കവിത: പി. ശിവപ്രസാദ്
ഇങ്ങേയറ്റം തിക്കിയുറപ്പിക്കുമ്പോള്‍
തൂണും യന്ത്രങ്ങളും കരുതും
മറുകരയിലും ആരോ പണിയുന്നുണ്ടെന്ന്.
പണിതുയര്‍ത്താത്ത തൂണുകളായി
ഏതൊക്കെയോ ശൂന്യതകള്‍
എല്ലാ പാലങ്ങളെയും ഉലയ്ക്കുന്നുണ്ട്.
ഉപ്പും വിയര്‍പ്പും ചോരച്ചവര്‍പ്പും
സിമന്റിലിറ്റിച്ച് നീറ്റിക്കുഴച്ച്
കരയുടെ കരളുറപ്പേറ്റുമ്പോള്‍
ആള്‍ക്കൂട്ടം ആവികയറ്റിയ കപ്പലുകള്‍
നങ്കൂരമിടുന്ന പണിയിടങ്ങളിലെ
തുറമുഖങ്ങളെ ആര്‍ക്കും മറക്കാം.
അവിടത്തെ ചളിയും ചണ്ടിയും
മീന്‍നാറ്റവും ദയാവായ്പ്പും മറക്കാം.
രതിപീഢകളുടെ വായ്‌നാറിപ്പേച്ചുകളെ
ആവോളം വിഴുപ്പുള്ള വാക്കുകളാല്‍ പഴിക്കാം.
എന്നാല്‍...
ചരിത്രപുസ്തകമാവാന്‍ ചമയമിടുന്ന
ഷൈലോക്കിന്റെ ആസനച്ചിരികള്‍
കടലിനും പാലത്തിനും മനസ്സില്ലവാതിരിക്കില്ല.
ജലോപരി ഒഴുകുന്ന ചങ്ങാടങ്ങളല്ല
ചെളിയാഴങ്ങളിലുറപ്പിച്ച കാലുകളാണ്
പാലത്തെ ഒരാള്‍രൂപമാക്കുന്നത്.
ഇരുപാടും കൈകള്‍ നീട്ടിനീട്ടി
കടലിന്റെ കുപ്പായ ഞൊറിവുകളില്‍
അളവെടുക്കുന്ന തുന്നല്‍ക്കാരന്‍.
അപ്പോള്‍ ഇളകിച്ചിരിച്ച് അവള്‍ പറയും:
നക്ഷത്രങ്ങളെ ഇഞ്ചോടിഞ്ച് ഒട്ടിച്ചുവെയ്ക്കണം
മുത്തും പവിഴവും മുനപ്പുകളില്‍ തുന്നിച്ചേര്‍ക്കണം
മീനുകള്‍ക്ക് ഒളിക്കാനും സാറ്റ് പറയാനും
ചുഴിക്കൂടുകളും വാതിലും വേണം
ഉദിക്കാനും തവിയാനും യവനികകള്‍
നിറവര്‍ണ്‌ണങ്ങളില്‍ നിവരണം.
തുന്നല്‍ക്കാരന്‍ മിന്നല്‍ക്കത്രിക ചിന്നിച്ച്
കുഴഞ്ഞഴിയുന്നവളുടെ മുടിച്ചന്തം നോക്കി
അനങ്ങാതങ്ങനെ നില്‍ക്കുമ്പോള്‍
ഒളിപ്പോരാളികള്‍ കൊടിപ്പടങ്ങളുമായി
അന്തിയോട് പിണങ്ങിക്കയര്‍ക്കും.
സൂചിത്തുളകളിലൂടെ ധനികവൃന്ദം
സൂര്യമണ്ഡലത്തില്‍ പ്രവേശിക്കും.
പണിഞ്ഞുതീരാത്ത പാലത്തിന്റെ
കൈവരിയിലെത്തി രാവും പകലും
പ്രതിമുഖം തിരയുമ്പോള്‍
യാത്രക്കാരന്റെ സന്ദേഹത്തില്‍
അനാഥജഢത്തിന്റെ കൈവിരല്‍ നീളുന്ന
മറുകരയെത്താത്ത പാലം മാത്രം.
കടലിടുക്കിന്റെ അക്കരെയിക്കരെ
മനോജീവിതത്തിന്റെ
ബ്ലൂപ്രിന്റ് മറന്നുവെച്ചതാരാവാം?
