കവിത:
ഒരിക്കല്‍....
ബോധയാത്രയില്‍ നിന്ന് തിരിച്ചെത്തിയ
കവിസുഹൃത്ത്
ഒരുപിടി ഉരുളന്‍ കല്ലുകള്‍ തന്നു.
ക്രോധമുനകള്‍ തേഞ്ഞുരഞ്ഞ്
യതിമൗനങ്ങളുറഞ്ഞ കല്ലുകള്‍.
'ഇവ ഗംഗയുടേതായതിനാല്‍ അശുദ്ധ'മെന്ന്
അവന്റെ മൊഴി.
'സരയുവിലും യമുനയിലുംപമ്പയിലുമുള്ളത്
ഒരേ ദേവമാലിന്യ'മെന്ന്
അവന് മൂക്കുപൊത്തി.
കാമുകിയുടെ ഒളിക്കത്തിനുമേല്‍
കളഞ്ഞുപോയ സ്നേഹംപോലെ
ഓര്‍മയില്‍ അവ സ്ഖലിച്ചടര്‍ന്നും
ഉണര്ച്ചയില് ദേഹീവിലാപമാര്‍ന്നും
ഇരുട്ടില്‍ ആരുടെയോ കണ്ണുകളായും
എന്നെ പുകകൊണ്ട് ചുറ്റിവരിഞ്ഞും...
ഉറക്കത്തിലെ മലകയറ്റം
ഞങ്ങളൊന്നിച്ചായിരുന്നു.
ആരോ ഉരുട്ടിക്കയറ്റുന്ന
പെരുതായ പാറകളായി അവ.
ഏറ്റമിറക്കങ്ങള്‍ക്കിടയില്‍
മലമുനമ്പിന്റെ അതിരില്‍
മരണം തോല്‍പ്പാവക്കൂത്തിന്
സൂത്രധാരനായൊരുങ്ങുമ്പോള്‍
കൂര്‍ത്ത കൊക്കുകൊണ്ട്
ഇരയെ ലാളിക്കുന്നത്
ഗരുഢനായിരുന്നു.
ചിറകുകളുടെ രാക്ഷസച്ഛായയില്‍
തൂവല്‍ക്കുരുന്നായി ഒരു പ്രാവ്!
കടലോരത്ത് കവിയോടൊപ്പാം
തിരയെണ്ണി നടക്കുമ്പോള്‍
കൊടുങ്കാറ്റടങ്ങിയ തീരം
കിനാവുകണ്ട് ചിരിച്ചു.
അവന് വചനമുതിര്ത്തപ്പോള്
ആകാശം കുഞ്ഞുമാലാഖമാരെ പെറ്റു.
തമ്പണഞ്ഞ് കവിത മൂളിയപ്പോള്‍
തകിലുണര്‍ത്തിയ രാത്രിയെ ശീലുകളാക്കി
നക്ഷത്രങ്ങള്‍ പെയ്തു.
നോവിന്റെ ആയിരം തീമലങ്കാറ്റുകള്
ഇടനെഞ്ചിലടക്കിയ സമുദ്രം
ആലാപനത്തില്‍ ഉപ്പ് കലര്‍ത്തി.
അണപൂട്ടിയ നിത്യസങ്കടങ്ങളില്‍
കണ്ണുനീര് ചോരയായ് ചുറഞ്ഞു.
അവന് പാടി:
'എല്ലാം മറക്കാം ഇനിയെന്റെ കൂട്ടരേ...
വല്ലായ്ക വറുതികള്‍ പകലിരവു പേടികള്‍
കുന്തമുന ചാപിള്ള കുരുനിലച്ചോരകള്‍
മിഴിപൊത്തിയകലുന്ന മാതൃദൈന്യങ്ങള്‍.
സ്വന്തമുടല്‍ എരിവിളക്കാക്കിയ പാട്ടുകള്‍
പന്തം കൊളുത്തി നാം പടയേറ്റ രാവുകള്‍
എങ്ങോ മറഞ്ഞതാം കൊന്നതന്‍ വേവുകള്
ഇന്നും മുഴങ്ങുന്നു നെഞ്ചിലും കാതിലും.'
ഒടുവില്‍..
പുണ്യം തിരയുന്ന ഭിക്ഷാടകന്റെ
ഒഴിഞ്ഞ സ്വപ്നപാത്രത്തില്‍
നാണയങ്ങള്‍ക്കൊപ്പം കിലുങ്ങി
ആ കല്ലുകളും ഗംഗതേടിയലഞ്ഞു.
എങ്കിലും...
