്ടു വലിക്കുന്നതാകരുത്. സഹായിക്കാന്‍ ആള്‍ക്കാര്‍ മുന്നോട്ടു വരട്ടെ.

chithrakaran ചിത്രകാരന്‍ said...

പ്രിയ ശിവപ്രസാദ്‌, താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ബഹുമാനിക്കുന്നു. സഹതാപം ഒരുനേരത്തെ ഭക്ഷണത്തിനപ്പുറം പണമായി നല്‍കുന്നതും, സ്വീകരിക്കുന്നതും തെറ്റാണെന്നാണ്‌ ചിത്രകാരന്റെ വിശ്വാസം. പ്രതേകിച്ച്‌ അക്വൌണ്ടിലേക്ക്‌ പണമയക്കുന്നതും മറ്റും ശരിയല്ലെന്നൊരു തോന്നല്‍. മുബൈയിലെ വല്ല സുഹൃത്തുക്കള്‍ മുഖേന അവരില്‍ ആര്‍ക്കെങ്കിലും വല്ല തൊഴിലും വാങ്ങി കൊടുക്കാനുള്ള ശ്രമമാണ്‌ ഉചിതമായിരിക്കുക. പണമാണ്‌ എല്ലാറ്റിന്റെയും പരിഹാരമാര്‍ഗമെന്ന നമ്മുടെ പൊതു തെറ്റിദ്ധാരണ കലാസാഹിത്യരഗത്തുള്ളവരെങ്കിലും മനസിലാക്കണമെന്ന് സവിനയം, സസ്നേഹം അഭ്യര്‍ത്ഥിക്കട്ടെ.
വിയര്‍ക്കാതെ ലഭിക്കുന്ന പണം പൊതുവെ ആ കുടുംബത്തിന്റെ ആത്മാഭിമാന തകര്‍ച്ചക്ക്‌ കാരണമായേക്കാം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നന്ദുവിന്റെ സംശയം സ്വാഭാവികമാണെന്നറിയാം. ജയധരന്റെ കത്തില്‍ ഫോണ്‍ നമ്പരുണ്ട്‌. സംഭവം സത്യമാണെന്നതിന്റെ സാക്ഷ്യങ്ങളായി അദ്ദേഹത്തിന്റെ ഫോട്ടോ പതിച്ച (അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ) വികലാംഗ സര്‍ട്ടിഫിക്കറ്റും മകന്റെ മാര്‍ക്‌ക്‍ലിസ്റ്റിന്റെ ഫോട്ടോ കോപ്പിയും കത്തിനൊപ്പമുണ്ട്‌. സംശയിച്ചുതുടങ്ങിയാല്‍പ്പിന്നെ സ്വന്തം കൈകളെപ്പോലും നമുക്ക്‌ വിശ്വസിക്കാനാവില്ല എന്നതല്ലേ സത്യം?

ചിത്രകാരന്റെ ആദര്‍ശത്തോട്‌ ബഹുമാനം തോന്നുന്നു. പ്രാവര്‍ത്തികമായിക്കിട്ടാന്‍ ബുദ്ധിമുട്ടുള്ള അത്യുന്നതങ്ങളിലെ ആദര്‍ശങ്ങളെക്കാള്‍, കൈത്തുമ്പിലെത്തുന്ന കാരുണ്യമാണ്‌ എനിക്ക്‌ പ്രധാനമായി തോന്നിയത്‌. സഞ്ചരിക്കാനാവാത്ത ഒരാളിന്റെ പരിമിതികള്‍, പഠനം നിലച്ചുപോയാല്‍ ആ കുഞ്ഞനുജനുണ്ടായേക്കാവുന്ന മാനസികപ്രശ്നങ്ങള്‍... പട്ടിനി! ഇവയ്ക്കുമുന്നില്‍ അര്‍ത്ഥശാസ്ത്രവും മാനക്കേടും മുഖംകാണിക്കുക പ്രയാസമാണ്‌. സമീപത്തുള്ള നന്മയെന്ന യാഥാര്‍ത്ഥ്യത്തെ കൈയൊഴിഞ്ഞ്‌ വരാനുള്ള സ്വപ്നത്തെ മാത്രം നോക്കിയിരിക്കുന്നത്‌ ശരിയാണെന്ന്‌ തോന്നുന്നുമില്ല.

ചിത്രകാരന്റെ ആദര്‍ശം നടപ്പായാല്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ എക്കാലവും പട്ടിണികിടക്കേണ്ടിവരും. ചെയ്യാനൊരു തൊഴിലില്ലാത്തവരുടെ കാര്യം നാം എങ്ങനെ പരിഹരിക്കും?