കത്തിമുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ
മൃതജീവിയുടെ ആത്മാവുപേറി
അടുപ്പമകല്‍ച്ചകളില്‍ അലയുന്നതാരാവാം?
എന്തായാലും അത് കടലോ പാലമോ ആവില്ല.
പിന്നെ...!
പറഞ്ഞില്ലേ?
അപൂര്‍ണതയുടെ കാലുകളോടെ യാത്രക്കാര്‍...
അവര്‍ അളന്നുനടക്കുന്ന
ഏതൊക്കെയോ ശൂന്യതകള്‍!
000
4 comments:
ആള്‍ക്കൂട്ടം ആവികയറ്റിയ കപ്പലുകള്‍
നങ്കൂരമിടുന്ന പണിയിടങ്ങളിലെ
തുറമുഖങ്ങളെ ആര്‍ക്കും മറക്കാം.
അവിടത്തെ ചളിയും ചണ്ടിയും
മീന്‍നാറ്റവും ദയാവായ്പ്പും മറക്കാം.
രതിപീഢകളുടെ വായ്‌നാറിപ്പേച്ചുകളെ
ആവോളം വിഴുപ്പുള്ള വാക്കുകളാല്‍ പഴിക്കാം.
എന്നാല്‍...
ചരിത്രപുസ്തകമാവാന്‍ ചമയമിടുന്ന
ഷൈലോക്കിന്റെ ആസനച്ചിരികള്‍
കടലിനും പാലത്തിനും മനസ്സില്ലവാതിരിക്കില്ല.
ശൂന്യതകള്‍ (കവിത)
ബിംബകല്പനകളുടെ മഹാസമുദ്രത്തിനു കുറുകെ ഭാവനയുടെ കാലുകളുറപ്പിച്ച് കവിതയുടെ പാലം പണിയുന്ന പ്രിയ കവീ അഭിനന്ദനങ്ങള്‍.
“അപ്പോള്‍ ഇളകിച്ചിരിച്ച് അവള്‍ പറയും:
നക്ഷത്രങ്ങളെ ഇഞ്ചോടിഞ്ച് ഒട്ടിച്ചുവെയ്ക്കണം
മുത്തും പവിഴവും മുനപ്പുകളില്‍ തുന്നിച്ചേര്‍ക്കണം
മീനുകള്‍ക്ക് ഒളിക്കാനും സാറ്റ് പറയാനും
ചുഴിക്കൂടുകളും വാതിലും വേണം
ഉദിക്കാനും തവിയാനും യവനികകള്‍
നിറവര്‍ണ്‌ണങ്ങളില്‍ നിവരണം. “
തിരയൊടുങ്ങാത്ത കടലു പോലെ ചക്രവാളമില്ലാത്ത ആശകളും മാനവ മനസ്സിനെ എന്നും വ്യഥാപൂര്‍ണ്ണമാക്കുന്നു.
“പണിഞ്ഞുതീരാത്ത പാലത്തിന്റെ
കൈവരിയിലെത്തി രാവും പകലും
പ്രതിമുഖം തിരയുമ്പോള്‍
യാത്രക്കാരന്റെ സന്ദേഹത്തില്‍
അനാഥജഢത്തിന്റെ കൈവിരല്‍ നീളുന്ന
മറുകരയെത്താത്ത പാലം മാത്രം.“
ഒടുവിലെല്ലാ പ്രയത്നങ്ങളും വ്യര്‍ഥം,നിരാശാജനകം, ശൂന്യം.......
കവിത നന്നായി.അഭിനന്ദനങ്ങള്‍.
പണിതുയര്‍ത്താത്ത തൂണുകളായി
ഏതൊക്കെയോ ശൂന്യതകള്‍
എല്ലാ പാലങ്ങളെയും ഉലയ്ക്കുന്നുണ്ട്.
കടലിടുക്കിന്റെ അക്കരെയിക്കരെ
മനോജീവിതത്തിന്റെ
ബ്ലൂപ്രിന്റ് മറന്നുവെച്ചതാരാവാം?
കത്തിമുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ
മൃതജീവിയുടെ ആത്മാവുപേറി
അടുപ്പമകല്‍ച്ചകളില്‍ അലയുന്നതാരാവാം?
കവിത ഇഷ്ടമായി..മനോഹരം!!
മനോഹരം..
Post a Comment