ഉപബോധത്തിന്റെ മുനമ്പുകളില്
ആരാലും നയിക്കപ്പെടാതെ
അവ ഇപ്പോഴും കയറിയിറങ്ങുന്നു
കുത്തിനോവിച്ചും കുതറിയും
ആയിരം മുനകളോടെ.
000
14 comments:
കടലോരത്ത് കവിയോടൊപ്പാം
തിരയെണ്ണി നടക്കുമ്പോള്‍
കൊടുങ്കാറ്റടങ്ങിയ തീരം
കിനാവുകണ്ട് ചിരിച്ചു.
അവന് വചനമുതിര്ത്തപ്പോള്
ആകാശം കുഞ്ഞുമാലാഖമാരെ പെറ്റു.
തമ്പണഞ്ഞ് കവിത മൂളിയപ്പോള്‍
തകിലുണര്‍ത്തിയ രാത്രിയെ
ശീലുകളാക്കി നക്ഷത്രങ്ങള്‍ പെയ്തു.
(കവിത): ഗംഗയിലെ കല്ലുകള്‍
കവിതകള്‍ വായിക്കാറുണ്ടെങ്കിലും ഇതു വരെ ഞാന്‍ ഇവിടെ എഴുതിയിട്ടില്ല.
വാക്കുകളുടെ അതി മനോഹരമായ ലോകം ഞാന്‍ ഇവിടെ കാണുന്നു.കൂടുതല്‍ പറഞ്ഞ് അതിന്റെ ഭംഗി ഞാന്‍ കളയുന്നില്ല. അഭിനന്ദനങ്ങള്‍.
ഗംഗയിലെ കല്ലുകള്‍ വായിച്ചു. അഭിനന്ദിക്കാന്‍ മാത്രമേ അറിയൂ..നിരൂപിക്കാന്‍ ആളല്ല, അര്‍ഹതയുമില്ല. ആമോദത്തിന്റെ ഒരുപിടിപ്പൂക്കള്‍!
വളരെ നന്ദി അനംഗാരി മാഷേ.
നിങ്ങളൊക്കെ ഇത് വായിക്കുന്നതു തന്നെ സന്തോഷം.
സിയയുടെ 'ഡസ്ക് ടോപ്' നന്നായി പോകുന്നുണ്ടോ? ഈ കവിത വായിച്ചതിലുള്ള സ്നേഹം അറിയിക്കട്ടെ.
ഒരു സീരിയസ് ബ്ലോഗിലെത്തിയ സന്തോഷം. എപ്പോഴും വായിക്കാറുണ്ട്...
anony riz...!
വായിക്കാറുണ്ട് എല്ലാം :)
ബോധം-ക്രോധത്തിന്റെ തേയ്മാനം
ആകാശം-കുഞ്ഞുമാലാഖമാരെ പെറുന്നവള്
പാട്ട്-സ്വന്തം ഉടല് എരിയിക്കുനവന്റെ വിളക്ക്
വല്ലാത്ത കാന്തികതയുണ്ട് ഈ ബിംബങ്ങള്‍ക്ക്..
നന്ദി രിസ്, സുവേച്ചി, ലാപുട...
ഞാന്‍ സന്തോഷവനാണ്. നിങ്ങള്‍ വന്നല്ലോ, കണ്ടല്ലോ.
വളരെ നന്നായിട്ടുണ്ട്
നല്ല കവിത!
ശിവപ്രസാദ്,
കവിത നന്നായി.
“ഉപബോധത്തിന്റെ മുനമ്പുകളില്
ആരാലും നയിക്കപ്പെടാതെ
അവ ഇപ്പോഴും കയറിയിറങ്ങുന്നു
കുത്തിനോവിച്ചും കുതറിയും
ആയിരം മുനകളോടെ.“ സുന്ദരമായ വരികള്‍.
ഒ:ടോ: കൊല്ലം ജില്ലയുടെ ബ്ലോഗൂം അസംഘടിതയും കാരണം എന്റെ പേരു മാറ്റി “ചെകുത്താന് നന്ദു” എന്നിടേണ്ടി വരുമെന്നു തോന്നുന്നു.
താങ്കളുടെ കവിതകള്‍ ബിംബ സമൃദ്ധമാണ്.എന്നാല്‍ ആശയപരമായി അതൊരു സങ്കീര്‍ണത/ദുരൂഹത പുലര്‍ത്തുന്നുണ്ട്.ആശയപരമായി മനഃപൂര്‍വം(?) സൃഷ്ടിക്കുന്ന ഈ അക്ലിഷ്ടത കാരണം പലപ്പോഴും എനിക്ക് കവിത ആസ്വദിക്കാന്‍ കഴിയാതെ പോവുന്നു.അതാണ് കമന്റിടാത്തത്.
qw_er_ty
Post a Comment