ഇതൊക്കെ എന്റെ ചിന്തകളാണ്‌. ആരെയും കുറ്റപ്പെടുത്തലല്ല.

വേണു venu said...

പ്രിയ ശിവപ്രസാദു്, വായിച്ചു. ഏതൊരു മനുഷ്യന്‍റെയും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്ത ചിത്രമാണു് താങ്കള്‍ പകര്‍ത്തിയിരിക്കുന്നതു്.
സംശയങ്ങള്‍ക്കോ സഹതാപത്തിനോ ആത്മാഭിമാനമെന്നു പറയുന്ന മിഥ്യക്കോ സ്ഥാനം ഞാന്‍ ഇവിടെ കാണുന്നില്ല.
ശിവപ്രസാദ്ജീ തുടര്‍ന്നു് അറിയിക്കുക, എങ്ങനെ സഹായിക്കാനുദ്ധേശിക്കുന്നു എന്നു്.

പ്രിയപ്പെട്ട ചിത്രകാരാ, പണത്തിനു പകരം പണമല്ലാതെ ഒന്നുമില്ലെന്നെന്‍റെ അനുഭവങ്ങള്‍ .
അതു സാഹിത്യത്തിലായാലും,
സിനിമയിലായാലും മറ്റേതു വ്യാപാര മേഖലയിലായാലും.
ഉദാഹരണങളുമായി കൈനീട്ടി നില്‍ക്കുന്ന
ചിത്രങ്ങള്‍ ഒത്തിരി.

chithrakaran ചിത്രകാരന്‍ said...

പ്രിയ വേണു,
വ്യപാരവല്‍ക്കരിക്കപ്പെടാത്ത കലയുടെയും, സാഹിത്യത്തിന്റെയും, മനുഷ്യത്വത്തിന്റെയും പേരിലാണ്‌ സിവപ്രസാദ്‌ തന്റെ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്‌ എന്ന സത്യം ശ്രീ വേണു മറക്കരുത്‌. അദ്ദേഹത്തിന്റെ ഉദ്ദേശത്തെ അവേശത്തിന്റെ പേരില്‍ അറിയാതെപോലും കച്ചവടവല്‍ക്കരിക്കാതിരിക്കുക. പണം കൊണ്ട്‌ നടക്കാത്ത പല കാര്യങ്ങളും മനുക്ഷ്യത്വം കൊണ്ട്‌ നടത്താം എന്നു തിരുത്തുക.
നല്ലൊരു കാര്യത്തിനിടക്ക്‌ വാദപ്രതിവാദമുണ്ടാക്കാനല്ല ചിത്രകാരന്റെ ശ്രമം. സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കും പണമയക്കാമല്ലോ !!! പക്ഷേ ഒരു പൊതു അഭ്യര്‍ത്ഥന വരുംബോള്‍ എല്ലാവശങ്ങളും ശ്രദ്ധിക്കപ്പെടണമെന്നെ ചിത്രകാരന്‍ പറയുന്നുള്ളു.

വേണു venu said...

പ്രിയ ചിത്രകാരാ താങ്കളുടെ ഉദ്ധേശ ശുദ്ധിയെ ഞാന്‍ മനസ്സിലാക്കുന്നു. ശ്രീ.ശിവപ്രസാദെന്ന വ്യക്തിയെ ബ്ലൊഗിലൂടെ അറിയാവുന്നതു കൊണ്ടും അദ്ധേഹം കാര്യ കാരണമോ മതിയായ തെളിവുകളോ ഇല്ലാതെ ഇങ്ങനെ ഒരപേക്ഷ വയ്ക്കില്ലെന്നു് ഞാന്‍ വിശ്വസിക്കുന്നു.
മനുഷ്യത്വം കൊണ്ട്‌ നടത്താം എന്നു തിരുത്തണ്ട ആവശ്യമില്ല, അതു ശരിയ്ക്കനുഭവിച്ചറിഞ്ഞിട്ടുള്ളതു കൊണ്ടു് തന്നെ. പക്ഷേ ദൂരെ ദൂരെയുള്ള നമ്മളൊരോരുത്തവരും ആ മനുഷ്യത്വം എങ്ങനെ പ്രകടിപ്പിക്കാം എന്നാണു് ഞാന്‍ ആവ്ശ്യമറിയിച്ചതു്.
“ശിവപ്രസാദ്ജീ തുടര്‍ന്നു് അറിയിക്കുക, എങ്ങനെ സഹായിക്കാനുദ്ധേശിക്കുന്നു എന്നു്.”
ചിത്രകാരാ മനുഷ്യത്വം പണത്തിലൂടെയാണു് ആവശ്യമായി വരുന്നതെങ്കില്‍ അതു കൊടുക്കുന്നതിനോ വാങ്ങുന്നതിനോ കുഴപ്പമില്ലെന്നു് ഞാന്‍ വിശ്വസിക്കുന്നു.

Anonymous said...

ശിവപ്രസാദ്,
ഒരു വാഗ്വാദത്തിനായി പറഞ്ഞതല്ല. ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകള്‍ പലരും ചൂഷണം ചൂഷണം ചെയ്യുന്ന കാലഘട്ടമാണിപ്പോള്‍. പ്രത്യേകിച്ചും ചിത്രകാരന്‍ ചൂണ്ടിക്കാട്ടിയപോലെ അക്കൌണ്ടിലേയ്ക്കും മറ്റും. അതു കൊണ്ടാണ്‍ അതിന്റെ ദുരുപയോഗവശം ചൂണ്ടിക്കാട്ടിയതു. ഒരിക്കലും ശിവപ്രസാദിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ മുംബായില്‍ നിന്നും നമ്മുടെ ബ്ലോഗര്‍ മാരാരെങ്കിലും ഉണ്ടെങ്കില്‍ ഫോണ്‍ നംബര്‍ കൊടുക്കൂ അവര്‍ തിരക്കട്ടെ എന്നിട്ടു നമുക്കു തീര്‍ച്ചയായും കഴിവിനനുസരിച്ചു സഹായിക്കാം. നേരിട്ടൊ കളക്റ്റ് ചെയ്തൊ എങ്ങിനെ വേണേലും ചെയ്യാം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നന്ദു,

ഒരു ഫണ്ടുപിരിവ്‌ ലക്ഷ്യമാക്കിയല്ല ഞാന്‍ ഇങ്ങനെ ചെയ്തത്‌. ദമാമില്‌ നേരത്തെ എനിക്കുണ്ടായിരുന്ന സാമൂഹികപ്രവര്‍ത്തന പശ്ചാത്തലം അറിയുന്ന ആരില്‍നിന്നോ ആവണം ജയധരന്‌ എന്റെ വിലാസവും മറ്റും കിട്ടിയിരിക്കുക. ഒരു കൊല്ലം മുമ്പുവരെ (അന്നത്തെ മെച്ചപ്പെട്ട സ്വാതന്ത്ര്യ വിനിയോഗത്താല്‍) ധാരാളം പേര്‍ക്ക്‌ പലതരത്തില്‍ സഹായങ്ങളെത്തിക്കാന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ല. അതുകൊണ്ട്‌ എനിക്ക്‌ കഴിയുന്ന സഹായം ചെയ്യുന്ന കൂട്ടത്തില്‍ ഈ സഹായാഭ്യര്‍ഥന ബ്ലോഗിന്റെ കവലയില്‍ പതിച്ചു എന്നേയുള്ളു. തെറ്റായി ഒന്നും സംഭവിച്ചിട്ടില്ല.

ചിത്രകാരന്റെ അഭിപ്രായമുള്ളവരും, വേണുവിന്റെ അഭിപ്രായെത്തെ മാനിക്കുന്നവരും ധാരാളമുണ്ടാവും. ജീവിചിരിക്കുമ്പോള്‍ ചെയ്യന്‍ മടിക്കുന്ന സഹായം 'വായ്ക്കരിയായി' ഉപചരിക്കുന്ന രീതി എനിക്ക്‌ താല്‍പ്പര്യമുള്ളതല്ല. അങ്ങനെ കിട്ടുന്ന പരലോകപുണ്യവും എനിക്കു വേണ്ട.

"പഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ്‌
സേതുബന്ധനോദ്യോഗമെന്തെടോ?" - എന്ന്‌ നമ്മള്‍ സോപാനം പാടിയതുകൊണ്ടോ, അനുശോചനം പറഞ്ഞതുകൊണ്ടോ ആവശ്യക്കാരന്റെ 'വയറുകത്തുന്നതിന്‌' പരിഹാരമല്ലല്ലോ!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സ്‌നേഹിതരേ,
ജയധരനെ സഹായിക്കുവാന്‍ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ വേഗം അങ്ങനെ ചെയ്യുക. എന്റെ നിലയ്ക്കുള്ളത്‌ ഞാന്‍ ചെയ്യുന്നു. വേണുവിനും അങ്ങനെ ചെയ്യാം. വിശ്വാസത്തെ ഹനിച്ചുകൊണ്ട്‌ ആരും ഒന്നും ചെയ്യരുത്‌. കാരണം വിശ്വാസങ്ങള്‍ക്കുവേണ്ടിയാണല്ലോ നമ്മളുടെ ജീവിതം തന്നെ.

എല്ലാവര്‍ക്കും നന്ദി.